ന്യൂഡൽഹി: ബിരുദ കോഴ്സ് പഠിക്കാതെ ഓപൺ സർവകലാശാലയിൽ നിന്ന് നേടിയ ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റ് അസാധുവെന്ന് സുപ്രീംകോടതി. ബിരുദം നേടിയ ശേഷമുള്ള ബിരുദാനന്തര ബിരുദത്തിന് മാത്രമേ സാധുതയുള്ളൂ എന്ന് കോടതി വ്യക്തമാക്കി. തമിഴ്നാട് പി.എസ്.സി വഴി ജോലിക്ക് അപേക്ഷിച്ച ഉദ്യോഗാർഥിയുടെ ഹരജി തള്ളിയാണ് സുപ്രീം കോടതിയുടെ പരാമർശം.
ബിരുദമില്ലാതെ നേടിയ ബിരുദാനന്തര ബിരുദം അസാധുവാണെന്ന് മുമ്പ് അണ്ണാമലൈ സർവകലാശാലയുമായി ബന്ധപ്പെട്ട ഒരു കേസിൽ വിധിയുണ്ടായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് തമിഴ്നാട് ഹൈകോടതി ഉദ്യോഗാർഥിയുടെ ഹരജി തള്ളിയത്. തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.
നേരത്തെയുണ്ടായിരുന്ന ഒരു കേസിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നുവെന്ന് ഉദ്യോഗാർഥിയുടെ ഹരജി തള്ളിക്കൊണ്ട് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
തമിഴ്നാട് പി.എസ്.സി വഴി ജോലിക്ക് അപേക്ഷിച്ച യുവാവാണ് ബിരുദമില്ലാതെ ബിരുദാനന്തര ബിരുദം നേടിയത്. ബിരുദാനന്തര ബിരുദമാണ് ജോലിക്ക് അപേക്ഷിക്കാനുണ്ടായിരുന്ന യോഗ്യത. ഹരജിക്കാരൻ ബിരുദ കോഴ്സ് പഠിച്ചിട്ടില്ലെങ്കിലും ഓപൺ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയിരുന്നു. ഇതാണ് അസാധുവാണെന്ന് കോടതി വ്യക്തമാക്കിയത്.
Comments are closed for this post.