2020 September 29 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സ്വന്തം നാട്ടില്‍ 40 ലക്ഷം അഭയാര്‍ഥികള്‍

ബംഗ്ലാദേശ് മോചനത്തെ തുടര്‍ന്നു കിഴക്കന്‍ പാകിസ്താനില്‍ നിന്നു വരുന്നവരുടെ കാര്യം അഭയാര്‍ഥി പ്രശ്‌നമായി കണക്കാക്കി പരിഹരിക്കണമെന്നു മുന്‍ മുഖ്യമന്ത്രി ഗോപിനാഥ് ബര്‍ദളായ നല്‍കിയ നിര്‍ദേശം അവഗണിച്ച കേന്ദ്ര ഭരണത്തിനു മുമ്പാകെ പിന്നാലെ വന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് ഒരു ചോദ്യം എറിയുന്നുണ്ട്, നാലു വര്‍ഷത്തെ ഭരണത്തിനിടയില്‍ മോദി ഭരണകൂടം എത്ര വിദേശികളെ കണ്ടെത്തിയെന്നും, എത്ര പേരെ നാടുകടത്തിയെന്നുമുള്ളതിനു ധവളപത്രം ഇറക്കണമെന്നതാണത്.

എന്‍. അബു

അസമില്‍ മൂന്നേകാല്‍ കോടി ജനങ്ങളെ പട്ടികയില്‍ കയറ്റിയ അധികൃതര്‍ 40 ലക്ഷം പേരെ സംശയത്തിന്റെ പേരില്‍ പുറത്ത് നിര്‍ത്തിയിരിക്കുന്നു.

അതീവ സുരക്ഷാ സന്നാഹങ്ങളോടെ അസമില്‍ ദേശീയ പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ 40ലക്ഷം പേര്‍ പുറത്ത്. എന്‍.ആര്‍.സി എന്ന ഈ രജിസ്റ്ററില്‍ 2.89 കോടി പേര്‍ക്ക് മാത്രമാണ് ഇടം കിട്ടിയത്. ഇതിന്റെ പേരില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും ദിവസങ്ങളോളം ബഹളം നീണ്ടുനിന്നു. അസമില്‍ സ്ഥിര താമസമുറപ്പിച്ചവരാണ് ഇങ്ങനെ പുറത്തായവരില്‍ ബഹുഭൂരിപക്ഷവും എന്നു ചൂണ്ടിക്കാണിക്കപ്പെട്ടു.
ഇന്ത്യന്‍ പൗരന്മാരെ സ്വന്തം രാജ്യത്ത് അഭയാര്‍ഥികളാക്കിക്കൊണ്ടുള്ള ഈ കരട് പ്രഖ്യാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശരിവെക്കുന്നു. 1971-ലെ ബംഗ്ലാദേശ് യുദ്ധത്തെ തുടര്‍ന്നു ഇന്ത്യയില്‍ അനധികൃതമായി എത്തിയവര്‍ക്കെതിരായ നടപടി എന്നാണ് ന്യായം പറയുന്നത്. എന്നാല്‍ 1200 കോടി രൂപ ചെലവഴിച്ച് അരലക്ഷം ഉദ്യോഗസ്ഥരെ രംഗത്തിറക്കി കരട് എന്ന പേരില്‍ പ്രസിദ്ധീകരിച്ച പട്ടിക ചില പ്രത്യേക സമുദായക്കാരെ പുറംതള്ളാന്‍ ലക്ഷ്യമാക്കിയുള്ളതാണെന്ന കാര്യം പകല്‍ പോലെ വ്യക്തം.
പാകിസ്താനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും വന്ന ഒരു പ്രത്യേക സമുദായക്കാര്‍ക്കെല്ലാം നിര്‍ബാധം പൗരത്വം നല്‍കിയവരാണ് നാം. തിബത്തന്‍ അഭയാര്‍ഥികളുടെ കാര്യത്തിലും ശ്രീലങ്കന്‍ തമിഴരുടെ കാര്യത്തിലും ഉദാര നയം നാം അവലംബിച്ചതാണ്. ആ പശ്ചാത്തലത്തില്‍ തന്നെ സിയാല്‍കോട്ട് തുടങ്ങിയ പാകിസ്താന്‍ പ്രദേശത്തുനിന്നു വന്ന മറ്റുള്ളവര്‍ക്കും ഇന്ത്യന്‍ പൗരത്വം നല്‍കണമെന്നു പശ്ചിമ പാകിസ്താന്‍ അഭയാര്‍ഥി സമിതിയുടെ പ്രസിഡന്റ് ലാഭ്‌റാം ഗാസിയും ആവശ്യപ്പെടുകയുണ്ടായി. അപ്പോഴും മ്യാന്‍മറില്‍ നിന്നു ആട്ടിയോടിക്കപ്പെട്ട റോഹിംഗ്യന്‍ അഭയാര്‍ഥികളുടെ കാര്യം വന്നപ്പോള്‍ മാത്രമാണ് അവരുടെ മതവിശ്വാസം ഏതാണെന്ന അന്വേഷണമുണ്ടായി, തടസവാദം ഉന്നയിക്കപ്പെട്ടത്.
അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളോടെ ഇന്ത്യയുടെ 74 ശതമാനവും ബി.ജെ.പി നിയന്ത്രണത്തിലായിരുന്നെന്നു പാര്‍ട്ടി നേതൃത്വം അഹങ്കരിച്ചിരുന്നു. 1984-ല്‍ രണ്ടേ രണ്ടു ലോക്‌സഭാ സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്ന പാര്‍ട്ടി 2014-ല്‍ സ്വന്തമായി 282 സീറ്റുകള്‍ കരസ്ഥമാക്കുകയും 543 അംഗ സഭയില്‍ സഖ്യകക്ഷി പിന്‍ബലത്തോടെ 335 സീറ്റുമായി ഭരണമേല്‍ക്കുകയും ചെയ്തു. 2009-ല്‍ 206 എം.പിമാരെ ജയിപ്പിച്ചെടുത്ത കോണ്‍ഗ്രസിനു 44 സീറ്റു കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. അപ്പോഴും ബി.ജെ.പിയുടെ മൊത്തം വോട്ടുകള്‍ 31.4 ശതമാനം മാത്രമായിരുന്നു. അത് പാര്‍ട്ടി നേതാക്കള്‍ തിരിച്ചറിഞ്ഞത് വൈകിട്ടായിരുന്നു. ഇതിന്റെ വെളിച്ചത്തിലാണ് വോട്ടിങ് യന്ത്രത്തെക്കുറിച്ചുള്ള പരാതികള്‍ കൂടി തള്ളിക്കളഞ്ഞ ശേഷം തങ്ങള്‍ക്ക് എതിരായി നില്‍ക്കുന്നവരെ വോട്ടര്‍പട്ടികയില്‍ നിന്നുതന്നെ എഴുതിത്തള്ളാന്‍ പാകത്തില്‍ ഇത്തരം എന്‍.ആര്‍.സി നീക്കങ്ങള്‍ നടത്തുന്നതെന്ന കാര്യത്തില്‍ സംശയമില്ല.
ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങും മുന്‍ ഉപരാഷ്ട്രപതി ഡോ. ഹാമിദ് അന്‍സാരിയും പാകിസ്താന്റെ മുന്‍ വിദേശകാര്യമന്ത്രി ആയിരുന്ന നയതന്ത്രജ്ഞനുമായി ഇന്ത്യന്‍ തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കാന്‍ മൂന്നു മണിക്കൂര്‍ ഗൂഢാലോചന നടത്തിയെന്നു പറഞ്ഞുനടന്നിട്ടും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എല്ലായിടത്തും പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ ഒത്തിരുന്നില്ല.
മതേതരത്വത്തില്‍ ഉറച്ചുനില്‍ക്കുന്ന ഹൈന്ദവ ഭൂരിപക്ഷത്തെ സ്വാധീനിക്കാന്‍ വേണ്ടി കാവിവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ പല തരത്തില്‍ നടത്തുന്നതിനിടയിലാണ് രാജ്യത്തെയാകെ രണ്ടു തട്ടിലാക്കി നിര്‍ത്താനുള്ള എന്‍.ആര്‍.സി നീക്കങ്ങള്‍.
പാഠപുസ്തകങ്ങള്‍ തുടങ്ങി ചരിത്ര ഗ്രന്ഥങ്ങള്‍ വരെ തിരുത്തി എഴുതാനുള്ള ശ്രമങ്ങള്‍ കേന്ദ്രത്തിലും ബി.ജെ.പി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും നിര്‍ബാധം നടക്കുന്നുണ്ട്. സുപ്രിംകോടതി വിധിക്കു കാക്കാതെ തന്നെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്നും വന്ദേമാതരത്തിനു ദേശീയഗാന പദവി നല്‍കണമെന്നുമൊക്കെ പറഞ്ഞു നടന്നവര്‍ പ്രമുഖ ബി.ജെ.പി നേതാക്കള്‍ തന്നെയാണ്. ചരിത്രം വളച്ചൊടിക്കാന്‍ സംഘടിത ശ്രമം നടക്കുന്നതായി ചൂണ്ടിക്കാണിച്ച മുന്‍ ഉപരാഷ്ട്രപതി ഡോ. ഹാമിദ് അന്‍സാരിയെ പ്രധാനമന്ത്രി തന്നെ വിമര്‍ശിക്കുകയുണ്ടായി.
ഭഗവത്ഗീത മഹോത്സവത്തിനു ഹരിയാനാ ഗവണ്‍മെന്റ് നാലു ലക്ഷത്തോളം രൂപ ചെലവാക്കിയെന്നു കഴിഞ്ഞ ജനുവരിയില്‍ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് മുതല്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് വരേയുള്ളവര്‍ ഒപ്പിട്ടാണത്രെ ഗീതയുടെ കോപ്പികള്‍ വിതരണം ചെയ്തത്. ഉത്തര്‍പ്രദേശിലാകട്ടെ ശ്രീകൃഷ്ണ രൂപമടങ്ങിയ ബാഡ്ജുകള്‍ പൊലിസുകാര്‍ക്കു ധരിക്കാന്‍ വിതരണം ചെയ്യുന്നിടത്തോളം സംഗതികള്‍ ചെന്നെത്തി.
യോഗാസന ക്ലാസുകള്‍ ഓംകാരത്തോടെ ആരംഭിക്കണമെന്ന സര്‍ക്കുലര്‍ അയച്ചവര്‍ എല്ലാ കേന്ദ്രീയ വിദ്യാലയങ്ങളിലും ഹിന്ദു മതാധിഷ്ഠിതമായ പ്രാര്‍ഥനാ ഗാനങ്ങള്‍ ആലപിക്കണമെന്നുവരെ ഉത്തരവിറക്കുകയുണ്ടായി.
കഴിഞ്ഞ വര്‍ഷം 1034 കോടി രൂപയുടെ വരുമാനമുണ്ടാക്കിയ പാര്‍ട്ടിക്ക് ഏതു തരത്തിലുള്ള പ്രചാരണത്തിനും പണം ഒരു പ്രശ്‌നമല്ല എന്നു നമുക്കറിയാം. മുന്‍ വര്‍ഷത്തേക്കാള്‍ 81 ശതമാനം വരുമാനം പാര്‍ട്ടിക്ക് വര്‍ധിച്ചുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷനു മുമ്പില്‍ തന്നെ ബി.ജെ.പി സമര്‍പ്പിച്ച കണക്ക്. കോണ്‍ഗ്രസിന്റേത് പതിനാലു ശതമാനം കുറയുകയാണ് ചെയ്തത് എന്നുകൂടി അറിയുമ്പോള്‍ ഈ പണമൊക്കെ എവിടെനിന്നു വരുന്നു, എവിടേക്ക് പോകുന്നു എന്നത് നമുക്ക് മനസിലാക്കാവുന്നതേയുള്ളൂ. കിട്ടുന്ന പണം എങ്ങനെയും ചെലവഴിക്കാം എന്ന നിലയില്‍ ഉത്തര്‍പ്രദേശ് ഹജ്ജ് കമ്മിറ്റി ഓഫിസിന്റെ മതിലിനു കുങ്കുമം ചാര്‍ത്തുന്നത് പോലും നമുക്ക് വായിക്കാന്‍ സാധിച്ചു. ഇതാദ്യമായി അവിടെ ഭരണം പിടിച്ചുപറ്റിയ യോഗി ആദിത്യനാഥ് ഗവണ്‍മെന്റ് സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കു മാത്രമല്ല, അവയുടെ ചുറ്റുമതിലുകള്‍ക്കു പോലും കാവി നിറം പകര്‍ന്നു നല്‍കിയതും വാര്‍ത്ത ആയിരുന്നു.
ഭീകരവാദത്തെ ഇന്ത്യന്‍ മുസ്‌ലിംകള്‍ തള്ളിക്കളഞ്ഞുവെന്നു കസാക്കിസ്ഥാന്റെ തലസ്ഥാനത്തു ചെന്ന് ഭംഗിവാക്കു പറഞ്ഞ പ്രധാനമന്ത്രി മോദി, എന്നാല്‍ ഗോവധ നിരോധത്തിന്റെ പേരില്‍ നിസഹായരായ മുസ്‌ലിംകള്‍ തല്ലിക്കൊല്ലപ്പെടുന്നതിനെ തള്ളിപ്പറയാന്‍ പോലും പ്രയാസപ്പെടുന്നു. ഇന്ത്യയില്‍ മുസ്‌ലിംകളേക്കാള്‍ സുരക്ഷിതര്‍ പശുക്കളാണെന്നു കഴിഞ്ഞ അവിശ്വാസപ്രമേയ ചര്‍ച്ചാവേളയില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഡോ.ശശി തരൂര്‍ ലോക്‌സഭയില്‍ വെട്ടിത്തുറന്നു പറയുന്നിടത്തോളം സംഗതികള്‍ ചെന്നെത്തി. അതേസമയം മുസ്‌ലിം ജനസംഖ്യാ വര്‍ധന ആണ് ഇന്ത്യയുടെ പ്രധാന പ്രശ്‌നമെന്ന തരത്തില്‍ ചില ബി.ജെ.പി നേതാക്കള്‍ക്കു പുറമെ ഉന്നത ശ്രേണിയില്‍ വിരാജിക്കുന്ന ഉദ്യോഗസ്ഥരും പറഞ്ഞു തുടങ്ങുമ്പോള്‍ നമ്മുടെ മതേതരത്വത്തിനാണ് പരുക്കേല്‍ക്കുന്നതെന്നു ഭരണാധികാരികള്‍ ഓര്‍ക്കുന്നില്ല. അസമില്‍ മൗലാനാ ബദറുദ്ദീന്‍ അജ്മലിന്റെ അഖിലേന്ത്യാ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് നിയമസഭയില്‍ 12 അംഗങ്ങളെ വിജയിപ്പിച്ചെടുത്തപ്പോള്‍ ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് തന്നെ ഇന്ത്യയില്‍ മുസ്‌ലിം ജനസംഖ്യ വര്‍ധിക്കുന്നതായി ഡല്‍ഹിയില്‍ ഒരു സെമിനാറില്‍ പ്രസ്താവിക്കുകയുണ്ടായി. ഹിന്ദു പത്രം കഴിഞ്ഞ ഫെബ്രുവരി 24ന് മുഖപ്രസംഗത്തില്‍ സൂചിപ്പിച്ച പോലെ ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റത്തിന്റെ പേരിലായാലും കരസേനാ മേധാവിയെപ്പോലെ ഒരുന്നത ഉദ്യോഗസ്ഥന്‍ ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ നടത്താന്‍ പാടില്ലാത്തതാണ്.
ആ കണക്കുവച്ചാണ് ദേശീയ പൗരത്വ പട്ടിക എന്ന ഉമ്പാക്കി പുറത്തെടുത്തിട്ടിരിക്കുന്നത്. ഡല്‍ഹിയിലും ഗുജറാത്തിലും ഒക്കെ സംശയത്തിന്റെ പേരില്‍ പിടികൂടി ജയിലിലടച്ച പലരും വര്‍ഷങ്ങള്‍ക്കു ശേഷം നിരപരാധികളായി പുറത്തുവരുന്നതിനിടയിലാണ് അസം പോലെ ഒരു സംസ്ഥാനത്ത് ലക്ഷക്കണക്കിനാളുകളെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നത്.
2000ല്‍ ഡല്‍ഹിയില്‍ ചെങ്കോട്ട ആക്രമണക്കേസിലെ പ്രതി എന്ന പേരില്‍ ശ്രീനഗറില്‍ നിന്നു അറസ്റ്റ് ചെയ്ത ബിലാല്‍ അഹമദ് കാവ എന്ന 37കാരനെ തെളിവൊന്നുമില്ലെന്നു പറഞ്ഞു വിട്ടയച്ചത് ഈയിടെയാണ്. അതുപോലെ ഗുജറാത്ത് കലാപത്തിന്റെ പേരില്‍ അഹമ്മദാബാദ് പൊലിസ് പിടികൂടി 14 വര്‍ഷം ജയിലിലിട്ട ഹനീഫ് പകട്‌വാല എന്ന വ്യാപാരിയേയും നിരുപാധികം വിട്ടയക്കുകയുണ്ടായി.
മൂന്നു വര്‍ഷം എടുത്ത് നടത്തിയ എന്‍.ആര്‍.സി പരിശോധന ആണിതെന്നും യഥാര്‍ഥ ഇന്ത്യക്കാരനാണെന്നു തെളിയിക്കാന്‍ ഇനിയും അവസരം നല്‍കുമെന്നും കോ-ഓര്‍ഡിനേറ്റര്‍ പ്രതീക് ഹജേല മുതല്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് വരെ പറയുന്നുണ്ട്. എന്നാല്‍ അസമിലേതു പോലെ എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം ഒരു പട്ടിക വേണമെന്നാണ് എല്ലാവരുടേയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഉത്തരവാദപ്പെട്ട അസം ഗവര്‍ണര്‍ ജഗ്ദിശ് മുഖി പോലും പറയുന്നത്. അസമിന്റെ ചുവടുപിടിച്ച് മണിപ്പൂരും ഈ പ്രക്രിയ ഇതിനകം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ബംഗാളിലും അത് വേണമന്നു സംസ്ഥാന ബി.ജെ.പി സെക്രട്ടറി കൈലാസ് വിജയ് വര്‍ഗിയയും പറയുന്നു.
നാഷണല്‍ രജിസ്റ്റര്‍ എന്ന ഈ പ്രക്രിയ ആരംഭിക്കുന്നുവെന്നറിഞ്ഞപ്പോള്‍ തന്നെ അഖില അസം ന്യൂനപക്ഷ വിദ്യാര്‍ഥി സംഘടന (ആംസു) മുസ്‌ലിം ഭൂരിപക്ഷ ജില്ലയായ ബാര്‍പെട്ടയില്‍ പ്രക്ഷോഭം ആരംഭിച്ചിരുന്നു. എന്നാല്‍ ഒരു ചെറിയ കട നടത്തിയിരുന്ന മൊയ്തുല്‍ ഇസ്‌ലാം മൊല്ലയടക്കം നാലു പേര്‍ വെടിയേറ്റു മരിക്കുകയാണുണ്ടായത്. ഖണ്ടക്കര്‍ എന്ന സ്ഥലത്ത് നാലായിരം പേര്‍ താമസിക്കുന്ന എല്ലാ വീടുകളിലും താനടക്കം ഒന്നോ രണ്ടോ പേര്‍ പട്ടികക്ക് പുറത്തുണ്ടെന്നാണ് 62 വയസായ കലിമുന്നിസ എന്ന വീട്ടമ്മ പറയുന്നത്.
ഫഖ്‌റുദ്ദീന്‍ അലി അഹമദിനെപ്പോലുള്ള രാഷ്ട്രപതിയെപ്പോലും നമുക്കു സമ്മാനിച്ച അസമിലെ മുസ്‌ലിം സമുദായത്തെയാണ് കേന്ദ്രം പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ നോക്കുന്നത്. ഫഖ്‌റുദ്ദീന്റെ കുടുംബക്കാരില്‍ ചിലര്‍ മാത്രമല്ല, അസമിന്റെ ചരിത്രത്തിലെ ഏക വനിതാ മുഖ്യമന്ത്രിയായ സയ്യിദാ അന്‍വറാ തൈമൂര്‍ പോലും പട്ടികക്കു പുറത്താണ്. തെക്കന്‍ അസമിലെ കരിംഗഞ്ചില്‍ നിന്നുള്ള മുന്‍ കോണ്‍ഗ്രസ് മന്ത്രി സിദ്ദീഖ് അഹമദിനോടും എന്‍.ആര്‍.സിക്കാര്‍ ആവശ്യപ്പെട്ടു ഇന്ത്യന്‍ പൗരത്വം തെളിയിക്കാന്‍. ഈ 53കാരന്റെ പിതാവ് അബ്ദുല്‍ റാഖിബിനു ഇന്ത്യന്‍ പൗരത്വം ഉറപ്പിച്ച ശേഷമാണ് സിദ്ദീഖ് അഹമദിനു നേരെ അധികൃതര്‍ ചോദ്യമെറിഞ്ഞത്. അതേപോലെ 30 വര്‍ഷം ഇന്ത്യന്‍ സേനയില്‍ സേവനമനുഷ്ഠിച്ച് രണ്ടു കൊല്ലം മുന്‍പ് പെന്‍ഷന്‍ പറ്റിയ മുഹമ്മദ് അജ്മല്‍ ഹഖ് എന്ന 51 വയസായ വിമുക്തഭടനേയും എന്‍.ആര്‍.സി മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നു.
വര്‍ഷങ്ങളായി വസ്ത്ര നിര്‍മാണ പ്രവര്‍ത്തനവുമായി നടക്കുന്ന ഉദയഗുരിയിലെ സഞ്ജയ് റോയ് എന്ന 44കാരനും, കച്ചാര്‍ ജില്ലയില്‍ അധ്യാപക വൃത്തിയില്‍ നിന്ന് വിരമിച്ച് രോഗഗ്രസ്ഥയായി കഴിയുന്ന സാധനാ ബര്‍മന്‍ എന്ന 70കാരിയും പട്ടികക്ക് പുറത്താണ്. എന്തിനധികം പറയുന്നു. ഈ എന്‍.ആര്‍.സി സര്‍വേയില്‍ പങ്കെടുത്ത അരലക്ഷത്തോളം ഉദ്യോഗസ്ഥരില്‍പെട്ട മുഹമ്മദ് നൂറുല്‍ ഇസ്‌ലാം എന്ന ബാരപെട്ട ജില്ലക്കാരനായ അമ്പത്തഞ്ചുകാരനും പതിവായി നികുതി അടക്കാറുള്ള അധ്യാപകനായിട്ടും പട്ടികയിലില്ല. 50വയസായ ഭാര്യയും പതിനേഴു വയസായ മകളും പതിനാലുകാരനായ മകനും ഈ ഗണത്തില്‍പെടുന്നതായി അബുല്‍ ഹുസൈന്‍ എന്ന പിതാവിന്റെ മകനായി 1963-ല്‍ അസമിലെ ബാഗ്‌പെട്ടില്‍ ജനിച്ച നൂറുല്‍ ഇസ്‌ലാം പറയുന്നു.
അസം സെക്രട്ടറിയേറ്റില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ മാത്രം അകലെയുള്ള ഗോരോമറയിലെ അധ്യാപകനായ സര്‍ബാല്‍ അലിയുടെ ഇരട്ട കുട്ടികളില്‍ സേഹന അഹമദ് പട്ടികയിലുള്ളപ്പോള്‍ റാസിബ് അഹമദ് പട്ടികക്ക് പുറത്താണ്. ഭാര്യ വിദേശി, ഭര്‍ത്താവ് ഇന്ത്യക്കാരന്‍ എന്നിങ്ങനെയും പല വിവരങ്ങളും പട്ടികയിലുണ്ട്.
ബംഗ്ലാദേശുമായി 262 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന അസമില്‍ സാമീപ്യം കൊണ്ട് ബംഗാളി സംസാരിക്കുന്നവരെയെല്ലാം ഒറ്റയടിക്ക് വിദേശികളായി മുദ്രകുത്തുന്ന തരത്തിലേക്കാണ് നീക്കങ്ങള്‍ പോകുന്നത്. മൂന്നേകാല്‍ കോടി ജനങ്ങളുടെ രേഖകള്‍ പരിശോധിച്ചതില്‍ മാനുഷികമായ കൈതെറ്റുകള്‍ പറ്റിയിരിക്കാമെന്നു എന്‍.ആര്‍.സി കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്ന അസം ആഭ്യന്തര സെക്രട്ടറി പ്രതിക് ഹജേല തന്നെ സമ്മതിക്കുന്നുണ്ട്. ബംഗ്ലാദേശ് സ്വതന്ത്രമായ 1971 മാര്‍ച്ച് 24ന് മുമ്പ് ഇന്ത്യയിലുണ്ടായിരുന്നുവെന്നു തെളിയിക്കാനുള്ള രേഖകള്‍ സെപ്റ്റംബര്‍ 28നകം സമര്‍പ്പിക്കാന്‍ അവസരമുണ്ടെന്നും അദ്ദേഹം പറയുന്നു. അന്തിമ പട്ടിക ഡിസംബര്‍ 31നാണത്രെ പ്രസിദ്ധീകരിക്കുക. എന്നാല്‍ തലമുറകളായി താമസിക്കുന്ന മുസ്‌ലിംകളില്‍ മിക്കവരും അറിവില്ലായ്മ കാരണം ആ പഴയ രേഖകള്‍ എടുത്തുവെക്കാത്തവരാണ്. മാത്രമല്ല വര്‍ഷംതോറും ഒരൊറ്റ മഴയില്‍ കരകവിഞ്ഞൊഴുകുന്ന ബ്രഹ്മപുത്രാ നദീതീരത്ത് താമസിക്കുന്ന ഇവരില്‍ പലര്‍ക്കും പ്രളയത്തില്‍ കടലാസുകള്‍ ഒക്കെ നഷ്ടപ്പെട്ടതുമാണ്.
നേരത്തെ ഈ അഭയാര്‍ഥി പ്രശ്‌നത്തിന്റെ പേരില്‍ തന്നെ ഗുവാഹത്തിയില്‍ നിന്നു 60 കിലോമീറ്റര്‍ മാത്രം അകലെ നെല്ലിയില്‍ നടന്ന കൂട്ടക്കുരുതിയും ഈ മനസുകളില്‍ നിന്നു ഉണങ്ങിപ്പോയിട്ടില്ല. ആറു മണിക്കൂറിനകം രണ്ടായിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു ഔദ്യോഗിക കണക്ക്. അനൗദ്യോഗികമായി പതിനായിരവും.
ബംഗ്ലാദേശ് മോചനത്തെ തുടര്‍ന്നു കിഴക്കന്‍ പാകിസ്താനില്‍ നിന്നു വരുന്നവരുടെ കാര്യം അഭയാര്‍ഥി പ്രശ്‌നമായി കണക്കാക്കി പരിഹരിക്കണമെന്നു മുന്‍ മുഖ്യമന്ത്രി ഗോപിനാഥ് ബര്‍ദളായ നല്‍കിയ നിര്‍ദേശം അവഗണിച്ച കേന്ദ്ര ഭരണത്തിനു മുമ്പാകെ പിന്നാലെ വന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് ഒരു ചോദ്യം എറിയുന്നുണ്ട്, നാലു വര്‍ഷത്തെ ഭരണത്തിനിടയില്‍ മോദി ഭരണകൂടം എത്ര വിദേശികളെ കണ്ടെത്തിയെന്നും, എത്ര പേരെ നാടുകടത്തിയെന്നുമുള്ളതിനു ധവളപത്രം ഇറക്കണമെന്നതാണത്.
നികുതി വെട്ടിച്ച കേസുകളില്‍ നിന്നു രക്ഷപ്പെടാനും ബാങ്ക് തട്ടിപ്പ് ആരോപണങ്ങളില്‍ നിന്നു തടി ഊരാനുമാണ് കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ നാലരലക്ഷം ഇന്ത്യക്കാര്‍ ഇതര രാജ്യങ്ങളുടെ പൗരത്വം എടുത്തവരായും ഉണ്ടെന്നും ഇതുസംബന്ധിച്ച ഗവേഷണ പഠനം നടത്തിയ നീരജ ഗോപാല്‍ ജയിന്‍ പറയുന്നു. ഇരട്ട പൗരത്വം യു.എ.ഇയില്‍ സര്‍വസാധാരണമാണത്രെ.
എങ്കിലും ഇന്ത്യക്കാരായി ജനിച്ച് വര്‍ഷങ്ങളായി ഇന്ത്യയില്‍ ജീവിക്കുന്നവര്‍ക്ക് വോട്ടവകാശം മുതല്‍ റേഷന്‍കാര്‍ഡ് വരെ നിഷേധിച്ചും, ആധാര്‍ കാര്‍ഡിന്റെ അവകാശം എടുത്തുകളഞ്ഞും സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങളെല്ലാം റദ്ദാക്കിയും നടത്തുന്ന നടപടി അതിവേഗം ലോക ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്ന ഇന്ത്യയെ എവിടെ കൊണ്ടുചെന്നെത്തിക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
രാജ്യമില്ലാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന ഒരു കോടിയിലേറെ വരുന്ന ജനങ്ങളോടൊപ്പം ചേര്‍ക്കാന്‍ 40 ലക്ഷം അസംകാരെ കൂടി നല്‍കുകയാണ് നാം എന്നത് എത്രമാത്രം ഖേദകരം.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.