2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

നോട്ട് നിരോധനം: കേസ് വിധി പറയാനായി മാറ്റി; രേഖകൾ ഹാജരാക്കാൻ കേന്ദ്രത്തിന് നിർദേശം നൽകി സുപ്രിംകോടതി

 

നന്യൂഡൽഹി: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട രേഖകൾ സുപ്രിംകോടതിയിൽ സമർപ്പിക്കാൻ കേന്ദ്ര സർക്കാരിനോടും റിസർവ് ബാങ്കിനോടും സുപ്രിംകോടതി. നോട്ട് നിരോധനം ചോദ്യം ചെയ്തുള്ള ഹരജികളിൽ അവസാന ദിവസ വാദം നടന്ന ഇന്നലെയാണ് ജസ്റ്റിസുമാരായ എസ്. അബ്ദുൽ നസീർ, ബി.ആർ ഗവായ്, എ.എസ് ബൊപ്പണ്ണ, വി. രാമസുബ്രമണ്യൻ, ബി.വി നാഗരത്‌ന എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ച് രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടത്. നോട്ടുനിരോധനം പരിശോധിക്കാൻ കോടതിക്ക് അധികാരമില്ലെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ വാദം. എന്നാൽ കോടതി ഇത് അംഗീകരിച്ചിരുന്നില്ല. രേഖകൾ മുദ്രവച്ച കവറിൽ നൽകാമെന്ന് അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണി ബെഞ്ചിനെ അറിയിച്ചു.
കേസ് ഇന്നലെ കോടതി വിധി പറയാനായി മാറ്റി. ഈ മാസം പത്തിന് മുമ്പ് കക്ഷികൾക്ക് തങ്ങളുടെ വാദങ്ങൾ എഴുതി നൽകാമെന്നും ബെഞ്ച് അറിയിച്ചു. നോട്ടുനിരോധനം ചോദ്യം ചെയ്തുള്ള 58 ഹരജികളിലാണ് കോടതി വാദം കേട്ടത്. ഹരജികൾ പരിഗണിക്കുന്ന ആദ്യഘട്ടത്തിൽ വിഷയം അക്കാദമികം മാത്രമാണോയെന്നാണ് കോടതി പരിശോധിച്ചത്. തുടർന്ന് വാദം കേൾക്കാൻ തീരുമാനിക്കുകയായിരുന്നു. നോട്ട് നിരോധിക്കാൻ തീരുമാനമെടുത്ത രീതി പരിശോധിക്കുമെന്നും ബെഞ്ച് വ്യക്തമാക്കിയിരുന്നു.

കേന്ദ്രസർക്കാർ നോട്ട് നിരോധനവുമായി ബന്ധപ്പെട്ട രേഖകൾ ഹജരാക്കിയിട്ടില്ലെന്ന കാര്യം പി. ചിദംബരമാണ് വാദത്തിനിടെ ബെഞ്ചിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്. നിരോധിച്ച നോട്ടുകൾ മാറാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജികളും പരിഗണിച്ചവയിൽ ഉൾപ്പെടുന്നുണ്ട്. നോട്ടുകൾ മാറാൻ ഇനിയും സമയം അനുവദിക്കണമെന്ന് ബെഞ്ച് വാക്കാൽ നിരീക്ഷിച്ചിരുന്നു. ഇക്കാര്യത്തിലും വിധിയുണ്ടാകും.

   

Supreme Court directs Centre, RBI to produce records relating to 2016 decision


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.