
ന്യൂഡല്‍ഹി: ബഹുഭാര്യാത്വം സ്ത്രീകള്‍ക്കെതിരായ അതിക്രമമായി പ്രഖ്യാപിക്കണമെന്ന് സുപ്രിം കോടതിയില്‍ ഹരജി. മുസ്്ലിംകള്‍ക്കിടയിലെ ബഹുഭാര്യാത്വം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടാണ് അഞ്ചു പേരുടെ ഹരജി. അഭിഭാഷകനായ വിഷ്ണു ശങ്കര്‍ ജയ്ന്‍ മുഖേനയാണ് ഇവര്‍ സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്.
മറ്റു മതസ്ഥര്‍ക്ക് ബഹുഭാര്യാത്വം നിരോധിക്കുകയും മുസ്ലിംകള്ക്ക് മുസ്ലിം വ്യക്തി നിയമപ്രകാരം അനുവദിക്കുകയും ചെയ്തത് വിവേചനമാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനായി ബഹുഭാര്യാത്വം അനുവദിക്കുന്ന ഇന്ത്യന്‍ പീനല്‍ കോഡിലെ 494ാം വകുപ്പും 1937ലെ മുസ്്ലിം വ്യക്തി നിയമത്തിലെ രണ്ടാം വകുപ്പും ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
ഹിന്ദുക്കളും ക്രിസ്ത്യാനികളും രണ്ടാം വിവാഹം ചെയ്താല്‍ അത് ഐ.പി.സി 494 പ്രകാരം ശിക്ഷാര്‍ഹമാണ്. എന്നാല്‍ മുസ്്ലിംകള്‍ രണ്ടാമത് വിവാഹം ചെയ്താല്‍ ശിക്ഷയില്ല. ഇത് മതത്തിന്റെ മാത്രം അടിസ്ഥാനത്തിലുള്ള വിവേചനമാണ്. ഭാര്യയുണ്ടായിരിക്കെ മുസ്്ലിംകളല്ലാത്തവര് രണ്ടാം വിവാഹം ചെയ്താല്‍ അത് നിയമപ്രകാരം അസാധുവാണ്. അതുകൊണ്ട് ഐ.പി.സി 494ാം വകുപ്പ് തന്നെ ഇല്ലാതാക്കണം. ഒരേ കുറ്റം മതത്തിന്റെ അടിസ്ഥാനത്തില്‍ ഒരു വിഭാഗത്തിന് മാത്രം ശിക്ഷാര്‍ഹമാക്കാന്‍ പാടില്ലെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്.