2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വടകരയില്‍ യു.ഡി.എഫിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്

കടത്തനാടന്‍ മണ്ണിലേക്ക് മുരളീധരന്റെ മാസ് എന്‍ട്രി

ഇ.പി മുഹമ്മദ്

 

കോഴിക്കോട്: ഒരു ആക്ഷന്‍ ത്രില്ലര്‍ സിനിമയിലെ നായകന്റെ രംഗപ്രവേശം പോലെയാണ് വടകരയിലേക്ക് കെ. മുരളീധരന്‍ സ്ഥാനാര്‍ത്ഥിയായി എത്തുന്നത്. കാത്തിരിപ്പിനൊടുവില്‍ എല്ലാവരുടെയും കൈയടി വാങ്ങിക്കൊണ്ടുള്ള മാസ് എന്‍ട്രി. വടകരയില്‍ മണ്ഡലം കൈവിട്ടുപോകുമോ എന്ന ആശങ്കയില്‍ നിന്ന് യു.ഡി.എഫ് പ്രവര്‍ത്തകരെ ശുഭാപ്തി വിശ്വാസത്തിന്റെ വന്‍കരയിലേക്ക് എത്തിച്ചിരിക്കുകയാണ് സംസ്ഥാന രാഷ്ട്രീയത്തിലെ ഈ മിന്നും താരം.

 

ഏറെക്കാലം തന്റെ തട്ടകമായ കോഴിക്കോട് ജില്ലയിലേക്കുള്ള മടങ്ങിവരവ് കൂടിയാണ് വടകരയിലെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ മുരളീധരന് സാധ്യമായത്. സംസ്ഥാന കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഉമ്മന്‍ ചാണ്ടി കഴിഞ്ഞാല്‍ ഏറ്റവും ക്രൗഡ് പുള്ളറാണ് മുരളീധരന്‍. കോണ്‍ഗ്രസുകാരുടെ എക്കാലത്തെയും ലീഡര്‍ കെ. കരുണാകരന്റെ പ്രിയ പുത്രന് വടകരയിലും ഏറെ അനുയായികളുണ്ട്. മണ്ഡലത്തിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ മുരളീധരന് എളുപ്പം ജയിച്ചു കയറാമെന്നാണ് രാഷ്ട്രീയ നിരീക്ഷരുടെ വിലയിരുത്തല്‍.
കെ. കരുണാകരന്റെയും കല്യാണിക്കുട്ടിയമ്മയുടെയും മകനായി 1957 മെയ് 14ന് ജനനം. ഐച്ഛിക വിഷയമായി നിയമം പഠിച്ചെങ്കിലും അഭിഭാഷകനായല്ല സജീവ രാഷ്ട്രീയ പ്രവര്‍ത്തകനായി മാറി.

തൃശൂര്‍ പൂങ്കുന്നം ഗവ. ഹൈസ്‌കൂള്‍, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ്, തിരുവനന്തപുരം ലോ അക്കാദമി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. സേവാദളിലൂടെ തുടങ്ങിയ രാഷ്ട്രീയ ജീവിതത്തില്‍ നിന്നാണ് ഇന്നത്തെ മുരളീധരന്‍ പിറക്കുന്നത്. സേവാദളിന്റെ അമരത്ത് തുടരുമ്പോഴാണ് 1989ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ്. വലിയ ഭൂരിപക്ഷത്തോടെ വോട്ടര്‍മാര്‍ അദ്ദേഹത്തെ കോഴിക്കോടു നിന്ന് പാര്‍ലമെന്റിലേക്ക് അയച്ചു. 1991ലും 1999ലും നടന്ന തെരഞ്ഞെടുപ്പിലും മുരളീധരന് തന്നെയായിരുന്നു ജനങ്ങളുടെ അംഗീകാരം.

കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് പദവിയിലേക്ക് എത്തിയ മുരളീധരന്‍, 2001 2004 കാലഘട്ടത്തില്‍ കെ.പി.സി.സി അധ്യക്ഷനായി. അന്ന് എ.കെ ആന്റണിയായിരുന്നു കേരളത്തിന്റെ മുഖ്യമന്ത്രി. 2004 ഫെബ്രുവരി 11ന് യു.ഡി.എഫ് മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായി കെ. മുരളീധരന്‍ ചുമതലയേറ്റു. എന്നാല്‍, ആറുമാസത്തിനകം നടന്ന ഉപതെരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരി മണ്ഡലത്തില്‍ പരാജയപ്പെട്ടതോടെ മന്ത്രിസ്ഥാനം രാജിവെച്ചു. ഗ്രൂപ്പ് യുദ്ധം കൊടുമ്പിരിക്കൊണ്ട കാലത്ത് നേതൃത്വവുമായി പിണങ്ങി മുരളീധരന്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടു. ഡി ഐ സി രൂപീകരിച്ച് ഇടതുമുന്നണിയുമായ് സഹകരിച്ച് വന്‍ തരംഗം ഉണ്ടാക്കി. വയനാട്ടില്‍ ലോക്‌സഭയിലേക്ക് മുന്നണികളിലില്ലാതെ മത്സരിച്ച് വന്‍തോതില്‍ വോട്ടു പിടിച്ചു.

 

2011ല്‍ മാതൃസംഘടനയിലേക്ക് മടങ്ങിയെത്തിയതുവരെയുള്ള കാലഘട്ടം ജീവിതത്തില്‍ മറക്കാനാഗ്രഹിക്കുന്ന അനുഭവ പാഠങ്ങളായിരുന്നുവെന്ന് മുരളീധരന്‍ പലപ്പോഴും പറയാറുണ്ട്. തിരിച്ചെത്തിയ ശേഷം രണ്ടു തവണ വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ജനപ്രതിനിധിയായി. കഴിഞ്ഞ തവണ കരുത്തനായ കുമ്മനം രാജശേഖരനെ പരാജയപ്പെടുത്തി. നിലവില്‍ കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതി അംഗവും കെ.പി.സി.സി പ്രചാരണ സമിതി അധ്യക്ഷനുമാണ്.ഭാര്യ: ജ്യോതി. രണ്ട് മക്കളുണ്ട്. സഹോദരി പത്മജ വേണുഗോപാല്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയാണ്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.