
ന്യൂഡല്‍ഹി: മലയാളി മാധ്യമ പ്രവര്ത്തകന് സിദ്ദിഖ് കാപ്പന് മാധ്യമ പ്രവര്‍ത്തനത്തിന്റെ മറവില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനാണ് ശ്രമിച്ചതെന്നും കാപ്പന് പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫിസ് സെക്രട്ടറി ആണെന്നും യു.പി സര്‍ക്കാര്‍ സുപ്രിം കോടതിയില്‍. സിദ്ധീഖ് കാപ്പനെ അറസ്റ്റ് ചെയ്തതിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന് നല്കിയ ഹരജിയിലാണ് യു.പി സര്‍ക്കാരിന്റെ വാദം. കേസ് അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നതെന്നും രണ്ടുവര്‍ഷം മുമ്പ് പൂട്ടിപ്പോയ പത്രത്തിന്റെ പേരിലാണ് സിദ്ദിഖ് കാപ്പന് പ്രവര്‍ത്തിച്ചിരുന്നതെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. സിദ്ധീഖ് കാപ്പന്റെ കൂടെ അറസ്റ്റിലായവര്‍ കാംപസ് ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകരാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
അതേ സമയം കാപ്പന് പോപ്പുലര്‍ ഫ്രണ്ട് സെക്രട്ടറിയാണെന്നത് തെറ്റായ ആരോപണമാണെന്ന് എതിര് സത്യവാങ്മൂലത്തില്‍ പത്രപ്രവര്‍ത്തക യൂണിയനുവേണ്ടി അറിയിച്ചു.
ഹരജിയുമായി ഹൈക്കോടതിയെയാണ് സമീപിക്കേണ്ടതെന്നും അതിനു തയാറുണ്ടോയെന്നും സീനിയര്‍ അഭിഭാഷകന് കപില്‍ സിബലിനോട് കോടതി ആരാഞ്ഞു. ഇതേ കേസിലെ മറ്റു പ്രതികളുടെ ഹേബിയസ് കോര്‍പ്പസ് ഹരജിയില്‍ ഒരു മാസത്തെ നോട്ടിസാണ് ഹൈക്കോടതി നല്‍കിയിരിക്കുന്നതെന്നും ഈ കേസ് സുപ്രിം കോടതി തന്നെ കേള്‍ക്കണമെന്നും കപില്‍ സിബല്‍ പറഞ്ഞു. കേസില്‍ കാപ്പന്റെ ഭാര്യയെ കക്ഷിചേര്‍ക്കണമെന്നും സിബല്‍ ആവശ്യപ്പെട്ടു.
ആത്മഹത്യാ പ്രേരണാക്കേസില്‍ മാധ്യമ പ്രവര്‍ത്തകനായ അര്‍ണബ് ഗോസ്വാമിക്ക് സുപ്രിം കോടതി ഇടക്കാല ജാമ്യം നല്‍കിയത് സിബല്‍ ചൂണ്ടിക്കാട്ടി. ആ വിധിയുടെ പശ്ചാത്തലത്തില്‍ കാപ്പന്റെ കേസ് പരിഗണിക്കണമെന്ന് സിബല്‍ വാദിച്ചു. ഓരോ കേസും വ്യത്യസ്തമാണെന്നായിരുന്നു ഇതിനോട് കോടതിയുടെ പ്രതികരണം.
പത്രപ്രവര്‍ത്തക യൂണിയന് നല്കിയ എതിര് സത്യവാങ്മൂലത്തോടുള്ള പ്രതികരണം ഉടന്‍ ഫയല്‍ ചെയ്യുമെന്ന് യുപി സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.