
ദമസ്കസ്: അഞ്ചു വര്‍ഷത്തിലേറെയായി നടക്കുന്ന യുദ്ധത്തിനും സംഘര്‍ഷത്തിനും അയവുവരുത്തി സിറിയയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍. സിറിയയിലുടനീളം വെടിനിര്‍ത്തലിന് ഈയാഴ്ചയാണ് തുര്‍ക്കി- റഷ്യ തമ്മില്‍ ധാരണയായത്.
വെടിനിര്‍ത്തല്‍ കരാര്‍ വന്നതോടെ രാജ്യത്തെ പലഭാഗത്തുള്ള ജനജീവിതം സാധാരണ നിലയിലേക്കു വന്നെങ്കിലും ചിലയിടത്ത് സംഘര്‍ഷത്തിനുള്ള ശ്രമം നടന്നു. സെന്‍ട്രല്‍ ഹമയിലെ ക്രിസ്ത്യന്‍ നഗരത്തില്‍ വിമതരും സര്‍ക്കാര്‍ സൈന്യവും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തു. ഇവര്‍ വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് ബ്രട്ടീഷ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്സര്‍വേറ്ററി ഹ്യൂമണ്‍ റൈറ്റ്സ് മേധാവി അബ്ദുറഹ്മാന് പറഞ്ഞു.
അതേസമയം, അല്‍ ബാബിനടുത്ത് ഐ.എസ് കേന്ദ്രത്തിനു നേരെ റഷ്യയുടെ ഭാഗത്തു നിന്ന് മൂന്ന് വ്യോമാക്രമണങ്ങള്‍ നടന്നുവെന്ന് ടര്‍ക്കിഷ് സൈന്യം അറിയിച്ചു. ഇതില്‍ 12 ഐ.എസ് ഭീകരര്‍ കൊല്ലപ്പെട്ടു.
വിമതരുടെ ശക്തികേന്ദ്രമായിരുന്ന അലെപ്പോ സര്‍ക്കാര്‍ കൈവശപ്പെടുത്തിയതിന്റെ പശ്ചാത്തലത്തില്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ സിറിയയിലെ യുദ്ധം അവസാനിപ്പിക്കാന്‍ നല്ലൊരു അവസരമാണ് ഒരുക്കിയിരിക്കുന്നത്. ഇപ്പോള്‍ കൊണ്ടുവന്ന വെടിനിര്‍ത്തല്‍ കരാറില്‍ യു.എസിന് പങ്കില്ല. നേരത്തേയുണ്ടാക്കിയ റഷ്യ- യു.എസ് കരാര്‍ ലംഘിച്ചതിനെത്തുടര്ന്നാണിത്.
വിമത- സര്‍ക്കാര്‍ സൈന്യങ്ങള്‍ തമ്മില്‍ മാത്രമാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഐ.എസ് അടക്കമുള്ള ഭീകര സംഘടനകള്‍ക്കു നേരെ ആക്രമണം തുടരും. കരാറില്‍ ഒപ്പുവയ്ക്കാത്ത വിമത സംഘടനകളെ ഭീകര സംഘടകളായി കണക്കാക്കി ആക്രമിക്കുമെന്നും കരാറിലുണ്ട്.
2011 ല്‍ സര്‍ക്കാരിനെതിരെ സമാധാനപരമായി തുടങ്ങിയ പ്രതിഷേധമാണ് സിറിയന്‍ ആഭ്യന്തര കലഹത്തിലേക്കും യുദ്ധത്തിലേക്കും നയിച്ചത്. യുദ്ധത്തില്‍ ഇതുവരെ നാലു ലക്ഷം പേര് മരിക്കുകയും 1.1 കോടി ജനങ്ങള്‍ അഭയാര്‍ഥികളാവുകയും ചെയ്തെന്നാണ് യു.എന്‍ കണക്ക്.