2023 September 29 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കവിതകൊണ്ട് മരണത്തെ അതിജീവിക്കുംവിധം

ഹംഗേറിയന്‍ കവി മിക്ലോസ് റദ്‌നോദിയുടെ കാവ്യലോകം

അവധൂതരുടെ വന്‍കരകള്‍
ഡോ. രോഷ്‌നി സ്വപ്‌ന

You are permanent
with in me
in this Chaos
ഈ വരികള്‍ എന്നെ അതെഴുതിയ കവിയുടെ കിട്ടാവുന്നിടത്തോളം കവിതകളിലേക്ക് പായിക്കുകയായിരുന്നു.
‘ഈ അവ്യവസ്ഥിതത്വത്തില്‍
എന്നില്‍
എന്നോടൊപ്പം
നീ സ്ഥിതമാണ്’
എന്ന് ഞാന്‍ അതിനെ പരിഭാഷപ്പെടുത്തി. മിക്ലോസ് റദ്‌നോദി (Miklos Radnoti )എന്ന കവിയായിരുന്നു ലാവപോലെ പൊള്ളുന്ന ഈ വരികള്‍ എഴുതിയത്. രണ്ടാംലോക മഹായുദ്ധ കാലത്ത് ഹംഗറിയില്‍ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന യഹൂദവിരുദ്ധതയും നാസി ജര്‍മനിയുമായുള്ള ചരിത്രബന്ധവും ഒട്ടേറെ ആളുകളെ ഓഷ്വിറ്റിലേക്ക് നാടുകടത്താന്‍ കാരണമായിട്ടുണ്ട്. ഏകദേശം 4,50,000 ഓളം ഹംഗറി നിവാസികള്‍, ജൂതന്മാര്‍ എന്നിവര്‍ കൂട്ടത്തോടെ നാടുകടത്തപ്പെട്ടു.


ഇരുപതാം നൂറ്റാണ്ടില്‍ ഹംഗറിയിലെ അവാന്‍ ഗാര്‍ഡ് പ്രവര്‍ത്തനങ്ങളിലേക്ക് ആകൃഷ്ടനായ മിക്ലോസിന്റെ യുവത്വം അദ്ദേഹത്തിന്റെ കവിതകളില്‍ ഏറെ പ്രകടമാണ്. ജൂതപാരമ്പര്യമാണ് അദ്ദേഹത്തിന്റേത്. അദ്ദേഹത്തിന്റെ കവിതകളെ ഈ പാരമ്പര്യം സാരമായ പങ്കുവഹിച്ചിട്ടുണ്ട്. ആത്മീയ സംഘര്‍ഷങ്ങളിലൂടെയും രാഷ്ട്രീയസംഘര്‍ഷങ്ങളിലൂടെയും കടന്നുപോയ മിക്ലോസിന്റെ ജീവിതത്തിന്റെ കണ്ണാടികളായി മാറുന്നുണ്ട് എപ്പോഴും അദ്ദേഹത്തിന്റെ കവിതകള്‍.
1930നും 35നുമിടയില്‍ യൂനിവേഴ്‌സിറ്റി ഓഫ് സെജ്ഡ് (universtiy of zeged)ല്‍ ഫ്രഞ്ച് സാഹിത്യപഠനകാലത്ത് ഹംഗേറിയന്‍ സാഹിത്യത്തെ കൂടുതല്‍ ആഴത്തില്‍ അറിയാനും ഉള്‍ക്കൊള്ളാനും അദ്ദേഹത്തിനു കഴിഞ്ഞു. ആ സമയത്തുതന്നെ ബുദാപെസ്റ്റിലെ പ്രധാന കലാകാരന്മാരുമായി, പ്രത്യേകിച്ച് യുദ്ധകാല കലാകാരന്മാരുമായും ബുദ്ധിജീവികളുമായും ബന്ധപ്പെടാന്‍ അവസരമുണ്ടായി.
ഹംഗറിയിലെ രാഷ്ട്രീയസാഹചര്യം ഏറ്റവും പ്രക്ഷുബ്ധമായ കാലമായിരുന്നു അത്. കൂടുതല്‍ സ്‌ഫോടനാത്മകമായ അന്തരീക്ഷമായിരുന്നു കലാകാരന്‍മാര്‍ക്കും കവികള്‍ക്കും അക്കാലത്ത് നേരിടാനുണ്ടായിരുന്നത്.


മിക്ലോസ് റദ്‌നോദി ആ സമയത്ത് കത്തോലിക് വിശ്വാസിയായി മാറുന്നുണ്ട്. രണ്ടാംലോക മഹായുദ്ധകാലത്ത് അദ്ദേഹം നിര്‍ബന്ധിത സേവനത്തിന് അയക്കപ്പെട്ടു. അദ്ദേഹത്തിന്റേത് ജൂത പാരമ്പര്യമായിരുന്നു എന്നതായിരുന്നു കാരണം. അത് അദ്ദേഹത്തിന്റെ സര്‍ഗാത്മക ബോധത്തെ നിരാശയിലേക്ക് അകപ്പെടുത്തി. എങ്കിലും കവിതകളും ലേഖനങ്ങളും എഴുതുന്നതു നിര്‍ത്തിയില്ല.


അതോടൊപ്പം തന്നെ ആഫ്രിക്കയുടെ നാടോടി പാരമ്പര്യം ഉള്‍ക്കൊള്ളുന്ന ചില കവിതകള്‍ കൂടി അദ്ദേഹം എഴുതി. 1944ല്‍ യൂഗോസ്ലാവിയയിലെ കോപ്പര്‍ മൈനിലേക്ക് ജോലിക്കാരായി നിയമിക്കപ്പെട്ട അവസാന സംഘത്തില്‍ അദ്ദേഹവും ഉണ്ടായിരുന്നു. ഹോളോകോസ്റ്റിലെ ഈ നിര്‍ബന്ധിത സേവനങ്ങള്‍ അദ്ദേഹത്തിന്റെ മാനസികനില തകര്‍ത്തു. അവനവനില്‍നിന്നുതന്നെ ഉള്‍വലിഞ്ഞുകൊണ്ടാണ് അക്കാലത്തെ ജീവിതം. തീര്‍ത്തും ഭ്രാന്തമായ അവസ്ഥയിലേക്ക് എത്തുന്നുണ്ട് കവി അക്കാലത്ത്!
‘വിശപ്പും മാനസികവും ശാരീരികവുമായ പീഡനങ്ങളും ആ ജീവിതത്തെ യാതനകളിലേക്ക് വഴിതിരിച്ചുവിട്ടു. ഒടുവില്‍ ഹോളോകോസ്റ്റില്‍ വച്ച് അദ്ദേഹത്തെ വെടിവച്ചു കൊല്ലുകയായിരുന്നു.


നിരവധി ശവശരീരങ്ങള്‍ക്കിടയില്‍ സാധാരണ മനുഷ്യനായി, സാധാരണ മനുഷ്യന്റെ ശവശരീരമായി മിക്ലോസ് റദ്‌നോദി എന്ന കവി കിടന്നു. ഒരുപാടുപേരെ ഒരുമിച്ച് അടക്കംചെയ്ത ഒരു ശവകുടീരത്തില്‍.
ഒരു വര്‍ഷത്തിനുശേഷം ഈ ശവക്കല്ലറകള്‍ തുറന്നു പരിശോധിച്ചപ്പോള്‍ അദ്ദേഹത്തിന്റെ അവസാന കവിതകള്‍ അടങ്ങിയ നോട്ടുപുസ്തകം കണ്ടെടുക്കപ്പെട്ടു. ആ കവിതകള്‍കൂടി അടങ്ങിയ കവിതാസമാഹാരം 1946ല്‍ പ്രസിദ്ധീകരിക്കപ്പെട്ടു, പേര് ‘ക്ലൗഡ് സ്‌കൈ’.


ഹോളോകോസ്റ്റ് ജീവിതത്തിന്റെ ഏറ്റവും തീവ്രമായ അടയാളമായി, ഏറ്റവും തീവ്രമായ അനുഭവസാക്ഷ്യമായാണ് മിക്ലോസ് റദ്‌നോദിയുടെ കവിതകള്‍ ലോകം ഇന്നും വായിക്കുന്നത്. കവിതകള്‍ പല ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച് അവസാനകാല കവിതകള്‍.


‘എ ലെറ്റര്‍ ടു മൈ വൈഫ്’ പോലുള്ള കവിതകള്‍ ഹോളോകോസ്റ്റ് ജീവിതത്തിന്റെ ചോര വാര്‍ന്നൊഴുകുന്ന അനുഭവസാക്ഷ്യങ്ങളാണ്. ഹോളോകോസ്റ്റില്‍നിന്ന് മരണംകൊണ്ട് അതിജീവിച്ച കവിയായിരുന്നു മിക്ലോസ്.
ഒരു കവിയുടെ കവിതകള്‍ അദ്ദേഹം മരണസമയത്തുകൂടി അനുഭവിച്ച യാതനകളുടെ സാക്ഷ്യങ്ങളാകുന്നത് നേര്‍ക്കുനേര്‍ കാണാനാവും നമുക്കു മിക്ലോസിന്റെ കവിതകളില്‍. അദ്ദേഹത്തിന്റെ അവസാന കവിതകളില്‍ വ്യക്തിയും സമൂഹവും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ ചിത്രങ്ങള്‍ ധാരാളമുണ്ട്. അത് ചിലപ്പോള്‍ തീര്‍ത്തും വ്യക്തിപരമാകുന്നു. അല്ലെങ്കില്‍ തീക്ഷണമായ രാഷ്ട്രീയമാകുന്നു.

1.
ഏഴാം ഗീതകം


ഫ്രഞ്ചുകാര്‍
ധ്രുവങ്ങള്‍,
ഉച്ചത്തില്‍ അലറുന്ന
ഇറ്റലിക്കാര്‍…
സെര്‍ബികള്‍
സ്വപ്ന സഞ്ചാരികള്‍…
ജൂതന്മാര്‍
കുന്നുകളില്‍ ജീവിക്കുന്നു.
എല്ലാ അപവാദങ്ങള്‍ക്കും
നേരെ കാതുകളടച്ച്…
ജ്വരമൂര്‍ച്ചയില്‍ വിറക്കുന്ന
ഒരുടല്‍ കഷ്ണങ്ങളായി
അറുക്കപ്പെടുന്നു.
എന്നിട്ടും
ഒരൊറ്റ ജീവിതം നയിക്കുന്നു.
ഇത് നല്ല വാര്‍ത്തകള്‍ക്കായുള്ള
കാത്തിരിപ്പു കാലമാണ്.
സ്ത്രീകളുടെ
മധുരമൊഴികള്‍…
മനുഷ്യന്റെ
അയഞ്ഞ വിധി…
ഇത് അവസാനത്തിനായുള്ള
കത്തിരിപ്പുകാലം.
അനന്തമായ
അന്ധകാരത്തിലേക്കുള്ള
പതനം!
അത്ഭുതങ്ങള്‍!
അവസാന വിധിക്കായ്
കാത്തുകിടക്കുകയാണു ഞാന്‍.
തടവിലാക്കപ്പെട്ട ഒരു മൃഗംപോലെ…
മണ്ണിരകള്‍ക്കു മീതെ
ഈച്ചകള്‍ കൂട്ടത്തോടെ ആക്രമിക്കുന്നു.
പക്ഷേ അവര്‍
എത്ര ശാന്തരാണ്!
നോക്കൂ ഇതു സായാഹ്നമാണ്.
അടിമത്തത്തില്‍നിന്ന്
ഒരുദിവസംകൂടി കുറഞ്ഞിരിക്കുന്നു.
ഇത് ജീവിതംകൂടിയാണ്.
ക്യാംപ് ഇപ്പോള്‍ ഉറക്കത്തിലാണ്.
നിലാവു തെളിഞ്ഞുപരക്കുന്നു
മണ്‍തിട്ടകള്‍ക്കു മീതെ,
എല്ലാ ഇലക്ട്രിക് വയറുകള്‍ക്കും
ബള്‍ബുകള്‍ക്കുംമീതെ
ചന്ദ്രന്റെ വെളിച്ചം.
തോക്കേന്തിയ പട്ടാളക്കാരെ
നിനക്കാ ജനലിലൂടെ
കാണാന്‍ പറ്റുന്നു.
കാവല്‍ക്കാര്‍
ചുവരിലേക്കു നീട്ടിയെറിയുന്ന
രാത്രിയുടെ ഒച്ചകള്‍.

2.
കവി പ്രവാചകനാണ്


സമയവും കൊടുങ്കാറ്റും
ഒരു പുതിയ യുദ്ധത്തിലേക്ക്
കടന്നുവരുന്നു.
വിശന്നലഞ്ഞ മേഘങ്ങള്‍
നീലാകാശത്തെ
വിഴുങ്ങുന്നു.
ഇവിടെമാകെ
മങ്ങിപ്പോകുന്നു.
നിന്റെ യുവതിയായ ഭാര്യ
നിന്നെ ചേര്‍ത്തുപിടിച്ചിരിക്കുന്നു.
ഭയം കരച്ചിലിലേക്ക് വഴുതിമാറുന്നു.
എന്താണിനി പറയാന്‍
ബാക്കിയുള്ളത്?
മഞ്ഞുകാലം വരും,
യുദ്ധം വരും,
ആളുകളുടെ കാഴ്ചയില്‍
ഞാന്‍ ഇല്ലാതാകും.
വായിലും കണ്ണുകളിലും
നനഞ്ഞ മണ്ണായി ഭൂമി
നിലനില്‍ക്കും.
എന്റെ ഉടലിലൂടെ വേരുകള്‍
പുതിയ വഴികള്‍
തിരുത്തിയെഴുതും.
മണ്ണില്‍ ജീവനറ്റ ഉടലുകള്‍
വിത്തുകള്‍പോലെ ചിതറിക്കിടക്കും.
ഒരൊറ്റ ഒച്ചപോലും പുറപ്പെടുവിക്കാതെ
മരണത്തിന്റെ
ഒരിക്കലും അവസാനിക്കാത്ത
ജാഥ കടന്നുപോകും.
3
അങ്ങനെ ഞാനും അത്ഭുതപ്പെടും


ഞാന്‍ ജീവിച്ചു,
എങ്ങനെയൊക്കെയോ.
പക്ഷേ ആ ജീവിതത്തില്‍
ഞാന്‍ ദുര്‍ബലനായിരുന്നു,
അങ്ങേയറ്റം.
അവസാനം അവരെന്നെ ഇവിടെത്തന്നെ
അടക്കം ചെയ്യുമെന്ന്
എനിക്കറിയാമായിരുന്നു.
ഓരോ വര്‍ഷംതോറും
കൂമ്പാരം ഏറിയേറി വന്നു.
കട്ടയില്‍ കട്ട,
കല്ലിന്മേല്‍ കല്ല്,
ശരീരം വീര്‍ക്കുന്നതായും
തണുത്തുറഞ്ഞ ശരീരത്തില്‍
പുഴുക്കള്‍ ഇഴയുന്നതായും…
ഇരുള്‍ വീഴുമ്പോള്‍
നഗ്‌നമായ അസ്ഥിവിറയ്ക്കും.
മുകളില്‍ പറഞ്ഞിരിക്കുന്ന സമയം
എന്റെ കവിതകളിലൂടെ
കടന്നുപോകുകയാണ് ഞാന്‍
ഭൂമിയില്‍ കൂടുതല്‍ ആഴത്തില്‍
മുങ്ങിപ്പോകുമെന്നെനിക്ക് തോന്നുന്നു.
എല്ലാം എനിക്കറിയാമായിരുന്നു.
എന്നോട് പറയൂ,
എന്തായിരുന്നു എന്റെ ജോലി?
ജീവിതവുമായി ബന്ധപ്പെട്ട എന്തെങ്കിലും?

ഇനിയും ഏറെ കവിതകളുണ്ട് മിക്ലോസിന്റേതായി. അതിതീവ്രമായ വേദനകള്‍, യാതനകള്‍, രാഷ്ട്രീയ ബോധ്യങ്ങള്‍… ഒടുവില്‍ യുദ്ധത്തിന്റെ ക്രൂരതയുടെ വെടിയുണ്ടയില്‍നിന്ന് ഉയിര്‍ത്തെണീറ്റ മരണാനന്തര ജീവിതം! ഓഷ്‌വിറ്റിനു ശേഷം കവിതയില്ല എന്നു പറഞ്ഞത് അഡോണയാണ്.
തെറ്റിപ്പോയിയിരിക്കുന്നു. ഓഷ്‌വിറ്റിനു ശേഷമാണ് കവിതകള്‍… ഓഷ്‌വിറ്റിനു ശേഷമുള്ള കവിതകള്‍.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.