2023 May 29 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ട്വന്റി20യിൽ ഏറ്റവും കൂടുതൽ റേറ്റിങ് നേട്ടത്തിന് അരികിലെത്തി ഇന്ത്യയുടെ സൂര്യകുമാർ യാദവ്; പിന്നിൽ പാകിസ്ഥാൻ താരം

ദുബായ്: രാജ്യാന്തര ട്വന്റി20യിൽ ഏറ്റവും കൂടുതൽ റേറ്റിങ് സ്വന്തമാക്കുന്ന ബാറ്ററെന്ന നേട്ടത്തിന് തൊട്ടരികെയെത്തി ഇന്ത്യൻ താരം സൂര്യകുമാർ യാദവ്. 908 റേറ്റിങ് പോയിന്റാണ് നിലവിൽ സൂര്യകുമാർ യാദവിന് ഉള്ളത്. രണ്ടാമതുള്ള പാക്കിസ്ഥാൻ താരം മുഹമ്മദ് റിസ്‌വാന് 836 റേറ്റിങ് പോയിന്റാണ് ഉള്ളത്. 2020ൽ 915 റേറ്റിങ്ങുമായി ഒന്നാം സ്ഥാനത്തിരുന്ന ഇംഗ്ലിഷ് താരം ഡേവിഡ് മലാന്റെ പേരിലാണ് കൂടുതൽ റേറ്റിങ് പോയിന്റ് എന്ന റെക്കോർഡ്.

അതേസമയം, ഐസിസി റാങ്കിങ്ങിന്റെ ഏറ്റവും പുതിയ പതിപ്പിലും ട്വന്റി20 ബാറ്റർമാരിൽ ഒന്നാമനാണ് സൂര്യ. ചുരുങ്ങിയ കാലം കൊണ്ടാണ് സൂര്യകുമാർ ഈ നേട്ടങ്ങൾ എല്ലാം സ്വന്തമാക്കിയത്. 2021 മാർച്ച് 14ന് ഇംഗ്ലണ്ടിനെതിരെയാണ് രാജ്യാന്തര ട്വന്റി20യിൽ അരങ്ങേറിയത്. 2022ൽ രാജ്യാന്തര ട്വന്റി20യിൽ മികച്ച ഫോമിലായിരുന്ന സൂര്യയെ, ആ വർഷത്തെ മികച്ച ട്വന്റി20 താരമായി ഐസിസി തിരഞ്ഞെടുത്തിരുന്നു. ട്വന്റി20യിൽ ഒരു കലണ്ടർ വർഷത്തിൽ ആയിരത്തിലധികം റൺസ് നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് സൂര്യകുമാർ. ഒരു കലണ്ടർ വർഷം രാജ്യാന്തര ട്വന്റി20യിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമെന്ന റെക്കോർഡും സൂര്യകുമാർ യാദവിന് സ്വന്തം.

ഇതുവരെ 47 മത്സരങ്ങളിൽ നിന്ന് 47.17 ശരാശരിയിൽ നേടിയത് 1651 റൺസാണ് സൂര്യകുമാർ യാദവ് അടിച്ച് കൂട്ടിയത്. ഇതിൽ മൂന്നു സെഞ്ചറികളും 13 അർധസെഞ്ചറികളും ഉൾപ്പെടുന്നു. 117 റൺസാണ് കരിയറിലെ ഉയർന്ന സ്കോർ. ഇതുവരെ അടിച്ചുകൂട്ടിയത് 94 സിക്സറുകളും 149 ഫോറുകളുമാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.