
ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നല്കിയ ഹരജികള്‍ സുപ്രിംകോടതിയിലേക്ക് മാറ്റണമെന്ന ഹരജി സുപ്രിംകോടതി തള്ളി. ആവശ്യമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രിംകോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേരള സര്‍ക്കാരിന്റെ ഹജികള്‍ പരിഗണിച്ചത്. മണ്ഡലകാലത്തെ നിരോധനാജ്ഞ ചോദ്യം ചെയ്തും യുവതീ പ്രവേശനത്തെ എതിര്‍ത്തുമുള്ള 32 ല്‍പരം ഹരജികള്‍ ഹൈക്കോടതിയില്‍ നിന്നും സുപ്രിംകോടതിയിലേക്ക് മാറ്റണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
ഇതോടൊപ്പം ഹൈക്കോടതി മൂന്നംഗ നിരീക്ഷണസമിതിയെ നിയോഗിച്ച നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യവും സുപ്രിംകോടതി പരിഗണിച്ചില്ല. ഇക്കാര്യങ്ങളുന്നയിച്ച് നല്കിയ രണ്ട് ഹരജികളും സുപ്രിംകോടതി തള്ളി. ഹൈക്കോടതിയുടെ അധികാരങ്ങളില്‍ ഇടപെടില്ലെന്നും ഇക്കാര്യത്തില്‍ അന്തിമതീരുമാനം ഹൈക്കോടതിയുടേത് തന്നെയാകുമെന്നും സുപ്രിംകോടതി വ്യക്തമാക്കി.