
വിപണിയിലെത്താന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ടാറ്റയുടെ ‘കൊമ്പന്’ ഹാരിയറിന്റെ പുതിയ നിറഭേദങ്ങള്‍ പുറത്ത്. കാലിസ്റ്റോ കോപ്പര്‍, തെര്‍മിസ്റ്റോ ഗോള്‍ഡ്, ഏരിയല്‍ സില്‍വര്‍, ടെലസ്റ്റോ ഗ്രെയ്, ഓര്‍ക്കസ് വൈറ്റ് എന്നിങ്ങനെ അഞ്ചു നിറങ്ങളിലാണ് പുതിയ ഹാരിയര്‍ എസ്.യു.വി അണിനിരക്കുക. ഇതില്‍ കാലിസ്റ്റോ കോപ്പര്‍ പതിപ്പിനെ മാത്രമാണ് വിപണി ഇതുവരെ കണ്ടിരുന്നത്. ഔദ്യോഗിക വരവ് മുന്‍നിര്‍ത്തി എസ്യുവിയുടെ മുഴുവന്‍ നിറപ്പതിപ്പുകളും ഡീലര്‍ഷിപ്പുകളില്‍ ഉടന്‍ പ്രദര്‍ശനത്തിനെത്തും.
ആഗോള എസ്.യു.വി.യായ റേഞ്ച് റോവറില്‍നിന്ന് കടമെടുത്ത സാങ്കേതികതയാണ് ഹാരിയറിനെ വ്യത്യസ്തമാക്കുന്നത്. രൂപത്തിലും ആ തലയെടുപ്പ് ഹാരിയറില്‍ പ്രകടം.
ജീപ്പ് കോംപസ്, എക്സ്യുവി 500 എന്നിവരുമായി മത്സരിക്കുന്ന ഹാരിയര്‍ ടാറ്റയുടെ ഏറ്റവും നൂതന ഇംപാക്ട് 2.0 ഡിസൈന്‍ ഭാഷയിലുള്ള ആദ്യ വാഹനമാണ്.
ടാറ്റ പ്രത്യേകം പരിഷ്കരിച്ച ഫിയറ്റ് എഞ്ചിനാണ് എസ്യുവിയില്. എഞ്ചിന് 138 bhp കരുത്തും 350 Nm torque ഉം പരമാവധി സൃഷ്ടിക്കും. ജീപ്പ് കോമ്പസിലും ഇതേ എഞ്ചിനാണ്.
അഞ്ചു സീറ്ററിനൊപ്പം ഏഴു സീറ്റര്‍ പതിപ്പിനെയും അണിയറയില്‍ കമ്പനി ഒരുക്കുന്നുണ്ട്. ഒപ്റ്റിമല്‍ മോഡ്യുലാര്‍ എഫിഷ്യന്റ് ഗ്ലോബല്‍ അഡ്വാന്‍സ്ഡ് ആര്‍ക്കിടെക്ചറാണ് ഹാരിയറില്‍ കമ്പനി നല്‍കുന്നത്. ഹാരിയറിന്റെ വില കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും, നിരത്തിലെത്തുമ്പോള്‍ 13 മുതല്‍ 18 ലക്ഷം രൂപവരെയാകും വില പ്രതീക്ഷിക്കുന്നത്.