2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സമയപരിധി ഉടന്‍ അവസാനിക്കും; വെടി നിര്‍ത്തല്‍ ദീര്‍ഘിപ്പിക്കുന്നതില്‍ തീരുമാനമായില്ല, മധ്യസ്ഥശ്രമം ഊര്‍ജ്ജിതമായി തുടരുന്നു

സമയപരിധി ഉടന്‍ അവസാനിക്കും; വെടി നിര്‍ത്തല്‍ ദീര്‍ഘിപ്പിക്കുന്നതില്‍ തീരുമാനമായില്ല, മധ്യസ്ഥശ്രമം ഊര്‍ജ്ജിതമായി തുടരുന്നു

ദോഹ: ഗസ്സയില്‍ ആറുദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ സമയപരിധി അവസാനിക്കാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ കൂടി. പ്രാദേശിക സമയം രാവിലെ ഏഴുമണിക്കാണ് (ഇന്ത്യന്‍ സമയം പകല്‍ 10.30) കരാര്‍ പ്രകാരമുള്ള വെടിനിര്‍ത്തല്‍ അവസാനിക്കുക. അതേസമയം വെടിനിര്‍ത്തല്‍ കരാര്‍ നീട്ടുന്നതില്‍ ഇതുവരെ തീരുമാനമായിട്ടില്ല. കരാര്‍ ദീര്‍ഘിപ്പിക്കാനുള്ള ഊര്‍ജിത ശ്രമത്തിലാണ് മധ്യസ്ഥത വഹിക്കുന്ന ഖത്തര്‍. ഇതിനായി ഇസ്‌റാഈലുമായും ഹമാസുമായുള്ള ചര്‍ച്ച പുരോഗമിക്കുകയാണ്.

വെടിനിര്‍ത്തല്‍ നാലുദിവസം കൂടി നീട്ടണമെന്നാണ് ഹമാസ് ആവശ്യപ്പെട്ടത്. എന്നാല്‍, ഞായറാഴ്ചക്കപ്പുറം വെടിനിര്‍ത്തല്‍ നീട്ടിക്കൊണ്ടുപോകാനാകില്ലെന്നാണ് ഇസ്‌റാഈല്‍ നിലപാട്. വെടിനിര്‍ത്തല്‍ നീട്ടുന്ന കാര്യത്തില്‍ ഉടന്‍ ധാരണയിലെത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

അതിനിടെ, വെടിനിര്‍ത്തലിന്റെ ആറാം ദിനമായ ഇന്നലെ 16 ബന്ദികളെ കൂടി ഹമാസ് മോചിപ്പിച്ചു. 10 ഇസ്‌റാഈല്‍ പൗരന്മാരെയും നാല് തായ്‌ലന്‍ഡുകാരെയും രണ്ട് റഷ്യക്കാരെയുമാണ് ഹമാസ് കൈമാറിയത്. 30 ഫലസ്തീനി തടവുകാരെ ഇസ്‌റാഈലും മോചിപ്പിച്ചു. മൊത്തം 60 ഇസ്‌റാഈലി ബന്ദികള്‍ ഇതുവരെ മോചിതരായി. ഇതിനുപുറമെ 19 തായ്‌ലന്‍ഡുകാരെയും ഒരു ഫിലിപ്പീന്‍സ് പൗരനെയും ഒരു റഷ്യന്‍ പൗരനെയും ഹമാസ് മോചിപ്പിച്ചു.

   

ആകെ വിട്ടയക്കപ്പെട്ട ഫലസ്തീനി തടവുകാരുടെ എണ്ണം 180 ആയി. ഇസ്‌റാഊല്‍ സേനക്കെതിരെ കല്ലും സ്‌ഫോടകവസ്തുക്കളും എറിഞ്ഞ കുറ്റത്തിന് അറസ്റ്റിലായവരാണ് ഏറെ പേരും. ഇസ്‌റാഈലി സൈനിക കോടതി വര്‍ഷങ്ങളോളം തടവുശിക്ഷക്ക് വിധിച്ചവരും ഇക്കൂട്ടത്തിലുണ്ട്.

അതേസമയം, വെടിനിര്‍ത്തല്‍ നടപ്പാക്കിയെങ്കിലും ആക്രമണങ്ങളില്‍ നിന്ന് പിന്‍മാറിയിട്ടില്ല ഇസ്‌റാഈല്‍. വെസ്റ്റ്ബാങ്കില്‍ വ്യാപക അറസ്റ്റാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്. ഈ ദിവസങ്ങളില്‍ 133 പേര്‍ ഇതുവരെ അറസ്റ്റിലായി. ബുധനാഴ്ച ജെനിന്‍ അഭയാര്‍ഥി ക്യാമ്പില്‍ രണ്ട് കൗമാരക്കാരെ സൈന്യം വെടിവെച്ചുകൊല്ലുകയും ചെയ്തിരുന്നു. 50ഓളം കവചിത വാഹനങ്ങളിലെത്തി വീടുകളില്‍ ഇരച്ചുകയറിയ സൈന്യം കണ്ണീര്‍വാതക, ഗ്രനേഡ് പ്രയോഗം നടത്തിയതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും ഫലസ്തീന്‍ വാര്‍ത്ത ഏജന്‍സി ‘വഫ’ റിപ്പോര്‍ട്ട് ചെയ്തു.

ഗസ്സയില്‍ വെടിനിര്‍ത്തല്‍ തുടരണമെന്നും കൂടുതല്‍ സഹായമെത്തിക്കണമെന്നും ഹമാസ് മുഴുവന്‍ ബന്ദികളെയും വിട്ടയക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടു. ഗസ്സയില്‍ സമ്പൂര്‍ണ വെടിനിര്‍ത്തലിന് അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ ആസ്‌ട്രേലിയന്‍ സര്‍ക്കാറില്‍ സമ്മര്‍ദം ശക്തമായി.

ന്യൂ സൗത്ത് വെയില്‍സിലെ 40 ലേബര്‍ പാര്‍ട്ടി ശാഖകള്‍ സമ്പൂര്‍ണ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് പ്രമേയം പാസാക്കി. ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിനെ ‘ഗസ്സയിലെ കശാപ്പുകാരന്‍’ എന്ന് വിശേഷിപ്പിച്ച തുര്‍ക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍, ലോകമെങ്ങും യഹൂദ വിരുദ്ധത വളര്‍ത്തുന്നതില്‍ അദ്ദേഹം വലിയ പങ്കാണ് വഹിക്കുന്നതെന്നും ആരോപിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.