
ദമസ്കസ്: സിറിയയിലെ വിമത കേന്ദ്രമായ ദേരായില്‍ സര്‍ക്കാര്‍ സൈന്യത്തിന്റെ ആക്രമണത്തെ തുടര്‍ന്ന് ആയിരക്കണക്കിനു പേര് പലായനം ചെയ്തു. ചൊവ്വാഴ്ച മുതല്‍ 2,500 പേര് ദേരായില്‍ നിന്ന് പാലയനം ചെയ്തെന്നാണ് യു.എന്‍ കണക്ക്.
ജോര്‍ദാന്‍, ഇസ്റാഈല്‍ പിടച്ചെടുത്ത ഗോലാന്‍ കുന്നുകള്‍ എന്നിവയുമായി അതിര്‍ത്തി പങ്കിടുന്ന പ്രേദശമാണ് ദേരാ. ആക്രമണം ബാധിക്കാത്ത ജോര്‍ദാന്റെ അതിര്‍ത്തി പ്രദേശങ്ങളിലേക്കാണ് ആളുകള്‍ പാലായനം ചെയ്യുന്നത്.
സര്‍ക്കാരിന്റെ വിമതരുടെയും ഇടയില്‍ നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ദേരായെ സമാധാന പ്രദേശമായി പരിഗണിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞയാഴ്ച മുതലാണ് മേഖലയില്‍ സംഘര്‍ഷ സാഹചര്യമുണ്ടായത്. വിമതര്‍ക്ക് യു.എസിന്റെ പിന്തുണയുണ്ട്.
ആക്രമണത്തില്‍ എത്ര പേര് കൊല്ലപ്പെട്ടുവെന്ന കണക്ക് ലഭ്യമായിട്ടില്ല. ശക്തമായ വ്യോമാക്രമണമാണ് നടക്കുന്നതെന്നും എട്ട് സാധാരണക്കാരും ആറ് വിമതരും കൊല്ലപ്പെട്ടുവെന്ന് സൈന്യം അറിയിച്ചു.
ഗൂഥയില്‍ രക്തരൂക്ഷിത ആക്രമണത്തിനൊടുവില്‍ വിമതര്‍ കീഴടങ്ങിയിരുന്നു. ദേരാ കൂടി ലക്ഷ്യമിട്ട് സര്‍ക്കാര്‍ സൈന്യം നീങ്ങിയതോടെ സിറിയ വീണ്ടും ശക്തമായ ആഭ്യന്തര സംഘര്‍ഷത്തിലേക്ക് നീങ്ങുകയാണ്. 2011 മുതല്‍ ഇവിടെ ആരംഭിച്ച സംഘര്‍ഷത്തില്‍ ഇതുവരെ 350,000 പേര് കൊല്ലപ്പെട്ടു. 11മില്യന്‍ ജനങ്ങള്‍ പലായനം ചെയ്തു.