
ഇന്ത്യയില്‍ നിര്‍മിക്കുന്ന ഏറ്റവും സുരക്ഷിതമായ കാറുകളുടെ പുതിയ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് ആഗോള കാര്‍ സുരക്ഷാ ഏജന്‍സിയായ ഗ്ലോബല്‍ ന്യൂ കാര്‍ അസസ്മെന്റ് പ്രോഗ്രാം (എന്‍.സി.എപി). ടാറ്റ മോട്ടോര്‍സ്, മഹീന്ദ്ര ആന്റ് മഹീന്ദ്രയുടേത് ഉള്‍പ്പെട്ട 38 ഇന്ത്യന്‍ കാറുകള്‍ക്കാണ് ഏജന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. ആഗോള എന്‍.സി.എ.പി പട്ടികയില്‍ ഇന്ത്യയിലുള്ള ടോപ് 10 ലിസ്റ്റിലുള്ള 8 കാറുകള്‍ ഇതാ:
1. മഹീന്ദ്ര എക്സ്.യു.വി 300
എന്‍.സി.എപി മാനദണ്ഡപ്രകാരം ഇന്ത്യന്‍ നിരത്തിലുള്ള ഏറ്റവും സുരക്ഷിതമായ കാര്‍ മഹീന്ദ്ര എക്സ്.യു.വി 300 ആണ്. ഗ്ലോബര്‍ എന്‍.സി.എപി പട്ടികയില്‍ 2014 മുതല്‍ ഈ സ്ഥാനം നിലനിര്‍ത്തിപ്പോരുന്നു.
മുതിര്‍ന്നവരുടെ അപകട സുരക്ഷയുടെ (അഡല്‍റ്റ് ഒക്യുപെന്റ് പ്രൊട്ടക്ഷന്‍) കാര്യത്തില്‍ അഞ്ച് സ്റ്റാറുകളും കുട്ടികളുടെ സുരക്ഷയുടെ കാര്യത്തില്‍ (ചൈല്‍ഡ് ഒക്യുപെന്റ് പ്രൊട്ടക്ഷന്‍) മൂന്ന് സ്റ്റാറുകളുമാണ് എക്സ്.യു.വി 300 നേടിയത്.
2. ടാറ്റ- നെക്സോണ്‍
ടാറ്റയുടെ കോംപാക്ട് എസ്.യു.വി കാറായ നെക്സോണാണ് എന്‍.സി.എ.പി പട്ടികയിലെ രണ്ടാമനെന്നു പറയാം. മുതിര്‍ന്നവരുടെ സുരക്ഷയുടെ കാര്യത്തില്‍ നാലു സ്റ്റാറുകളുടെ കുട്ടികളുടെ കാര്യത്തില്‍ മൂന്നു സ്റ്റാറുകളാണ് നെക്സോണ്‍ സ്വന്തമാക്കിയത്. 2018 ഡിസംബറിന് ശേഷം നിര്‍മിച്ച മോഡലിന് മുതിര്‍ന്നവരുടെ സുരക്ഷാ കാര്യത്തില്‍ അഞ്ച് സ്റ്റാറുകള്‍ നേടാനായിട്ടുണ്ട്.
3. ടാറ്റ ടിഗോര്‍ & ടാറ്റ ടിയാഗോ
ടാറ്റയുടെ ടിഗോറും ടാറ്റ ടിയാഗോയുമാണ് മൂന്നാമത്. ഇരു കാറുകളും അഡല്‍റ്റ് ഒക്യുപെന്റ് പ്രൊട്ടക്ഷനില്‍ ഫോര്‍ സ്റ്റാറും കുട്ടികളുടെ കാര്യത്തില്‍ ത്രീ സ്റ്റാറുമാണ് നേടിയിരിക്കുന്നത്. കഴുത്തിനും തലയ്ക്കും മികച്ച സംരക്ഷണം ലഭിക്കുമ്പോള്‍ നെഞ്ചിനും അത്യാവശ്യം സുരക്ഷ ലഭ്യമാകുന്നുണ്ട്.
4. ഫോക്സ് വാഗണ്‍ പോളോ ഹാച്ച് ബാക്ക്
മുതിര്‍ന്നവര്‍ക്കുള്ള സംരക്ഷണത്തിന്റെ കാര്യത്തില്‍ ഫോര്‍ സ്റ്റാറും കുട്ടികളുടേതില്‍ ത്രീസ്റ്റാറും പോളോ നേടി. ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്സ് വാഗനാണ് പോളോ വിപണിയില്‍ എത്തിക്കുന്നത്. 1975 മുതല്‍ ഹാച്ച് ബാക്ക്, സെഡാന് തുടങ്ങിയ വിഭാഗങ്ങളിലുള്ള കാറുകള്‍ കമ്പനി വിപണിയില്‍ എത്തിക്കുന്നുണ്ട്.
5. മഹീന്ദ്ര മറാസോ
എന്‍.സി.എ.പി അടുത്തിടെ നടത്തിയ ടെസ്റ്റില്‍ മുതിര്‍ന്നവര്‍ക്കുള്ള സുരക്ഷയുടെ കാര്യത്തില്‍ ഫോര്‍ സ്റ്റാറും കുട്ടികളുടെ കാര്യത്തില്‍ ടുസ്റ്റാറും നേടിയിരിക്കുകയാണ് മഹീന്ദ്ര മറാസോ. കഴിഞ്ഞ ആറു വര്‍ഷമായി മസാരോ ഈ സ്ഥാനം നിലനിര്‍ത്തുന്നുണ്ട്.
6. ടൊയോട്ട എതിയോസ് ഹാച്ച്ബാക്ക്
ജപ്പാനീസ് കാര്‍ നിര്‍മാതാക്കളായ ടൊയോട്ട ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച സബ് കോംപാക്റ്റ് കാറാണ് എതിയോസ്. മുതിര്‍ന്നവരുടെ സുരക്ഷാ കാര്യത്തില്‍ ഫോര്‍ സ്റ്റാര്‍ നേടിയ കാര്‍ കുട്ടികളുടെ കാര്യത്തില്‍ റ്റു സ്റ്റാറാണ് ലഭിച്ചിരിക്കുന്നത്. എയര്‍ബാഗും സീറ്റ് ബെല്റ്റുമടക്കം ഉള്‍പ്പെടുത്തി ഡ്രൈവറുടെയും യാത്രക്കാരുടെയും തലയ്ക്ക് മികച്ച സംരക്ഷണം എതിയോസ് നല്‍കുന്നുണ്ട്.
7. മാരുതി സുസുകി വിറ്റാര ബ്രെസ്സ
രാജ്യത്ത് ഏറ്റവുമധികം വില്‍ക്കുന്ന കോംപാക്ട് എസ്.യു.വിയാണ് മാരുതി സുസുകിയുടെ വിറ്റാര ബ്രെസ്സ. മുതിര്‍ന്നവരുടെ സുരക്ഷയില്‍ ഫോര്‍ സ്റ്റാറും കുട്ടികളുടേതില്‍ റ്റു സ്റ്റാറുമാണ് എന്‍സിഎപി വിറ്റാര ബ്രെസ്സയ്ക്ക് നല്‍കിയിരിക്കുന്നത്.
8. ടാറ്റ സെസ്റ്റ്
2014 ഓഗസ്റ്റില്‍ ടാറ്റ മോട്ടോഴ്സ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച കോംപാക്ട് സെഡാന് വിഭാഗത്തില്‍ പെട്ട കാറാണ് ടാറ്റ സെസ്റ്റ്. മുതിര്‍ന്നവര്‍ക്കുള്ള സുരക്ഷയില്‍ ഫോര്‍ സ്റ്റാറും കുട്ടികളുടേതില്‍ റ്റു സ്റ്റാറും ടാറ്റാ സെസ്റ്റും നേടിയിട്ടുണ്ട്.