
റിയാദ്: സിറിയയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കാന്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കേണ്ട സമയമായെന്ന മുന്നറിയിപ്പുമായി സഊദി അറേബ്യ. വിവിധ രാജ്യങ്ങളുടെ പ്രതിനിധികള്‍ സിറിയന്‍ സമാധാന ചര്‍ച്ചക്കു വേണ്ടി സമ്മേളിച്ച വിയന്ന കോണ്‍ഫറന്‍സിലാണ് സഊദി അറേബ്യ സ്വരം കടുപ്പിച്ച് രംഗത്തെത്തിയത്.
‘സിറിയന്‍ പ്രസിഡന്റ് ബശാറുല്‍ അസദിന് സമാധാനം കൈവരിക്കാന്‍ യാതൊരു താല്പര്യവുമില്ല. അതിനായി മറ്റു വല്ല മാര്‍ഗ്ഗവും ഇനി തേടേണ്ടി വരും. അതിനായി ‘പ്ലാന്‍ ബി’യിലേക്ക് കടക്കാന്‍ സമയമായിരിക്കുന്നു’- സഊദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ വിയന്ന ചര്‍ച്ചയില്‍ വ്യക്തമാക്കി. മറ്റു മാര്‍ഗ്ഗം എന്നത് ബശാറിനെതിരെ വിമത നീക്കത്തെ സഹായിക്കലാണെന്നും അതും ഫലവത്തായില്ലെങ്കില്‍ കടുത്ത മാര്‍ഗ്ഗം വേറെന്തെന്ന് കാണാമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെയും റഷ്യയുടെയും നേതൃത്വത്തിലാണ് വിയന്നയില്‍ സിറിയന്‍ പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ചകള്‍ നടത്തുന്നത്.