2021 October 16 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Editorial

വിവാദ സിലബസ് മരവിപ്പിക്കുകയല്ല, ഒഴിവാക്കുകയാണ് വേണ്ടത്


 

കണ്ണൂര്‍ സര്‍വകലാശാല സിലബസ് വിവാദത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് വൈസ് ചാന്‍സലറോട് വിശദീകരണം തേടിയിരുന്നു. വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍ എന്തു മറുപടിയാണ് നല്‍കിയതെന്നത് ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ടിട്ടുമില്ല. വിശദീകരണം ചോദിക്കും മുന്‍പ് തന്നെ ഡോ. ഗോപിനാഥ് രവീന്ദ്രന്‍ എന്ത് തന്നെയായാലും സിലബസ് പിന്‍വലിക്കുന്ന പ്രശ്‌നമില്ലെന്നും സിലബസില്‍ തെറ്റില്ലെന്നുമാണ് പറഞ്ഞത്. സര്‍ക്കാര്‍ ഈ വിഷയത്തില്‍ തുടരുന്ന മെല്ലെപ്പോക്കും സംശയാസ്പദമാണ്. മതനിരപേക്ഷതയ്ക്ക് വെല്ലുവിളി ഉയരുമ്പോള്‍ അതിനെതിരേ രംഗത്ത് വരാറുള്ള എസ്.എഫ്.ഐ, വിവാദ സിലബസില്‍ രണ്ട് ചേരിയായി എന്ന പത്രവാര്‍ത്തയും അത്ഭുതമുളവാക്കുന്നു.

ഗോള്‍വാള്‍ക്കറും സവര്‍ക്കറും ഇന്ത്യയെ മതകീയമായി വിഭജിച്ച് ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കണമെന്ന് മുന്‍പേ വാദിച്ചവരാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലോ രാഷ്ട്ര പുനര്‍നിര്‍മാണത്തിലോ യാതൊരു പങ്കും വഹിക്കാത്ത ഹിന്ദുത്വ നേതാക്കളെ മഹത്വവല്‍ക്കരിക്കുന്ന ആശയങ്ങളും മനുഷ്യരെ വിഭജിക്കുന്ന കാഴ്ചപ്പാടോടെ അവര്‍ എഴുതിയ പുസ്തകങ്ങളും ലേഖനങ്ങളും കുട്ടികള്‍ പഠിക്കണമെന്ന് വൈസ് ചാന്‍സലര്‍ നിര്‍ബന്ധം പിടിക്കുന്നതിന്റെ രഹസ്യമാണ് പിടികിട്ടാത്തത്. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ഹിന്ദുത്വ രാഷ്ട്രീയം എന്തെന്ന് വിദ്യാര്‍ഥികള്‍ മനസിലാക്കണമെന്നാണ് ന്യായീകരണമായി ഡോ. ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞത്. അത് എത്രയോ മുന്‍പ് തന്നെ ഇന്ത്യന്‍ മതനിരപേക്ഷ സമൂഹം വായിച്ചു മനസിലാക്കിയതാണ്. ഒരുപക്ഷേ ഡോ. ഗോപിനാഥ് രവീന്ദ്രന്‍ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പദവിയിലെത്തിയതിന് ശേഷമായിരിക്കും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഉപജ്ഞാതാക്കളെ വായിച്ചിട്ടുണ്ടാവുക. എന്നാല്‍ അക്കാദമിക് തലത്തില്‍ ഇവരുടെ ആശയങ്ങള്‍ക്ക് എന്ത് പ്രസക്തിയാണുള്ളതെന്ന് വൈസ് ചാന്‍സലര്‍ ഓര്‍ക്കേണ്ടതായിരുന്നു. ബോര്‍ഡ് ഓഫ് സ്റ്റഡീസിന്റെ അംഗീകാരമില്ലാതെ തലശ്ശേരി ബ്രണ്ണന്‍ കോളജിലെ ചില അധ്യാപകരുടെ ശുപാര്‍ശക്കനുസരിച്ച് പഠിപ്പിക്കാനുള്ളതാണോ കുട്ടികളുടെ മനസില്‍ ഫാസിസത്തിന് വിത്തിട്ടേക്കാവുന്ന ഗോള്‍വാള്‍ക്കറുടെ ‘ബഞ്ച് ഓഫ് തോട്ട്‌സ്’. ഇതാകട്ടെ ഗോള്‍വാള്‍ക്കറുടെ മൗലിക കൃതിയുമല്ല. ഫാസിസം പഠിക്കാന്‍ ഇറ്റലിയിലെത്തി മുസോളിനിയുടെ ആത്മകഥ വായിച്ച്, അത് അപ്പടി ഇന്ത്യന്‍ സാഹചര്യത്തിനനുസരിച്ച് മാറ്റിയെഴുതുകയായിരുന്നു ഗോള്‍വാള്‍ക്കര്‍. ഫാസിസത്തിന്റെ പിതാവ് എന്ന പേരിലറിയപ്പെടുന്ന ഇറ്റാലിയന്‍ ഏകാധിപതിയായിരുന്ന ബെനിറ്റോ മുസോളിനിയുടെ ആത്മകഥ വംശഹത്യകള്‍ക്കും കൂട്ടക്കൊലകള്‍ക്കും കാരണമായിത്തീര്‍ന്ന പ്രത്യയശാസ്ത്രമാണ്. ‘ഹിറ്റ്‌ലറും, ഞാനും ഒരു ജോഡി ഭ്രാന്തന്മാരെപ്പോലെ, ഞങ്ങളുടെ മിഥ്യാഭ്രമങ്ങള്‍ക്ക് സ്വയം കീഴടങ്ങി. ഒരൊറ്റ പ്രതീക്ഷയേ ഞങ്ങള്‍ക്ക് ബാക്കി ഉണ്ടായിരുന്നുള്ളൂ. ഒരു മിത്ത് സൃഷ്ടിക്കുക’ – ഈ ഭ്രാന്തന്‍ ചിന്തകള്‍ പഠിക്കണമെന്നാണ് മതേതരത്വത്തിന്റെ പതാകവാഹകരെന്ന് അഭിമാനിക്കുന്ന എസ്.എഫ്.ഐയുടെ സര്‍വകലാശാല യൂനിയന്‍ ചെയര്‍മാന്‍ വാദിക്കുന്നത്.

എം.എ ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്‌സ് എന്ന കോഴ്‌സിന്റെ മൂന്നാം സെമസ്റ്ററിലാണ് വിവാദ പാഠഭാഗങ്ങള്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്. രാജ്യത്തിന്റെ ശത്രുക്കള്‍ മുസ്‌ലിംകളും ക്രിസ്ത്യാനികളുമാണെന്ന ഉള്ളടക്കമുള്ള പുസ്തകങ്ങള്‍ മതനിരപേക്ഷ രാഷ്ട്രത്തില്‍ പഠിപ്പിച്ചേ തീരൂ എന്ന് നിര്‍ബന്ധം പിടിക്കുന്ന വി.സിയുടെ നിലപാട് സംശയാസ്പദമാണ്. സിലബസില്‍ പിഴവുണ്ടെങ്കില്‍ പരിഹരിക്കാമെന്ന് വി.സിക്ക് സമ്മതിക്കേണ്ടി വന്നത് പൊതുസമൂഹത്തില്‍ നിന്നും കെ.എസ്.യു, എം.എസ്.എഫ് എന്നീ വിദ്യാര്‍ഥി സംഘടനകളില്‍ നിന്നും ഉയര്‍ന്നുവന്ന രൂക്ഷമായ പ്രതിഷേധത്തെ തുടര്‍ന്നാണ്. കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കീഴില്‍ തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ മാത്രമാണ് ഈ കോഴ്‌സുള്ളത്. ഈ സിലബസിലാണ് സവര്‍ക്കറെയും ഗോള്‍വാള്‍ക്കറെയും തിരുകിക്കയറ്റിയത്.
ഹിന്ദുത്വത്തിന്റെ പൂര്‍വവക്താക്കളായിരുന്ന ദീന്‍ ദയാല്‍ ഉപാധ്യായ, ബല്‍രാജ് മധോക്കര്‍ എന്നിവരുടേയും ലേഖനങ്ങള്‍ ഉള്‍പ്പെടുത്തിയതില്‍ നിന്നു ഇതിനു പിന്നില്‍ സര്‍വകലാശാലയുടെ അക്കാദമിക് താല്‍പര്യമല്ലെന്ന് സ്പഷ്ടമാണ്. ഇന്ത്യന്‍ രാഷ്ട്രീയ വിഭാഗം എന്ന കാറ്റഗറിയില്‍ പതിനൊന്ന് പുസ്തകങ്ങളില്‍ അഞ്ചും ഹിന്ദുത്വ പ്രചാരകരുടെ കൃതികളാണ്. ഉത്തരേന്ത്യയില്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സംഭവിക്കുന്ന ഇത്തരം പഠനാഭാസങ്ങള്‍ കേരളത്തില്‍ തല പൊക്കുന്നുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നു ഇടത് മുന്നണി സര്‍ക്കാരിന് മാറിനില്‍ക്കാനാവില്ല.

കണ്ണൂര്‍ സര്‍വകലാശാലയെ കാവി പൂശിക്കൊണ്ടിരിക്കുന്ന ഡോ. ഗോപിനാഥ് രവീന്ദ്രനെ ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ നിന്നു തെരഞ്ഞുപിടിച്ച് കണ്ണൂര്‍ സര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍ പദവിയിലിരുത്തിയത് പിണറായി സര്‍ക്കാരാണ്. ഫാസിസത്തിനും മത വര്‍ഗീയതയ്ക്കുമെതിരേ അടരാടുന്ന പാര്‍ട്ടിയാണ് സി.പി.എം എന്ന് ഉദ്‌ഘോഷിക്കപ്പെടുന്നതിനിടയില്‍ തന്നെയാണ് ഇത്തരം ‘അത്യാഹിത’ങ്ങള്‍ കേരളത്തില്‍ സംഭവിക്കുന്നത്. സര്‍ക്കാരും ഉന്നത വിദ്യാഭ്യാസ മന്ത്രിയും അറിഞ്ഞുകൊണ്ടല്ല സിലബസിലെ കാവിപൂശല്‍ നടത്താന്‍ വൈസ് ചാന്‍സലര്‍ തയാറായതെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. വൈസ് ചാന്‍സലറാകട്ടെ താന്‍ ബോധപൂര്‍വം തന്നെയാണ് ഹിന്ദുത്വ പ്രചാരകരുടെ ആശയങ്ങള്‍ അക്കാദമിക് തലത്തില്‍ ഉള്‍കൊള്ളിച്ചു കുട്ടികള്‍ക്ക് പഠിക്കാനായി സിലബസില്‍ ഉള്‍പ്പെടുത്തിയതെന്നും പറയുന്നു. ഇനി ഇതില്‍ സംശയങ്ങള്‍ക്ക് എന്ത് അടിസ്ഥാനമാണുളളത്. എന്നിട്ടും സര്‍ക്കാരിന് സംശയം തീര്‍ക്കാനായി വിഷയം പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ രണ്ടംഗ സമിതിയെ നിയോഗിച്ചിരിക്കുകയാണ്. സമിതി ഇന്നോ നാളെയോ റിപ്പോര്‍ട്ട് നല്‍കുമായിരിക്കും. ഇതില്‍ നിന്നൊക്കെ പൊതുസമൂഹം എന്താണ് മനസിലാക്കേണ്ടത്. തങ്ങള്‍ അണിഞ്ഞത് മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ മുഖംമൂടിയല്ലെന്ന് തെളിയിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. സിലബസ് മരവിപ്പിക്കുകയല്ല ഒഴിവാക്കുകയാണ് വേണ്ടത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.