2023 January 28 Saturday
ശരീരത്തിനു വ്യായാമം പോലെതന്നെയാകുന്നു മനസ്സിന് വായന. -റിച്ചാർഡ് സ്റ്റീൽ

വാര്‍ത്താവിന്യാസത്തിലെ പ്രഫഷണലിസം സുപ്രഭാതത്തിന്റെ മികവ്: മുഖ്യമന്ത്രി

കോഴിക്കോട്: കുറഞ്ഞകാലം കൊണ്ട് കേരളത്തിലെ മുന്‍നിര പത്രങ്ങളില്‍ ഒന്നായ സുപ്രഭാതത്തിന്റെ വാര്‍ഷികാഘോഷചടങ്ങില്‍ പങ്കെടുക്കുന്നതില്‍ വളരെ സന്തോഷമുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രഭാതം ദിനപത്രത്തിന്റെ മൂന്നാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ടു മൂന്നു പതിറ്റാണ്ടുകൊണ്ട് നേടിയെടുക്കാനാവാത്ത പദവിയാണ് മൂന്നുവര്‍ഷം കൊണ്ട് സുപ്രഭാതം നേടിയത്. കേരളത്തിലെ സാമൂഹിക- വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കുന്ന സംഘടനയാണ് സമസ്ത. കേവലം സാമുദായിക പത്രമാകാതെ രാഷ്ട്രീയ, സാമൂഹിക നിലപാടുകള്‍ പ്രകടിപ്പിക്കാന്‍ സമസ്ത നടത്തുന്ന സുപ്രഭാതത്തിനു കഴിഞ്ഞു.

പ്രചാരം ലക്ഷങ്ങളില്‍ എത്തിക്കാന്‍ മറ്റുപത്രങ്ങള്‍ക്കു പതിറ്റാണ്ടുകള്‍ വേണ്ടിവന്നപ്പോള്‍ ആറു സ്ഥലങ്ങളില്‍നിന്നു ഒരേസമയം പ്രസിദ്ധീകരിച്ച സുപ്രഭാതത്തിനു വളരെ ചുരുങ്ങിയ കാലംകൊണ്ട് അതിനു സാധിച്ചു. വാര്‍ത്താ അവതരണ രീതിയിലെ പ്രഫണഷണലിസം സുപ്രഭാതത്തിനു ഗുണംചെയ്തു.

എല്ലാ മേഖലയിലും നിഷ്പക്ഷമാകാനും ജനപ്രീതി നേടാനും സുപ്രഭാതത്തിനു കഴിഞ്ഞു. അന്ധമായ രാഷ്ട്രീയത്തിന്റെ പേരില്‍ വാര്‍ത്തകള്‍ വളച്ചൊടിക്കുന്ന പ്രവണതകള്‍ക്കിടയില്‍ സുപ്രഭാതം വ്യത്യസ്തമാകുന്നു. ധാര്‍മികമായ ഉത്തരവാദിത്തം നിര്‍വഹിക്കേണ്ട ചുമതല മാധ്യമങ്ങള്‍ക്കുണ്ട്. എന്നാല്‍ ചില മാധ്യമങ്ങള്‍ ചില അജന്‍ഡകള്‍ നടപ്പാക്കുന്നതില്‍ നാം ഭയപ്പെടേണ്ടതുണ്ട്.

നല്ല സൂര്യപ്രകാശത്തില്‍ പോലും കണ്ണടച്ച് ഇരുട്ടാക്കുന്ന പ്രവണത ദേശീയ മാധ്യമങ്ങളില്‍ പോലും കൂടി വരുന്നു. ഡിവൈഎഫ്‌ഐ അവതരിപ്പിച്ച തെരുവു നാടകം ആക്രമണമായി ചിത്രീകരിച്ച ദേശീയ ചാനലുകളുണ്ട്. വാര്‍ത്തകളുടെ നിജസ്ഥിതി അന്വേഷിക്കാതെ തോന്നിയതെന്തും വാര്‍ത്തയാക്കുന്ന പ്രവണത മാധ്യമപ്രവര്‍ത്തകരിലും മാധ്യമങ്ങളിലും ഏറിവരികയാണ്. ഒരുകാലത്ത് മാധ്യമസ്ഥാപനങ്ങളില്‍ സാമൂഹിക പ്രതിപദ്ധതയോടെ പ്രവര്‍ത്തിച്ചുവന്ന പത്രാധിപര്‍മാര്‍ ധാരാളമുണ്ടായിരുന്നു.

ഇത്തരം എഡിറ്റര്‍മാര്‍ കുറയുമ്പോഴാണ് അബന്ധങ്ങള്‍ സംഭവിക്കുന്നത്. മത്സരത്തിനിടയ്ക്ക് ധൃതിയില്‍ വാര്‍ത്ത കൊടുക്കുമ്പോള്‍ വിശ്വാസ്യത ചോര്‍ന്നു പോകുന്നുണ്ട്. മനസിരുത്തിയുള്ള എഡിറ്റിംഗ് പ്രധാനമാണ്.

ജനാധിപത്യത്തിന്റെ നിലനില്‍പിനും വളര്‍ച്ചയ്ക്കും പത്രങ്ങള്‍ക്ക് വലിയ ഉത്തരവാദിത്വമുണ്ട്. എന്നാല്‍ ചിലമാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും പ്രത്യേക അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുകയാണ്.

റോഹിംഗ്യന്‍ വംശജനര്‍ക്കുനേരേ മ്യാന്‍മര്‍ സര്‍ക്കാര്‍ നിലപാടെടുത്തപ്പോള്‍ ചില മാധ്യമങ്ങള്‍ സര്‍ക്കാറിനു പിന്‍തുണ നല്‍കുന്നപോലെയാണ് വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചത്. ഇത് അപകടമാണ്. മുഴുവന്‍ റോഹിംഗ്യകളേയും നാടുകടത്തിയേ അടങ്ങു എന്നാണ് ഇത്തരം മാധ്യമങ്ങളുടെ നിലപാട്. ഇത്തരം സംഭവങ്ങളില്‍ മനുഷ്യത്ത്വത്തിനൊപ്പം നില്‍ക്കണം. ധീരമായ നിലപാടെടുക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കഴിയണമെന്നും പിണറായി പറഞ്ഞു.

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പ്രാര്‍ഥനയോടെയാണ് സമ്മേളന നടപടികള്‍ക്കു തുടക്കമായത്.

സുപ്രഭാതം ചെയര്‍മാന്‍ മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായി. സുപ്രഭാതം സ്ഥാപക ചെയര്‍മാന്‍ കോട്ടുമല ടി.എം ബാപ്പു മുസ് ലിയാര്‍ സ്മരണിക പ്രകാശനം പണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. സുപ്രഭാതം ഡയറക്ടര്‍ സൈനുല്‍ ആബിദ് സഫാരി ഏറ്റുവാങ്ങി.

അബ്ദുസമദ് പൂക്കോട്ടൂര്‍ സ്മരണിക പരിചയപ്പെടുത്തി. സമസ്ത ജനറല്‍സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ബാപ്പു മുസ്‌ലിയാര്‍ അനുസ്മരണ പ്രഭാഷണവും സമസ്ത കേരള വിദ്യാഭ്യാസബോര്‍ഡ് ജനറല്‍സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണവും നടത്തി.

ഇഖ്‌റഅ് പബ്ലിക്കേഷന്‍ ട്രഷറര്‍ പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ മുഖ്യമന്ത്രിക്ക് ഉപഹാരം നല്‍കി. സുപ്രഭാതത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള അവാര്‍ഡ് വിതരണം പി.കെ കുഞ്ഞാലിക്കുട്ടി എം.പി നിര്‍വഹിച്ചു.

എം.കെ രാഘവന്‍ എം.പി, എം.കെ മുനീര്‍ എം.എല്‍എ, മുഹമ്മദ് കോയ തങ്ങള്‍ ജമലുലൈലി, സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍, സത്താര്‍ പന്തലൂര്‍ സംസാരിച്ചു. ഇഖ്‌റഅ പബ്ലിക്കേഷന്‌സ് കണ്‍വീനര്‍ അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ് സ്വാഗതവും സുപ്രഭാതം മാനേജിങ് എഡിറ്റര്‍ നവാസ് പൂനൂര്‍ നന്ദിയും പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.