2023 December 09 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പാക് പ്രതിസന്ധിയില്‍ അടിയന്തരമായി ഇടപെടാതെ സുപ്രിം കോടതി; ഇസ്ലാമാബാദില്‍ നിരോധനാജ്ഞ:10,000 സൈനികരെ വിന്യസിച്ചു

  • നാളെ വിശദമായ വാദം

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ അടിയന്തരമായി ഇടപെടുന്നില്ലെന്ന് പാക് സുപ്രിം കോടതി. ഇന്ന് അടിയന്തര ഉത്തരവ് ഇടുന്നില്ലെന്നും നാളെ വിശദമായ വാദം കേട്ട ശേഷം നടപടിയാകാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ പാകിസ്താനില്‍ ദേശീയ അസംബ്ലി തന്നെ ഇന്നുപിരിച്ചു വിടുകയായിരുന്നു. മൂന്നു മാസത്തിനകം രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കും. പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ ശിപാര്‍ശ പ്രസിഡന്റ് ആരിഫ് അല്‍വി അംഗീകരിച്ചാണ് ദേശീയ അസംബ്ലി പിരിച്ചുവിട്ടത്.
അതേ സമയം സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇന്ന് ഇസ്ലാമാബാദില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നഗരത്തില്‍ 10,000 സൈനികരെ വിന്യസിച്ചു.

പ്രധാനമന്ത്രി ഇംറാന്‍ ഖാനെതിരായ അവിശ്വാസ വോട്ടെടുപ്പിന് ഡപ്യൂട്ടി സ്പീക്കര്‍ അനുമതി നിഷേധിക്കുകയായിരുന്നു. പിന്നാലെ അസംബ്ലി പിരിച്ചുവിടണമെന്ന് പ്രസിഡന്റിനോട് ഇംറാന്‍ ശിപാര്‍ശ ചെയ്തു. തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.

അവിശ്വാസ പ്രമേയ വോട്ടെടുപ്പ് നടന്നിരുന്നുവെങ്കില്‍ ഇംറാന്‍ ഖാന്‍ പരാജയപ്പെടുമായിരുന്നുവെന്ന് ഏകദേശം ഉറപ്പായിരുന്നു. 176 അംഗങ്ങളുടെ പിന്തുണയുണ്ടെന്ന് പ്രതിപക്ഷം അവകാശപ്പെട്ടു. 342 അംഗ ദേശീയ അസംബ്ലിയില്‍ അവിശ്വാസ പ്രമേയത്തെ അതിജീവിക്കാന്‍ സര്‍ക്കാറിന് 172 അംഗങ്ങളുടെ പിന്തുണ വേണം. ഇംറാന്റെ തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടിക്ക് (പി.ടി.ഐ) 155 അംഗങ്ങളാണുള്ളത്.

   

ഏഴ് അംഗങ്ങളുള്ള മുത്താഹിദ ക്വാമി മൂവ്മെന്റ് പാകിസ്താന്‍(എം.ക്യു.എംപി), നാല് അംഗങ്ങളുള്ള ബാലൂചിസ്ഥാന്‍ അവാമി പാര്‍ട്ടി, ഒരു അംഗമുള്ള പി.എം.എല്‍ക്യൂ എന്നിവ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചതോടെയാണ് ഇംറാന്റെ നില പരുങ്ങലിലായത്. പി.ടി.ഐയില്‍തന്നെ ഇംറാനോട് എതിര്‍പ്പുള്ളവരുണ്ട്.

താല്‍ക്കാലികമായെങ്കിലും ഇമ്രാന്‍ ഖാന്റെ വിജയമായാണ് നിരീക്ഷകര്‍ ഇന്നത്തെ സംഭവവികാസങ്ങളെ വിലയിരുത്തുന്നത്. ഉടന്‍ അധികാരത്തിലേറാമെന്ന പ്രതിപക്ഷത്തിന്റെ വിശ്വാസത്തിനേറ്റ തിരിച്ചടിയുമായിത്. സുപ്രിം കോടതിയെ സമീപിക്കുക എന്നത് മാത്രമായിരുന്നു പ്രതിപക്ഷത്തിന് മുന്നിലുണ്ടായിരുന്ന വഴി. എന്നാല്‍ ഇതില്‍ പ്രതിപക്ഷം വലിയ പ്രതീക്ഷയുമര്‍പ്പിക്കുന്നില്ല.

അവിശ്വാസ പ്രമേയ വോട്ടെടുപ്പ് നടക്കുമ്പോള്‍ ജനങ്ങളോട് തെരുവിലിറങ്ങി പ്രതിഷേധിക്കാന്‍ ഇംറാന്‍ ഇന്നലെ ആഹ്വാനം ചെയ്തിരുന്നു. തന്നെ പുറത്താക്കാന്‍ വിദേശശക്തികള്‍ ഗൂഢാലോചന നടത്തുകയാണെന്ന ആരോപണം അദ്ദേഹം ആവര്‍ത്തിച്ചു. പാകിസ്താനില്‍ ഒരു പ്രധാനമന്ത്രി പോലും കാലാവധി പൂര്‍ത്തിയാക്കിയിട്ടില്ല. താന്‍ രാജി വയ്ക്കില്ലെന്നും അവസാന പന്തു വരെ പോരാടുമെന്നും ഇംറാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കുകയുണ്ടായി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.