
സുരക്ഷാ മേഖലാ നിര്‍ണയത്തിനായി റഷ്യ, തുര്‍ക്കി, ഇറാന് എന്നീ രാജ്യങ്ങള്‍ ഒപ്പുവച്ച കരാര്‍ ഇന്ന് നിലവില്‍ വന്നു
ദമസ്കസ്: സിറിയയില്‍ സാധാരണക്കാര്‍ കൂടുതല്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ ആക്രമണം കുറയ്ക്കുന്നിനു വേണ്ടി ഉണ്ടാക്കിയ കരാര്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു.
കസാഖിസ്താന്‍ തലസ്ഥാനമായ അസ്താനയില്‍ വ്യാഴാഴ്ചയാണ് കരാര്‍ ഉണ്ടാക്കിയത്. സിറിയന്‍ സര്‍ക്കാരിന്റെ പിന്തുണയ്ക്കുന്ന റഷ്യയും ഇറാനും പ്രതിപക്ഷത്തെ പിന്തുണയ്ക്കുന്ന തുര്‍ക്കിയും തമ്മിലാണ് കരാര്‍ ഒപ്പുവച്ചത്.
സിറിയന്‍ യുദ്ധം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ‘ആക്രമണം കുറയ്ക്കേണ്ട മേഖല’ നിര്‍ണയിച്ചത്. പ്രധാനമായും പ്രതിപക്ഷ അധീന മേഖലയാണ് സുരക്ഷാ മേഖലയായി നിര്‍ണയിക്കപ്പെട്ടതില്‍ കൂടുതലും.
നാലു സോണുകളായാണ് സുരക്ഷാ മേഖലകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സോണ്‍ 1: ഇദ്ലിബ്, ലതാകിയ പ്രവിശ്യകളുടെ വടക്കന്‍ പ്രദേശങ്ങള്‍, അലെപ്പോയുടെ പടിഞ്ഞാറന്‍ പ്രദേശം, ഹമാ പ്രവിശ്യയുടെ വടക്കന്‍ പ്രദേശം. ഈയിടെ ഏറ്റവും കൂടുതല്‍ മനുഷ്യക്കുരുതി നടന്ന മേഖലയാണിത്. ഇപ്പോള്‍ പത്തുലക്ഷം സാധാരണക്കാര്‍ ഇവിടെയുണ്ട്.
സോണ്‍ 2: വടക്കന്‍ ഹൊംസ് പ്രവിശ്യയിലെ രസ്തന് താല്ബിസെ പ്രദേശം. ഇവിടെ 1.8 ലക്ഷം സാധാരണക്കാരുണ്ട്.
സോണ്‍ 3: ദമസ്കസിന്റെ വടക്കന്‍ പ്രദേശമായ കിഴക്കന്‍ ഗൗത. വിമതരായ ജയ്ഷല്‍ ഇസ്ലാമിന്റെ പ്രബല മേഖല. 6.9 ലക്ഷം സാധാരണക്കാരുണ്ട്.
സോണ്‍ 4: ജോര്‍ദാനുമായി അതിര്‍ത്തി പങ്കിടുന്ന വിമത മേഖലയായ ദിറാ, ഖുനൈത്ര പ്രവിശ്യകള്‍. എട്ടു ലക്ഷം സാധാരണക്കാര്‍ ഇവിടെ ജീവിക്കുന്നു.