തിരുവനന്തപുരം: അധ്യാപകന്റെ സ്പർശനം ‘ബാഡ് ടച്ച്’ ആണെന്ന് ഏഴാം ക്ലാസുകാരിയുടെ മൊഴിയെ തുടർന്ന് അധ്യാപകന്റെ ജാമ്യാപേക്ഷ കോടതി തള്ളി. സ്കൂളിലെ സംഗീത അധ്യാപകനായ ജോമോനാണ് കേസിലെ പ്രതി. പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു
തിരുവനന്തപുരം അതിവേഗ സ്പെഷൽ കോടതിയാണ് പ്രതി ജോമോന്റെ ജാമ്യഹരജി തള്ളിയത്. മാതൃകയാകേണ്ട അധ്യാപകന്റെ പ്രവൃത്തി ന്യായീകരിക്കാനില്ല. സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുന്നതിനാൽ പ്രതി ജാമ്യത്തിന് അർഹനല്ലായെന്നും കോടതി വ്യക്തമാക്കി. അധ്യാപകനെതിരെ മറ്റൊരു വിദ്യാർഥിനിയും പൊലിസിൽ പരാതി നൽകിയിട്ടുണ്ട്.
അധ്യാപകനായ ജോമോൻ പലതവണ തന്റെ ശരീരഭാഗങ്ങളിൽ പിടിച്ചിട്ടുണ്ടെന്ന് പെൺകുട്ടി പൊലിസിൽ മൊഴി നൽകി. ഇത് ‘ബാഡ് ടച്ച്’ ആണെന്ന് തോന്നിയതിനാലാണ് പരാതിപ്പെട്ടതെന്ന് വിദ്യാർഥിനി പറഞ്ഞു. ക്ലാസ് മുറിയുടെ പുറത്തുവച്ച് കാണുമ്പോഴൊക്കെ ഇഷ്ടമാണെന്ന് തന്നോടും കൂട്ടുകാരിയോടും അധ്യാപകൻ പറഞ്ഞിട്ടുണ്ടെന്നും വിദ്യാർഥിനി പരാതിയിൽ പറയുന്നു.
എന്നാൽ താൻ നിരപരാധിയാണെന്നും ഈ കേസുമായി ബന്ധവുമില്ലെന്നും ചൂണ്ടിക്കാട്ടി ഇയാൾ കോടതിയിൽ ജാമ്യാപേക്ഷ നൽകുകയായിരുന്നു. അതേസമയം, കുറ്റകൃത്യം അംഗീകരിക്കാനാവില്ലെന്നും മറ്റൊരു പരാതി കൂടി നിലനിൽക്കുന്ന സാഹചര്യത്തിൽ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു.
Comments are closed for this post.