2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

Editorial

സസ്‌പെന്റഡ്


ഭരണകൂടങ്ങള്‍ക്ക് വസ്തുതകളോട് കലിപ്പാണ്. അത് ഫാഷിസ്റ്റ് ആയാലോ പറയുകയും വേണ്ട. ഇന്റര്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പോപ്പുലേഷന്‍ സയന്‍സിന്റെ ഡയരക്ടര്‍ ഡോ. കെ.എസ് ജയിംസിന് ജൂലൈ 27ന് സസ്‌പെന്‍ഷന്‍ ഉത്തരവ് ലഭിച്ചു. പതിവില്‍ നിന്ന് വിപരീതമായി 29ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിശദീകരണക്കുറിപ്പ് നല്‍കി. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേട് ആരോപിച്ചാണ് സസ്‌പെന്‍ഷന്‍.

നിയമനങ്ങളില്‍, വിദഗ്ധരെ തെരഞ്ഞെടുത്തതില്‍, രജിസ്റ്റര്‍ പരിപാലനത്തില്‍, സംവരണ വ്യവസ്ഥ പാലിക്കുന്നതില്‍… എല്ലാം ക്രമരഹിതമായി പ്രവര്‍ത്തിച്ചിരിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് സസ്‌പെന്‍ഷന്‍. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡേറ്റാ വിദേശ രാജ്യങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നുവെന്ന ആരോപണം രേഖാമൂലമല്ലാതെ ഉയര്‍ത്തുന്നുണ്ട്.
കേന്ദ്ര ആരോഗ്യവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നതാണ് സ്ഥാപനം. ഈ പറഞ്ഞ എല്ലാ കാര്യത്തിനും 22 അംഗ പരിശോധനാ കമ്മിറ്റിയുണ്ട്. അതിന്റെ അധ്യക്ഷന്‍ കേന്ദ്ര ആരോഗ്യമന്ത്രിയാണ്.

ആരോഗ്യ വകുപ്പ് സെക്രട്ടറി വൈസ് പ്രസിഡന്റും. പ്രശ്‌നം ഇതല്ലെന്ന് എല്ലാര്‍ക്കും അറിയാം. സ്ഥാനം രാജിവച്ചൊഴിയണമെന്ന് നേരത്തെ സര്‍ക്കാരുമായി ബന്ധപ്പെട്ടവര്‍ വാക്കാല്‍ ആവശ്യപ്പെട്ടതാണ്. ചെയ്തില്ല.


കേരളത്തിലെ കോട്ടയം സ്വദേശിയായ കെ.എസ് ജയിംസ് മൂന്നു പതിറ്റാണ്ടായി ജനസംഖ്യയുമായി ബന്ധപ്പെട്ട പഠന ഗവേഷണങ്ങളില്‍ ലോകം അംഗീകരിച്ച വിദഗ്ധനാണ്. 2018ല്‍ ഐ.ഐ.പി.എസിന്റെ ഡയരക്ടറായി വരുന്നതിന് മുമ്പെ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയില്‍ ജനസംഖ്യാപഠന വിഭാഗത്തിന്റെ തലവനായിരുന്നു. ബംഗളൂരുവിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ ആൻഡ് ഇക്കണോമിക് ചെയ്ഞ്ചിലെ ജനസംഖ്യാ ഗവേഷണ വിഭാഗം പ്രൊഫസറും മേധാവിയും ആയി പ്രവര്‍ത്തിച്ചു.

തിരുവനന്തപുരം സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റല്‍ സ്റ്റഡീസില്‍ നിന്ന് ഡോ. ഹൃദയരാജന് കീഴില്‍ ഗവേഷണ ബിരുദം നേടിയ ജയിംസ് അനന്തര പഠനം നടത്തിയത് ഹാര്‍വാഡിലെ സെന്റര്‍ ഫോര്‍ പോപ്പുലേഷന്‍ ആൻഡ് ഡവലപ്‌മെന്റല്‍ സ്റ്റഡീസിലാണ്.


ജയിംസിന്റെ വൈദഗ്ധ്യക്കുറവല്ല പ്രശ്‌നം. ജയിംസിന് കീഴില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന ഗവേഷണ സര്‍വേകളുടെ ഫലങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ തള്ളുകളെ തള്ളിക്കളയുന്നുവെന്നതാണ്. ദേശീയ കുടുംബാരോഗ്യ സര്‍വേ ഫലങ്ങള്‍ വെളിക്കിരിക്കല്‍ അവസാനിപ്പിച്ചുവെന്ന വലിയ അവകാശവാദത്തെ പൊളിച്ചടുക്കുന്നു. രാജ്യത്തെ 20 ശതമാനത്തോളം പേര്‍ ഇപ്പോഴും കാര്യം സാധിക്കുന്നത് ശൗചാലയത്തിലല്ല, വെളിയില്‍ തന്നെയാണ്. ലക്ഷദ്വീപിലൊഴികെ കേന്ദ്ര ഭരണ പ്രദേശങ്ങളടക്കം എവിടെയും ശൗചാലയം പൂര്‍ണമായിട്ടില്ല.

സമ്പൂര്‍ണ വെളിക്കിരിക്കല്‍ വിമുക്ത ഭാരതം എന്ന മോദിയുടെ പ്രഖ്യാപനം അടിസ്ഥാനമില്ലാത്തതാണെന്ന ഡേറ്റ പുറത്തുവിടുന്നത് രാജ്യദ്രോഹമായി കണക്കാക്കിയില്ലല്ലോ എന്ന് ആശ്വസിക്കുകയാണ് വേണ്ടത്. ഉജ്ജ്വല യോജന എന്നൊക്കെയുള്ള പ്രചാരണം നടക്കുമ്പോഴും 2019-21ലെ കണക്കു പ്രകാരം ഗ്രാമീണ ഇന്ത്യയില്‍ 57 ശതമാനം പേര്‍ക്ക് പാചക ഗ്യാസ് ഇല്ല. ഉണ്ടായിരുന്നവര്‍ തന്നെ ഉപേക്ഷിക്കാന്‍ തുടങ്ങി. വിളര്‍ച്ചയുടെ തോത് കൂടിയിരിക്കുന്നു. തൊഴിലില്ലായ്മയുമായി ബന്ധപ്പെട്ട സര്‍വേ ഫലം പ്രസിദ്ധീകരിക്കേണ്ടിയിരുന്നത് 2019ലെ തെരഞ്ഞെടുപ്പിന് മുമ്പായിരുന്നു. അഥവാ അഞ്ചു വര്‍ഷത്തെ മോദി ഭരണത്തിന്റെ വിലയിരുത്തലാകുമായിരുന്നു. പക്ഷെ, കേന്ദ്രം റിപ്പോര്‍ട്ട് പ്രസിദ്ധീകരണം തടഞ്ഞു.

ഇതെ തുടര്‍ന്ന് സ്റ്റാറ്റിസ്റ്റിക്‌സ് വിദഗ്ധരായ പി.സി മോഹനനും ജെ. മീനാക്ഷിയും സ്റ്റാറ്റിസ്റ്റിക്‌സ് കമ്മിഷനില്‍ നിന്ന് രാജിവയ്ക്കുകയുണ്ടായി.
കേന്ദ്ര സര്‍ക്കാരിന് കീഴിലെ ലോകാംഗീകാരമുള്ള സ്ഥാപനമാണ് ഐ.ഐ.പി.എസ് എങ്കിലും അതിന്റെ റിപ്പോര്‍ട്ടുകളില്‍ സത്യസന്ധതയെ സംശയിക്കുകയാണ് മോദിയുടെ സാമ്പത്തിക ഉപദേഷ്ടാക്കളില്‍ പെട്ട ശമിക രവി. അവര്‍ ഇന്ത്യന്‍ എക്‌സ്പ്രസില്‍ ഇത്തരത്തില്‍ നല്‍കിയ ലേഖനത്തിന് അതില്‍ തന്നെ മറുപടി നല്‍കിയത് പി.സി മോഹനനും അമിതാഭ് കുണ്ടുവുമാണ്.

സര്‍ക്കാരിന് ആവശ്യമുള്ള വിധത്തില്‍ മാത്രം ഡേറ്റകള്‍ ശേഖരിക്കുകയും റിപ്പോര്‍ട്ടുകള്‍ തയാറാക്കുകയും ചെയ്യുന്ന സംവിധാനങ്ങള്‍ ലോകത്തെങ്ങുമുണ്ട്. ചില രാജ്യങ്ങള്‍ അത്തരം രേഖകളെ മാത്രമേ അംഗീകരിക്കുകയും പുറത്തുവിടുകയും ചെയ്യൂ. സര്‍ക്കാരിന് വേണ്ടി വസ്തുതകളില്‍ വെള്ളം ചേര്‍ക്കാന്‍ വിസമ്മതിച്ചതു മാത്രമാണ് ഡോ. കെ.എസ് ജയിംസിന്റെ സസ്‌പെന്‍ഷനുള്ള കാരണം.

രാജ്യത്തെങ്ങുമുള്ള 815 വിദഗ്ധര്‍ ഒപ്പു വച്ച് കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്ത് കൊടുത്തിട്ടുണ്ട്. രാജ്യത്തിന്റെ വിശ്വാസ്യത ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ നഷ്ടപ്പെടുത്തരുതെന്നാണ് കേന്ദ്ര സര്‍ക്കാരിനോട് രവി ശ്രീവാസ്തവ, രവി ഡുഗല്‍, മോഹന്‍ റാവു, ഇമ്രാന ഖദീര്‍ തുടങ്ങിയവര്‍ ആവശ്യപ്പെട്ടത്. രാജ്യത്തിന്റെ വിശ്വാസ്യതയെ ജനാധിപത്യസ്വഭാവത്തെ എല്ലാം ലോകം സംശയിക്കുന്ന സ്ഥിതി വരും.


1872 മുതല്‍ മുടക്കം കൂടാതെ തുടര്‍ന്നതാണ് 10 വര്‍ഷം കൂടുമ്പോള്‍ നടത്തിവന്ന ജനസംഖ്യാ കണക്കെടുപ്പ്. ലോകത്ത് ഒരു രാജ്യത്തിനും ഇത്രയും വലിയ പാരമ്പര്യം അവകാശപ്പെടാനില്ല. എന്നാല്‍, 2021ല്‍ ജനസംഖ്യാ കണക്കെടുപ്പ് നടന്നിട്ടില്ല. കൊവിഡിന്റെ പേരില്‍ മാറ്റി വച്ചതാണ്. രാജ്യം വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന് ആശ്രയിക്കുന്നത് ഇത്തരം കണക്കെടുപ്പുകളേയാണ്.

നീതി ആയോഗ് കാര്യമായും ആശ്രയിക്കുന്നത് ഇത്തരം പഠനങ്ങളെ തന്നെ. കെ.എസ് ജയിംസ് യു.കെയിലും യു.എസിലും ആസ്‌ട്രേലിയയിലും പല സര്‍വകലാശാലകളിലെയും ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെയും സന്ദര്‍ശകാധ്യാപകനാണ്. അദ്ദേഹത്തിന്റെ പ്രബന്ധങ്ങള്‍ ലോകത്തെങ്ങും പ്രസിദ്ധീകരിക്കുന്നുമുണ്ട്. ജനസംഖ്യയിലെ പ്രായാനുപാതം സൃഷ്ടിക്കുന്ന സാധ്യതകളെയും വെല്ലുവിളികളെയും കുറിച്ച പഠനത്തില്‍ കൂടുതല്‍ വിദഗ്ധനാണ് ജയിംസ്. നാട് അദ്ദേഹത്തെ ആവശ്യപ്പെടുന്നു.

Content Highlights:Editorial About 6 aug 2023


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.