കാബൂള്‍: വടക്കന്‍ അഫ്ഗാനിസ്ഥാനില്‍ എണ്ണ ഖനനത്തിന് താലിബാന്‍ സര്‍ക്കാരും ചൈനീസ് കമ്പനിയും കരാര്‍ ഒപ്പുവയ്ക്കും. 2021ല്‍ താലിബാന്‍ അഫ്ഗാന്റെ നിയന്ത്രണം ഏറ്റെടുത്ത ശേഷം ഒരു വിദേശ സ്ഥാപനവുമായി ഊര്‍ജ മേഖലയില്‍ ഉണ്ടാക്കുന്ന ആദ്യ കരാറാണിത്. 25 വര്‍ഷത്തെ കരാര്‍ ഈ മേഖലയിലെ ചൈനയുടെ സാമ്പത്തിക ഇടപെടലിനെ അടിവരയിടുന്നു.
കഴിഞ്ഞ ദിവസം ചൈനീസ് വ്യവസായികള്‍ ഉപയോഗിക്കുന്ന അഫ്ഗാനിലെ ഒരു ഹോട്ടല്‍ ആക്രമിക്കാന്‍ ശ്രമിച്ച എട്ട് ഐ.എസ് തീവ്രവാദികളെ കൊലപ്പെടുത്തിയെന്നും നിരവധി പേരെ അറസ്റ്റ് ചെയ്തതായും താലിബാന്‍ അറിയിച്ചിരുന്നു. കാബൂളിലെ ലോംഗന്‍ ഹോട്ടലില്‍ ഡിസംബറില്‍ നടന്ന മറ്റൊരു ആക്രമണത്തില്‍ കുറഞ്ഞത് മൂന്ന് പേര്‍ കൊല്ലപ്പെടുകയും അഞ്ച് ചൈനീസ് പൗരന്മാര്‍ ഉള്‍പ്പെടെ 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
സിന്‍ജിയാങ് സെന്‍ട്രല്‍ ഏഷ്യ പെട്രോളിയം ആന്‍ഡ് ഗ്യാസ് കമ്പനി (സി.എ.പി.ഇ.ഐ.സി) യാണ് അഫ്ഗാനിലെ അമു ദര്യ എണ്ണപ്പാടത്ത് ഖനനം നടത്തുകയെന്ന് താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞു. രാജ്യത്തിന്റെ കിഴക്ക് ഭാഗത്ത് ഒരു ചെമ്പ് ഖനിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു കമ്പനിയുമായി ചര്‍ച്ച നടന്നുവരികയാണ്.
Comments are closed for this post.