ന്യൂഡല്‍ഹി: ഡല്‍ഹി വിശ്വാസ് നഗറിലെ ‘അനധികൃത’ കെട്ടിടങ്ങള്‍ ഡല്‍ഹി വികസന അതോറിറ്റി നേതൃത്വത്തില്‍ ഇടിച്ചുനിരത്തുന്നതിനെതിരെ താമസക്കാര്‍ സമര്‍പ്പിച്ച ഹരജിയില്‍ സ്റ്റേ അനുവദിക്കാതെ സുപ്രിം കോടതി. അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുമാറ്റാനുള്ള ഹൈക്കോടതി ഉത്തരവില്‍ ഇടപെടുന്നില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി. താമസക്കാര്‍ക്ക് ഒഴിഞ്ഞുപോകാന്‍ ഏഴ് ദിവസം സമയം അനുവദിച്ച കോടതി ഇതിന് ശേഷം കെട്ടിടങ്ങള്‍ പൊളിക്കാമെന്നും ചൂണ്ടിക്കാട്ടി. ജസ്റ്റിസ് അനിരുദ്ധ ബോസ്, ജസ്റ്റിസ് സഞ്ജയ് കരോള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
താമസസ്ഥലങ്ങള്‍ നഷ്ടപ്പെടുന്നവരുടെ പുനരധിവാസം സംബന്ധിച്ച് ജൂലൈ ആദ്യ ആഴ്ചക്കകം മറുപടി നല്‍കണമെന്ന് കോടതി ഡല്‍ഹി വികസന അതോറിറ്റിയോട് നിര്‍ദേശിച്ചു. ഇന്ന് രാവിലെ എട്ട് മണിയോടുകൂടിയാണ് വിശ്വാസ് നഗറിലെ താമസകേന്ദ്രങ്ങള്‍ പൊളിക്കാന്‍ ആരംഭിച്ചത്. വിഷയം വെക്കേഷന്‍ ബെഞ്ചിന്റെ അടിയന്തര ശ്രദ്ധയില്‍പെടുത്തുകയായിരുന്നു.
കസ്തൂര്‍ബ നഗര്‍ റെസിഡന്‍സ് അസോസിയേഷനാണ് പൊളിക്കലിനെതിരെ ഹരജി നല്‍കിയത്. അധികൃതര്‍ അനധികൃതമാണെന്ന് പറയുന്ന സ്ഥലത്ത് 40 വര്‍ഷമായി തങ്ങള്‍ താമസിച്ചുവരികയാണെന്നും എല്ലാ രേഖകളുമുണ്ടെന്നും ഇവര്‍ പറയുന്നു. വോട്ടര്‍ ഐ.ഡി കാര്‍ഡ്, ഇലക്ട്രിസിറ്റി, ഗ്യാസ് കണക്ഷന്‍, വീട്ടുനികുതി, ജനന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ എല്ലാ രേഖകളുമുണ്ടെന്നും ഇവര്‍ പറയുന്നു. താമസസ്ഥലങ്ങള്‍ പൊളിച്ചുനീക്കുകയാണെങ്കില്‍ എല്ലാവരേയും പുനരധിവസിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
Comments are closed for this post.