2023 June 10 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

പെട്രോളിയം ഉല്‍പന്നങ്ങള്‍, ഗോതമ്പ് ഇറക്കുമതിക്ക് താലിബാന്‍-റഷ്യ കരാര്‍

അധികാരത്തിലെത്തി ഒരു വര്‍ഷം പിന്നിടുന്ന താലിബാന്‍ ആദ്യമായാണ് അന്താരാഷ്ട്ര കരാറിലെത്തുന്നത്

കാബൂള്‍: എണ്ണ ഉല്‍പന്നങ്ങള്‍, പ്രകൃതിവാതകം, ഗോതമ്പ് വിതരണത്തിന് അഫ്ഗാനിസ്താനിലെ താലിബാന്‍ സര്‍ക്കാരും റഷ്യയും താല്‍ക്കാലിക കരാര്‍ ഒപ്പുവച്ചു. അധികാരത്തിലെത്തി ഒരു വര്‍ഷം പിന്നിടുന്ന താലിബാന്‍ ആദ്യമായാണ് അന്താരാഷ്ട്ര കരാറിലെത്തുന്നത്. താലിബാന്‍ ഭരണകൂടത്തെ പാശ്ചാത്യ രാജ്യങ്ങളും മറ്റ് അന്താരാഷ്ട്ര എജന്‍സികളും അംഗീകരിച്ചിട്ടില്ല.

പെട്രോളിയം ഉല്‍പന്നങ്ങളും പ്രകൃതിവാതകവും ഗോതമ്പും വിലക്കുറവില്‍ ഇറക്കുമതി ചെയ്യുന്നതിന് റഷ്യയുമായി താല്‍ക്കാലിക കരാര്‍ ഉണ്ടാക്കിയതായി അഫ്ഗാന്‍ ആക്റ്റിങ് വാണിജ്യ-വ്യവസായമന്ത്രി ഹാജി നൂറുദ്ദീന്‍ അസീസി റോയിട്ടേഴ്‌സിനോട് പറഞ്ഞു. ആഗോള വിപണിയേക്കാള്‍ വിലക്കുറവില്‍ ഉല്‍പന്നങ്ങള്‍ അയക്കാമെന്ന് റഷ്യ വാഗ്ദാനം ചെയ്തതായും അന്താരാഷ്ട്ര വ്യാപാര പങ്കാളിത്തം വിപുലമാക്കാനുള്ള ശ്രമങ്ങള്‍ അഫ്ഗാന്‍ നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.

താലിബാനെ റഷ്യ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെങ്കിലും കാബൂളില്‍ എംബസി പ്രവര്‍ത്തിക്കുന്നുണ്ട്. കാബൂള്‍ പിടിക്കാനുള്ള പോരാട്ടത്തിനിടെ താലിബാന്‍ നേതാക്കള്‍ക്ക് റഷ്യ അഭയംനല്‍കുകയും ചെയ്തിരുന്നു.

റഷ്യ-താലിബാന്‍ വാണിജ്യ കരാര്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അതീവ ഗൗരവത്തോടെ കാണുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ വിലയിരുത്തല്‍. റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തിന്റെയും റഷ്യക്കെതിരായ ഉപരോധനീക്കത്തിന്റെയും പശ്ചാത്തലത്തില്‍ വിശേഷിച്ചും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.