2022 May 22 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

രക്തമൊഴുകി കിടക്കുന്ന കുട്ടിയെ കണ്ടപ്പോള്‍ ആ ഫോട്ടോഗ്രാഫര്‍ക്ക് സഹിക്കാനായില്ല, എല്ലാം മാറ്റിവച്ച് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി

ഹൃദയഭേദകമാണ് അബ്ദുല്‍ ഖാദര്‍ എന്ന ഫോട്ടോഗ്രാഫര്‍ പൊട്ടിക്കരയുന്ന രംഗം

സിറിയയില്‍ അഭയാര്‍ഥികളെ കൊണ്ടുപോവുന്നതിനിടെ ബസുകള്‍ക്കു നേരെ ബോംബാക്രമണമുണ്ടായ വാര്‍ത്ത കേട്ടാണ് അബ്ദുല്‍ ഖാദര്‍ ഹബാക് ഓടിയെത്തിയത്. ചില ചിത്രങ്ങള്‍ എടുക്കുമ്പോഴാണ് പിന്നിലൊരു ഞരക്കം, ചോര വാര്‍ന്ന് നിലത്തുകിടന്ന് ഒരു പിഞ്ചുകുഞ്ഞ് വിലപിക്കുന്നു. പിന്നെ, ഒരു പൊട്ടിക്കരച്ചിലായിരുന്നു, തന്നെ ഏല്‍പ്പിക്കപ്പെട്ട ദൗത്യത്തില്‍ നിന്നയാള്‍ പിന്മാറാന്‍ അല്‍പസമയം പോലും ചിന്തിക്കാനിരുന്നില്ല. ക്യമാറയും മാറ്റിവച്ച് അബ്ദുല്‍ഖാദര്‍ കുഞ്ഞിനെയും കൊണ്ട് ഓടി, അടുത്തുള്ള ആംബുലന്‍സിലേക്ക്…

170417142851-graphic-syria-photojournalist-restricted-super-169

ചിത്രങ്ങള്‍ വലിയ കഥ പറയാറുണ്ട്, വാര്‍ത്തകള്‍ക്കും ലേഖനങ്ങള്‍ക്കും പറയാനാവാത്തത്രയും. 2015 ല്‍ ഐലാന്‍ കുര്‍ദിയെന്ന പിഞ്ചു കുഞ്ഞ് മെഡിറ്ററേനിയന്‍ കടപ്പുറത്ത് മുഖംപൂഴ്ത്തി നില്‍ക്കുന്ന ചിത്രം സിറിയന്‍ അഭയാര്‍ഥികളുടെ ദുരിതത്തെപ്പറ്റി ലോകത്തെ അറിയിച്ചു. പിന്നീട് ഉംറാന്‍ ദിഖ്‌നീഷ് എന്നൊരു കുഞ്ഞ്, മുഖത്ത് വലിയൊരു ഭീതി നിറച്ച നോട്ടവുമായി ആംബുലന്‍സില്‍ ഇരിക്കുന്ന ചിത്രം വന്നു. ഇപ്പോഴിതാ ഒരു ഫോട്ടോഗ്രാഫര്‍ തന്നെ കഥ പറയുന്ന ചിത്രമായിരിക്കുന്നു.

126 പേരുടെ മരണത്തിനിടയാക്കിയ ബോംബാക്രമണം മാധ്യമങ്ങള്‍ അത്ര നന്നായി കൊടുത്തില്ല. പക്ഷെ, അബ്ദുല്‍ ഖാദര്‍ ഹബാക്ക് നിലവിളിക്കുന്ന രംഗങ്ങള്‍ ആരോ പകര്‍ത്തിയ ചിത്രത്തിലൂടെ പുറത്തുവന്നപ്പോള്‍ ലോകത്തിന്റെ ശ്രദ്ധ ആ ഭാഗത്തെത്തി.

170417145821-abd-alkader-habak-photo-super-169

‘ഭീകരമായിരുന്നു ദൃശ്യങ്ങള്‍- പ്രത്യേകിച്ച് കുട്ടികള്‍ തങ്ങളുടെ മുന്നില്‍ മരിച്ചുവീഴുമ്പോള്‍. പിന്നെ ഞാനും സഹപ്രവര്‍ത്തകരും ക്യാമറകള്‍ മാറ്റിവച്ച് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി’- അബ്ദുല്‍ ഖാദര്‍ വിശദീകരിക്കുന്നു.

ആദ്യം കണ്ട കുട്ടി മരിച്ചിരുന്നു. പിന്നീട് അടുത്ത കുട്ടിയെ കണ്ടു, ചോര വാര്‍ന്ന നിലയില്‍. അവനും മരിച്ചെന്ന് പറഞ്ഞ് പലരും എന്നെ ആട്ടി. പക്ഷെ, അവന്റെ ഞരക്കം ഞാന്‍ കേട്ടു. പിന്നെ, ഒന്നും നോക്കിയില്ല, അവനെയുമെടുത്ത് ഓടി. അപ്പോഴുമെന്റെ ക്യാമറ റെക്കോര്‍ഡിങ്ങിലായിരുന്നു. കുട്ടി എന്റെ കൈയില്‍ ശക്തിയായി പിടിച്ച് മുഖത്തേക്കു നോക്കുന്നു. അവനെ ആംബുലന്‍സിലാക്കി കത്തിയമരുന്ന ബസിനടുത്തേക്ക് ഞാന്‍ നീങ്ങി- അബ്ദുല്‍ ഖാദര്‍ ഓര്‍ക്കുന്നു. 68 കുട്ടികളുടെ ജീവനാണ് ഈ ഒരൊറ്റ ബോംബിങില്‍ പൊലിഞ്ഞത്.

വീഡിയോ:സി.എന്‍.എന്‍


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.