2023 September 22 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ചുവരുകളിലെ മായാജാലം

ഫൈസല്‍ മാന്നാര്‍


ചിത്രരചനയില്‍ വേറിട്ട വഴിയിലൂടെ സഞ്ചരിച്ച് വ്യത്യസ്തനാവുകയാണ് ആലപ്പുഴ ജില്ലയിലെ മാന്നാര്‍ സ്വദേശി ശ്രീജിത്ത്. സ്‌പ്രേ പെയിന്റിങ്ങിലാണ് ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പിറവിയെടുക്കുന്നത്. നല്‍കുന്ന ഏതു ചിത്രവും അതേ ചാരുതയോടെ വരച്ചുനല്‍കുന്ന ഈ കലാകാരന്‍ കലാജീവിതത്തില്‍ 25 വര്‍ഷം പൂര്‍ത്തീകരിക്കുകയാണ്. ചെറുപ്പത്തില്‍ തന്നെ ചിത്രങ്ങള്‍ വരക്കുന്നതായിരുന്നു പ്രധാന വിനോദം. ചിത്രകലയിലുള്ള കമ്പം പ്രായത്തിനൊത്ത് വളര്‍ന്നപ്പോള്‍ പത്താംതരത്തോടെ പഠനം ഉപേക്ഷിച്ചു. ഇതാണ് ഇനി ജീവിതമാര്‍ഗം എന്നുറപ്പിച്ച് കൂടുതല്‍ സമയം അതിനായി ചെലവഴിച്ചു. ഇരുപത്തിയഞ്ചു വര്‍ഷം പിന്നിടുമ്പോള്‍ മറ്റൊന്നും ലഹരിയായി തോന്നിയിട്ടില്ലെന്ന് ശ്രീജിത്ത്.


നാട്ടില്‍ ഹൗസ് പെയിന്റിങ്ങും ബോര്‍ഡ് എഴുത്തും ചിത്രരചനയുമൊക്കെയായി ജീവിതം മുന്നോട്ടുപോകുമ്പോഴാണ്് പ്രവാസജീവിതത്തിലേക്ക് പറന്നത്. ഷാര്‍ജയിലെ ഷിപ്പ്‌യാർഡിലും യു.എ.ഇയിലെ പ്രമുഖ കമ്പനികളിലുമായി 11 വര്‍ഷം ജോലി ചെയ്തു. അവിടെയും ഇഷ്ടജോലി തന്നെ ലഭിച്ചതില്‍ സംതൃപ്തനായിരുന്നു. എന്നാല്‍ കുടുംബ ജീവിതത്തിലെ താളപ്പിഴകള്‍ ജോലി ഉപേക്ഷിക്കാന്‍ കാരണമായി.
കോട്ടയം, കണ്ണൂര്‍, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളില്‍ ടൂറിസ്റ്റ് ബസുകളിലും ലോറികളിലും ചിത്രങ്ങള്‍ വരയ്ക്കുന്ന ജോലിയായിരുന്നു പിന്നീട്. ബഹുവര്‍ണ ഡിസൈനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ജീവിതം വഴിമുട്ടിയ അവസ്ഥയായി. അങ്ങനെയാണ് പുതിയ ഇടങ്ങളില്‍ പരീക്ഷിക്കാന്‍ തുടങ്ങിയത്.
സാധാരണ ചിത്രംവരയ്ക്കുന്ന രീതിയില്‍നിന്നു വ്യത്യസ്തമായി പെന്‍സിലോ, ബ്രഷോ ഉപയോഗിച്ച് ദിവസങ്ങളോളം സമയമെടുത്തു വരക്കേണ്ട ചിത്രങ്ങള്‍ എങ്ങനെ എളുപ്പത്തില്‍ വരക്കാമെന്ന ചിന്തയാണ് സ്‌പ്രേ പെയിന്റിങ്ങിലേക്ക് എത്തിച്ചത്. പിന്നെ അടുത്ത സൈറ്റില്‍ തന്നെ പരീക്ഷിച്ചു വിജയം നേടി. ഇപ്പോള്‍ ബ്രഷോ പെന്‍സിലോ ഉപയോഗിക്കാറേ ഇല്ല. കാരണം അതിലും എളുപ്പത്തില്‍ ഗണ്‍ ഉപയോഗിച്ച് വരയ്ക്കാന്‍ സാധിക്കുന്നുണ്ട്. ഏറ്റവും ബുദ്ധിമുട്ടുള്ള ചിത്രം വരയ്ക്കാന്‍ മൂന്നു മണിക്കൂര്‍ മാത്രമാണ് എടുക്കുന്നതെന്നും ശ്രീജിത്ത് പറയുന്നു.


ചിത്രരചനയില്‍ മ്യൂറല്‍, കാര്‍ട്ടൂണുകള്‍, ഓയില്‍ പെയിന്റിങ്, ഫിംഗര്‍ പെയിന്റിങ് തുടങ്ങിയ പല പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. സിമന്റിലും പ്ലാസ്‌ട്രോപാരീസിലും ശില്‍പങ്ങളും ചെയ്യുന്നുണ്ട്. ശില്‍പങ്ങള്‍ ചെയ്യാന്‍ ടൂള്‍സ് ഒന്നുംതന്നെ ഉപയോഗിക്കാറില്ല. കൈയില്‍ കിട്ടുന്നതെന്തും ശ്രീജിത്തിന് ടൂള്‍സാണ്.
ഒരു ദിവസം നാലു ചിത്രങ്ങള്‍വരെ വരക്കാന്‍ കഴിയുമെന്നാണ് ശ്രീജിത്ത് പറയുന്നത്. ദൂരെ സ്ഥലങ്ങളില്‍ പോയാല്‍ വര്‍ക്ക് തീര്‍ക്കുക എന്ന ലക്ഷ്യത്തോടെ ഏഴു ദിവസം വരെ തുടര്‍ച്ചയായി ഉറങ്ങാതെ ജോലി ചെയ്തിട്ടുണ്ട് ഇദ്ദേഹം. സാമ്പത്തികം എന്നതിലുപരി സംതൃപ്തിയാണ് ജീവിതമെന്നും അതുതന്നെയാണ് ആഗ്രഹിക്കുന്നതെന്നും ശ്രീജിത്ത് പറയുന്നു.


കേരളത്തിലെ എല്ലാ ജില്ലകളിലും പോയി ചിത്രം വരച്ചിട്ടുണ്ട്. മണര്‍കാട് പള്ളി ഉള്‍പ്പെടെ നിരവധി പള്ളികളുടെ മദ്ബഹയിലെ ചിത്രങ്ങള്‍ വരയ്ക്കാനും ഭാഗ്യം ലഭിച്ചു. ഇപ്പോള്‍ ഡല്‍ഹിയിലേക്കും ഹൈദരാബാദിലേക്കും മുംബൈയിലേക്കും ക്ഷണം ലഭിച്ചിട്ടുണ്ട്. ചിത്രംവരയില്‍തന്നെ തുടരാനാണ് ആഗ്രഹമെന്നും ജോലില്‍ സംതൃപ്തിയുണ്ടെന്നുമാണ് ശ്രീജിത്ത് പറയുന്നത്. ആലപ്പുഴ ജില്ലയിലെ മാന്നാര്‍ പാവുകര കുറക്കോട്ട് വഞ്ചിയില്‍ പഞ്ചമന്റെയും രാജമ്മയുടെയും മകനാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.