2022 July 04 Monday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

പൊലിസ് സ്റ്റേഷനുകളില്‍ കൊന്നുതള്ളുന്ന ഭീകര കാലം

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പൊലിസിനെതിരേ പ്രധാനമായും ഉയര്‍ന്നുവന്നിരുന്നത് അമിതാധികാര പ്രയോഗത്തിനെതിരായ വിമര്‍ശനമായിരുന്നു. ലഘുലേഖകളും പുസ്തകങ്ങളും കൈവശം വയ്ക്കുന്നവര്‍ വരെ മാവോയിസ്റ്റ് എന്ന മുദ്രകുത്തപ്പെട്ട് യു.എ.പി.എ കരിനിയമത്തില്‍ തടങ്കലിലായി. അതില്‍നിന്ന് വ്യത്യസ്തമായ നിലപാടാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പൊലിസില്‍നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സി.പി.ഐ നേതാവ് ആനി രാജ, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നീ ഭരണകക്ഷി നേതാക്കള്‍ തന്നെയാണ് പൊലിസിനെതിരേ പ്രതികരണങ്ങളുമായി രംഗത്തുവന്നത്. ഏറ്റവും ഒടുവില്‍ സി.പി.എം ജില്ലാ സമ്മേളനങ്ങളില്‍ വരെ വിമര്‍ശനങ്ങള്‍ ഉണ്ടായി. പൊലിസിലെ ആര്‍.എസ്.എസ് സ്വാധീനത്തെക്കുറിച്ചായിരുന്നു ഇവര്‍ക്കെല്ലാമുണ്ടായിരുന്ന ആക്ഷേപം.

ഇതോടൊപ്പം ഉയര്‍ന്നുവന്ന മറ്റൊരു ഗുരുതര ആക്ഷേപമായിരുന്നു ഗുണ്ടകളുമായുള്ള പൊലിസിന്റെ ചങ്ങാത്തവും അതിനെത്തുടര്‍ന്നുണ്ടായ ക്രമസമാധനപാലനത്തിലെ നിഷ്‌ക്രിയത്വവും. അതിന്റെ ദാരുണവും ഭീതിദവുമായ ഉദാഹരണമാണ് കോട്ടയം ഈസ്റ്റ് പൊലിസ് സ്റ്റേഷനില്‍ ഇന്നലെ ഉണ്ടായത്. നഗരത്തിലെ കുപ്രസിദ്ധ ഗുണ്ടയായ ജോമോന്‍ കെ. ജോസിന് എതിര്‍ സംഘനേതാവായ സൂര്യയെ കണ്ടുകിട്ടാന്‍ ഷാന്‍ ബാബു എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊല്ലുകയായിരുന്നു. പിന്നീട് മൃതദേഹം ചുമന്ന് കോട്ടയം ഈസ്റ്റ് പൊലിസ് സ്റ്റേഷന് മുമ്പില്‍ കൊണ്ടിട്ടു. സ്റ്റേഷന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസ് ഓഫിസറോട് താന്‍ ഒരാളെ കൊന്നിട്ടുണ്ടെന്നും മൃതദേഹം പൊലിസ് സ്റ്റേഷന്റെ മുമ്പില്‍ ഇട്ടിരിക്കുകയാണെന്നും യാതൊരു ഭാവഭേദവുമില്ലാതെ വെളിപ്പെടുത്തുകയുമായിരുന്നു. കേള്‍ക്കുന്ന മാത്രയില്‍ രക്തം ഉറഞ്ഞുപോകുന്ന ഈ പൈശാചിക കൃത്യം കേരളത്തിലാണ് സംഭവിച്ചതെന്ന് വിശ്വസിക്കാനാകുമോ? കൊല്ലപ്പെട്ടയാളുടെ മൃതദേഹവും ചുമന്ന് പൊലിസ് സ്റ്റേഷനില്‍ വരാന്‍ മാത്രം ചങ്കൂറ്റം കാണിക്കുന്ന ക്രിമിനലുകള്‍ വാഴും സംസ്ഥാനമായി നമ്മുടെ സാംസ്‌കാരിക കേരളം അധഃപതിച്ചിരിക്കുന്നു! യു.പിയും ബിഹാറും എത്ര ഭേദം. സുരഭില പ്രതീക്ഷകളോടെ പുതുവര്‍ഷത്തെ എതിരേറ്റതിന്റെ പരിമളം കേരളീയ അന്തരീക്ഷത്തില്‍നിന്ന് മായും മുമ്പെയാണ് ഈ ഭീകാരനുഭവം.

‘ഞാനൊരാളെ കൊന്നിരിക്കുന്നു. അയാളിതാ സ്റ്റേഷന്‍ വരാന്തയില്‍ കിടപ്പുണ്ട്’ എന്ന് പൊലിസിന് മുന്നില്‍ വന്ന് പറയാന്‍ മാത്രം ഇവിടെ ഗുണ്ടകള്‍ക്ക് കെല്‍പ്പുണ്ടായിരിക്കുന്നുവെന്നാണ് കൊലയാളിയായ ജോമോന്‍ കെ. ജോസ് തന്റെ ഭീകര കൃത്യത്തിലൂടെ കേരളത്തെ ബോധ്യപ്പെടുത്തുന്നത്. കോട്ടയം നഗരത്തിലെ കുപ്രസിദ്ധ ഗുണ്ടയാണ് ജോമോന്‍. ഇയാളെ കാപ്പചുമത്തി നാടു കടത്തിയതായിരുന്നു. താന്‍ നല്ലവനായിരിക്കുന്നുവെന്നും തനിക്കൊപ്പം ആരുമില്ലെന്നും താനും ആര്‍ക്കും ഒപ്പമില്ലെന്നും കോടതിയെ ബോധിപ്പിച്ചു പ്രത്യേക ഉത്തരവ് വാങ്ങിയാണ് ജോമോന്‍ നഗരത്തില്‍ വീണ്ടുമെത്തിയത്. നഷ്ടമായ ആധിപത്യം സ്ഥാപിക്കാനായി എതിര്‍ ഗുണ്ടാസംഘ നേതാവായ സൂര്യയെ വകവരുത്താന്‍ അയാളുടെ സങ്കേതത്തെക്കുറിച്ചറിയാനാണ് ഷാന്‍ബാബു എന്ന പത്തൊമ്പതുകാരനെ തട്ടിക്കൊണ്ട് പോയി മര്‍ദിച്ചു കൊലപ്പെടുത്തിയത്. കേരളത്തിന്റെ അവസ്ഥ എവിടെ എത്തിയിരിക്കുന്നു എന്ന് പൊതുസമൂഹം എല്ലാ വേലിക്കെട്ടുകളും തട്ടിമാറ്റി അതീവ ഗൗരവത്തോടെ ചിന്തിക്കേണ്ട ഒരു കൊടും ക്രൂരകൃത്യമാണ് നടന്നിരിക്കുന്നത്. ഒളിപ്പിച്ചുവച്ച കൊലക്കത്തിയുമായി ഒരു കൊലയാളി പിറകിലുണ്ടോ എന്ന് തിരിഞ്ഞു നോക്കി നടക്കേണ്ടി വരുന്ന ഭീതിദമായ അവസ്ഥയാണ് കേരളത്തിലെ ജനങ്ങള്‍ക്കുണ്ടായിരിക്കുന്നത്. ജീവന് യാതൊരു സുരക്ഷയുമില്ലാതായിരിക്കുന്നു. താന്‍ ഏത് നിമിഷവും വധിക്കപ്പെടാം എന്ന ആപല്‍ചിന്തയോടെ പുറത്തേക്കിറങ്ങേണ്ടി വരുന്ന മനുഷ്യരുടെ അവസ്ഥ എത്ര മാത്രം പരിതാപകരവും ദയനീയവുമാണ്.
ക്രമസമാധാന പാലനത്തില്‍ പൊലിസിനുണ്ടായ വീഴ്ച തന്നെയാണിതിന്റെ പ്രധാന കാരണം. സംസ്ഥാനത്ത് പൊലിസിനല്ല ഇപ്പോള്‍ മേധാവിത്വം ഗുണ്ടകള്‍ക്കാണ്. അത് സ്ഥാപിക്കാനായി അവര്‍ ആരെ വേണമെങ്കിലും കൊല്ലാം. കൃത്യത്തിന് ശേഷം ഇക്കാര്യം പച്ചയ്ക്ക് വിളിച്ച് പറയാനും അവര്‍ക്ക് മടിയില്ലാതായിരിക്കുന്നു. അതിനുള്ള ധൈര്യം അവര്‍ക്കും മയക്കുമരുന്നു മാഫിയകള്‍ക്കും നല്‍കിയത് പൊലിസിന്റെ നിഷ്‌ക്രിയത്വവും ഇത്തരക്കാരുമായുള്ള നിയമപാലകരുടെ കൂട്ടുകെട്ടുമാണ്. മുന്‍ പൊലിസ് മേധാവിയായിരുന്ന ലോക്‌നാഥ് ബെഹ്‌റയുടെ പൊലിസ് സ്റ്റേഷന്‍ പരിഷ്‌കരണവും ഗുണ്ടകളും മയക്കുമരുന്നു മാഫിയകളും തഴച്ചുവളരാന്‍ വലിയ തോതില്‍ കാരണമാവുകയും ചെയ്തു. സ്റ്റേഷന്റെ ചുമതലയില്‍ നിന്ന് എസ്.ഐമാരെ മാറ്റി പകരം സി.ഐമാര്‍ക്ക് നല്‍കിയത് ബെഹ്‌റയുടെ പരിഷ്‌കാരമായിരുന്നു. ഇതോട സ്റ്റേഷനില്‍ പിടിപ്പത് ജോലിയുണ്ടാകുന്ന അവസ്ഥയാണ് സി.ഐമാര്‍ക്ക്. പുറത്ത് എന്ത് സംഭവിക്കുന്നുവെന്ന് അന്വേഷിക്കാന്‍ അവര്‍ക്ക്‌സമയം കിട്ടുന്നില്ല. സമയം കിട്ടിയാലും അവര്‍ അതിന് മെനക്കെടുന്നില്ല. അടുത്ത പ്രമോഷന് വേണ്ടി കാത്തിരിക്കുന്ന ഇവരില്‍ പലരും എന്തിന് പൊല്ലാപ്പിന് പോകണം എന്ന ചിന്തയില്‍ സി.ഐ കസേരകളില്‍ ചടഞ്ഞിരിക്കുകയാണ്. സ്റ്റേഷന്‍ ചുമതലയില്‍നിന്ന് മാറ്റപ്പെട്ട എസ്.ഐമാരോ പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ സമയം പോക്കുകയും ചെയ്യുന്നു.

ഇതായിരുന്നില്ല കേരളത്തിന്റെ അവസ്ഥ. നേരിട്ടുള്ള നിയമനങ്ങളിലൂടെ എസ്.ഐമാരായി വരുന്ന ചെറുപ്പക്കാര്‍ തന്റെ സ്റ്റേഷന്‍ പരിധിയിലെ ക്രമസമാധാനപാലനം അഭിമാന പ്രശ്‌നമായി എടുത്തിരുന്നു. അതിനാല്‍ തന്നെ മയക്കുമരുന്നു മാഫിയകള്‍ക്കും ഗുണ്ടകള്‍ക്കും ഇത്തരം ചെറുപ്പക്കാരായ എസ്.ഐമാര്‍ എന്നും പേടി സ്വപ്നമായിരുന്നു. ഒരു നഗരത്തിലും ഗുണ്ടാ സംഘങ്ങളെ തഴച്ചുവളരാന്‍ അവര്‍ അനുവദിച്ചിരുന്നില്ല. മയക്കുമരുന്നു മാഫിയകളെയും അവര്‍ നിഷ്‌ക്കരുണം അടിച്ചമര്‍ത്തി. അതിനാല്‍ തന്നെ ഇപ്പോള്‍ സംഭവിക്കുന്നത് പോലുള്ള ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയും തുടര്‍ന്നുണ്ടാകുന്ന ഏറ്റുമുട്ടലുകളും ബെഹ്‌റ ഡി.ജി.പിയാകുന്നതിന് മുമ്പ് കേരളത്തില്‍ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ഗ്രാമങ്ങളില്‍ പോലും ഗുണ്ടാ സംഘങ്ങള്‍ വളര്‍ന്നു കഴിഞ്ഞു. യു.പിയില്‍ സംഭവിക്കുന്ന ക്രൂരകൃത്യങ്ങള്‍ കേട്ട് നടുങ്ങാറുണ്ടായിരുന്നു നാം ഇപ്പോള്‍ നമ്മുടെ നാട്ടിലെ ഗുണ്ടകളുടെ ക്രൂരമായ ആക്രമണ വാര്‍ത്തകള്‍ കേട്ടാണ് ഓരോ പ്രഭാതത്തിലേക്കും ഞെട്ടിയുണരുന്നത്.

പുതിയ പരിഷ്‌കരണത്തില്‍ എസ്.ഐമാരും സി.ഐമാരും നിര്‍ജീവമായതാണ് സംസ്ഥാനത്ത് ഗുണ്ടകളും മോഷ്ടാക്കളും തട്ടിപ്പുകാരും മാഫിയകളും സജീവമാകാന്‍ കാരണം. മേലധികാരികള്‍ നിര്‍ജീവമായപ്പോള്‍ താഴെക്കിടയിലുള്ള സാദാ പൊലിസും നിഷ്‌ക്രിയമായതില്‍ അത്ഭുതപ്പെടാനില്ല. ഇതെല്ലാം നല്‍കിയ ധൈര്യത്തിലാണ് കൊല നടത്തി മൃതദേഹവും ചുമന്ന് പൊലിസ് സ്റ്റേഷനില്‍ വരാന്‍ വരെ ഗുണ്ടകള്‍ ചങ്കൂറ്റം കാണിക്കുന്നത്. ഒരു കാലത്ത് എപ്പോഴും കേട്ടിരുന്ന, രാജ്യത്തെ ഏറ്റവും നല്ല പൊലിസ് കേരളത്തിലേത് എന്ന പ്രശംസാവചനം ഇനി നമുക്ക് മറക്കാം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.