2023 September 24 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പണം മാത്രമല്ല…കുടംപുളി, പുഴുങ്ങിയ മുട്ട, തേന്‍…സുരേഷ് കുമാറിന്റെ ‘കൈക്കൂലി’ പട്ടിക ഇങ്ങനെ

ജംഷീര്‍ പള്ളിക്കുളം

പണം മാത്രമല്ല…കുടംപുളി, പുഴുങ്ങിയ മുട്ട, തേന്‍…സുരേഷ് കുമാറിന്റെ ‘കൈക്കൂലി’ പട്ടിക ഇങ്ങനെ

പാലക്കാട്: ലക്ഷങ്ങളുടെ ആസ്തിയുണ്ടായിട്ടും കുടംപുളി മുതല്‍ പുഴുങ്ങിയ മുട്ടവരെ പ്രതിഫലമായി വാങ്ങി കൈക്കൂലിക്കാര്‍ക്കിടയില്‍ വ്യത്യസ്തനായിരുന്നു കഴിഞ്ഞദിവസം വിജിലന്‍സിന്റെ പിടിയിലായ പാലക്കയം വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വി. സുരേഷ് കുമാര്‍. മുട്ടയും കുടംപുളിയും കൂടാതെ തേന്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍ തുടങ്ങി കിട്ടുന്നതെന്തും കൈക്കൂലിയായി കൈപ്പറ്റുന്ന സുരേഷിന്റെ ‘കൈക്കൂലി ജീവിത’ത്തെ വര്‍ണിക്കാന്‍ നാട്ടുകാര്‍ക്ക് ആയിരം നാവാണ്. കാരണം ഏതെങ്കിലുമൊരു രീതിയില്‍, പഴമായോ പച്ചക്കറിയായോ പണമായോ സുരേഷിന്റെ കൈക്കൂലി കെണിയില്‍പ്പെട്ടവരാണ് നാട്ടുകാരില്‍ പലരും. വിജിലന്‍സ് നടത്തിയ റെയ്ഡില്‍ പായ്ക്കറ്റ് കണക്കിന് കുടംപുളിയും കുപ്പികളില്‍ തേനും പൊട്ടിക്കാത്ത റെഡിമെയ്ഡ് ഷര്‍ട്ടുകളുടെ പായ്ക്കറ്റും മുണ്ടുകളും കണ്ടെത്തിയിരുന്നു.

35 ലക്ഷം രൂപ പണമായും 45 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപ രേഖകളും 17 കിലോ നാണയങ്ങളും 25 ലക്ഷം രൂപയുടെ സേവിങ്‌സ് അക്കൗണ്ടും 1.05 കോടിയുടെ ആസ്തിയുള്ള സുരേഷ് കുമാര്‍ ഇങ്ങനെ എന്തും കൈക്കൂലിയായി വാങ്ങിയിരുന്നുവെന്നത് വിജിലന്‍സിനെയും അമ്പരിപ്പിച്ചിട്ടുണ്ട്. ഇയാള്‍ താമസിച്ചിരുന്നത് 2500 രൂപ മാസവാടകയുള്ള മുറിയിലായിരുന്നു. സ്വന്തമായി കാറോ ഇരുചക്രവാഹനമോ ഇല്ല. കൈക്കൂലി ലഭിക്കാതെ സുരേഷ് ഒന്നും ചെയ്യില്ലെന്നും നടപടിയെടുക്കാതെ അപേക്ഷ പിടിച്ചുവയ്ക്കുമെന്നും നാട്ടുകാര്‍ പറയുന്നു. വില്ലേജ് ഓഫിസില്‍ എത്തുന്ന നാട്ടുകാരെ, പ്രത്യേകിച്ച് കര്‍ഷകരെ കൈക്കൂലി കിട്ടുന്നവരെ നടത്തിക്കും. ഗതികെട്ട് ഒടുവില്‍ ആവശ്യപ്പെടുന്ന പണമോ മറ്റോ നല്‍കുകയാണ് ചെയ്യുക. കര്‍ഷകര്‍ മുന്‍പ് ഇയാള്‍ക്കെതിരേ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. വിജിലന്‍സിനെ കൊണ്ട് പിടിപ്പിക്കുമെന്നുവരെ നാട്ടുകാര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍, സുരേഷിനെതിരേ പരാതി ലഭിച്ചിട്ടില്ലെന്നും കൈക്കൂലി വാങ്ങുന്നതായി സംശയം തോന്നിയിട്ടില്ലെന്നുമാണ് പാലക്കയം വില്ലേജ് ഓഫിസര്‍ പി.ഐ സജീത് പറയുന്നത്.

ലക്ഷങ്ങള്‍ കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് സുരേഷ് കുമാറിന് സസ്‌പെന്‍ഷന്‍

അവിവാഹിതനായ സുരേഷ്‌കുമാറിന് ഒരു സഹോദരി മാത്രമാണുള്ളത്. തിരുവനന്തപുരത്ത് കുറച്ചുനാള്‍ മുന്‍പ് ഒരു വീട് വാങ്ങിയിരുന്നു. ഓണം, വിഷു പോലെയുള്ള വിശേഷാവസരങ്ങളില്‍ മാത്രമാണ് ഇയാള്‍ തിരുവനന്തപുരത്ത് എത്തിയിരുന്നത്. വീട്ടില്‍ ഇടയ്ക്ക് വന്നുപോകും. താമസം സഹോദരിയുടെ വീട്ടിലായിരുന്നു. അതുകൊണ്ടുതന്നെ പരിസരവാസികള്‍ക്ക് ഇദ്ദേഹത്തെ വലിയ പരിചയവുമില്ല. പണം സ്വരുക്കൂട്ടിയത് വീട് വെക്കാനെന്നാണ് പ്രതിയുടെ കുറ്റസമ്മത മൊഴി.അറസ്റ്റിലായ സുരേഷ് കുമാറിനെ തൃശൂര്‍ വിജിലന്‍സ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. തൃശൂര്‍ ജില്ലാ ജയിലിലേക്കാണ് ഇയാളെ മാറ്റിയത്.മണ്ണാര്‍ക്കാട് താലൂക്ക്തല അദാലത്തില്‍ ഡ്യൂട്ടിക്കെത്തിയ സുരേഷ് കുമാര്‍ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് പിടിയിലായത്.

suresh-kumar-lived-in-a-single-room-where-even-the-fan-did-not-work


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.