
മധുര: ഇന്ത്യയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൂടുതല്‍ ശക്തമായ നടപടികളിലേക്ക് കടന്നിരിക്കുകയാണ് തമിഴ്നാട്ടിലെ മധുര ജില്ലാ ഭരണകൂടം. വാക്സിനെടുക്കാത്തവര്‍ക്ക് ഹോട്ടലുകളിലും മാളുകളിലും ഷോപ്പിങ് കോംപ്ലക്സുകളിലും പ്രവേശനമുണ്ടാകില്ലെന്ന് ഭരണകൂടം അറിയിച്ചു.
നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിനു മുന്‍പ് ആളുകള്‍ക്ക് ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിക്കാന്‍ സമയം നല്‍കുന്നുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
മധുരയില്‍ ഏകദേശം 3 ലക്ഷത്തോളം ആളുകള്‍ ഒരു ഡോസ് കൊവിഡ് വാക്സിന് പോലും എടുത്തിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ജില്ലയില്‍ 71.6 ശതമാനം പേര്‍ക്ക് ആദ്യ ഡോസും 32.8 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും വാക്സിന് നല്‍കിയിട്ടുണ്ട്. സമയപരിധി കഴിഞ്ഞിട്ടും രണ്ടാമത്തെ വാക്സിന് എടുക്കാത്ത 3 ലക്ഷം പേര് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് ഒമൈക്രോണ്‍ കേസുകള്‍ കണ്ടെത്തിയ കര്‍ണാടകയും സമാന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. മാളുകള്‍, തിയേറ്ററുകള്‍, സിനിമാ ഹാളുകള്‍ തുടങ്ങിയ പൊതു ഇടങ്ങളില്‍ പ്രവേശിക്കുന്നതിന് രണ്ട് ഡോസ് വാക്സിനേഷന് സംസ്ഥാനം നിര്‍ബന്ധമാക്കിയിട്ടുണ്ട്.