2023 October 02 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഡല്‍ഹി ബില്‍ ലോക്‌സഭ പാസാക്കി

ഡല്‍ഹി ബില്‍ ലോക്‌സഭ പാസാക്കി

ന്യൂഡല്‍ഹി: ഡല്‍ഹി ഭരണ നിയന്ത്രണ ബില്‍ ലോക്‌സഭ ശബ്ദവോട്ടോടെ പാസാക്കി. ഡല്‍ഹി സര്‍ക്കാരില്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ ഡല്‍ഹി സര്‍ക്കാരിന് അനുകൂലമായ സുപ്രീം കോടതി വിധി മറികടക്കാന്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനു പകരമാണു ബില്‍ അവതരിപ്പിച്ചത്. ബില്‍ കീറി എറിഞ്ഞ ആം ആദ്മി പാര്‍ട്ടി എംപി സുശീല്‍ കുമാര്‍ റിങ്കു(ജലന്തര്‍)വിനെ ഈ സമ്മേളന കാലയളവിലേക്ക് സസ്‌പെന്‍ഡു ചെയ്യുകയും ചെയ്തു. ബില്‍ ജനാധിപത്യ വിരുദ്ധമെന്നാരോപിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയിരുന്നു. ഇറങ്ങിപ്പോകും വഴി റിങ്കു ബില്‍ കീറി സ്പീക്കറുടെ ചെയറിനു നേരെ എറിഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാണിച്ച് പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി കൊണ്ടുവന്ന സസ്‌പെന്‍ഷന്‍ പ്രമേയം സഭ ശബ്ദവോട്ടോടെ അംഗീകരിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഡല്‍ഹി ഭരണ നിയന്ത്രണ ബില്‍ അവതരിപ്പിച്ചത്. ഡല്‍ഹിക്ക് സമ്പൂര്‍ണ സംസ്ഥാന പദവി നല്‍കുന്നതിനെ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, രാജഗോപാല്‍ ആചാരി, രാജേന്ദ്ര പ്രസാദ്, ഡോ. ബി.ആര്‍.അംബേദ്കര്‍ തുടങ്ങിയവര്‍ എതിര്‍ത്തിരുന്നതായി ബില്‍ അവതരിപ്പിക്കവെ അമിത് ഷാ ചൂണ്ടിക്കാട്ടി.

ജനത്തെ സേവിക്കുന്നതിനു പകരം പോരാടാന്‍ മാത്രമായി ഒരു സര്‍ക്കാര്‍ 2015ല്‍ ഡല്‍ഹിയില്‍ അധികാരത്തിലെത്തി. ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അവകാശമല്ല അവരുടെ വിഷയം. മറിച്ച്, ബംഗ്ലാവുകള്‍ പണിയുന്നതില്‍ ഉള്‍പ്പെടെ അവര്‍ നടത്തുന്ന അഴിമതികള്‍ മറച്ചുവയ്ക്കുന്നതിന് വിജിലന്‍സ് വകുപ്പിന്റെ നിയന്ത്രണം കയ്യടക്കുകയാണ്’ അമിത് ഷാ പറഞ്ഞു.

അതേസമയം, ഇതുപോലെ എന്തെങ്കിലും അത്യാവശ്യം വരുമ്പോള്‍ മാത്രമാണ് ബിജെപി സര്‍ക്കാര്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ‘സഹായം’ തേടുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പരിഹസിച്ചു. എല്ലാക്കാര്യങ്ങളിലും നെഹ്‌റുവിനെ മാതൃകയാക്കിയിരുന്നെങ്കില്‍ ഇപ്പോള്‍ മണിപ്പുരും ഹരിയാനയുമൊന്നും സംഭവിക്കുമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ വിവര സുരക്ഷാ ബില്‍ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവും അവതരിപ്പിച്ചു. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടെയാണ് ഡിജിറ്റല്‍ വിവര സുരക്ഷാ ബില്‍ അവതരിപ്പിച്ചത്. പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടണം എന്ന ആവശ്യവുമായാണ് പ്രതിപക്ഷം ബില്‍ അവതരണത്തെ എതിര്‍ത്തത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.