2023 December 04 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പാമരയാം ഒരു പാട്ടുകാരി

   

പാമരയാം ഒരു പാട്ടുകാരി

പി.എ.എം ഹനീഫ്

ആലപ്പുഴ കലയ്ക്കും സാഹിത്യസംഗീതാദി മേഖലകളിലും വിശ്രുതമായിരുന്നു. ദിക്‌റുകളുടെ സാമൂഹിക ആലാപനവും സീറാ പാരായണവും (പ്രവാചക മദ്ഹുകളുടെ താളാത്മക വിവരണം) ശീലമാക്കിയ ചില സൂഫീ വര്യന്മാര്‍ ഉണ്ടായിരുന്ന…നീര്‍ക്കുന്നം, വണ്ടാനം…മണ്ണഞ്ചേരി, സകരിയാ ബസാര്‍ ഒക്കെ സംഗീതമയമായ കാലഘട്ടത്തിലാണ് റംലയുടെ ജനനം.

ഒരു പാഴ്‌സി സംസ്‌കാരം ഉള്‍ക്കൊള്ളുന്ന കുടുംബാന്തരീക്ഷം. റംലയുടെ അമ്മാവന്‍ മികച്ച തബലിസ്റ്റും സന്തൂര്‍ വാദകനും ആയിരുന്നു. കുഞ്ഞുനാളില്‍ ഓത്തുപുരയില്‍ തന്നെ റംല തന്റെ സ്വരശുദ്ധിയും താളബോധവും കൊണ്ട് അമ്മാവന്‍ സത്താര്‍ ഖാന്റെ ‘നോട്ടപ്പുള്ളി’ ആയി.
അദ്ദേഹത്തിന്റെ ആസാദ് മ്യൂസിക് ട്രൂപ്പില്‍ റംല ഗായിക ആയി. ‘ഖെഞ്ചില്‍ അര്‍ശ്’ പോലുള്ള ദൈവകീര്‍ത്തനങ്ങള്‍ സത്താര്‍ഖാന്‍ ചിട്ടപ്പെടുത്തിയ രംഗങ്ങളില്‍ റംല ആലപിച്ചു. 18 വയസുവരെ അമ്മാവനൊപ്പം വന്‍കിട സേട്ടുമാരുടെ കല്യാണ സദസുകളിലും സക്കരിയ ബസാറിലെ സംഗീത സദിരുകളിലും പാടിത്തുടങ്ങി.

വി. സാംബശിവന്‍, തേവര്‍തോട്ടം സുകുമാരന്‍, എം.പി മന്മഥന്‍ തുടങ്ങിയവരുടെ കഥാപ്രസംഗങ്ങള്‍ ആലപ്പുഴയിലും പരിസരങ്ങളിലും ഉത്സവപ്പറമ്പുകളില്‍ നിത്യസാന്നിധ്യം ആയിരുന്നു. ആലപ്പുഴ മുല്ലക്കല്‍ ക്ഷേത്രത്തില്‍ ഒരു കഥാപ്രസംഗവേദിയില്‍ കാഥികന്‍ ഇടവേളയില്‍ വിശ്രമിക്കുന്ന പത്തു മിനുട്ട് റംല എന്ന സത്താര്‍ഖാന്റെ മരുമകള്‍ക്ക് പാടാന്‍ അവസരം ലഭിച്ചു. മോയിന്‍കുട്ടി വൈദ്യരുടെ ചില പ്രണയകാവ്യങ്ങളും റംല ഹൃദിസ്ഥമാക്കിയിരുന്നു. ആസ്വാദകര്‍ കൈയടിച്ച് പ്രോത്സാഹിപ്പിച്ചു. വേദിയിലേക്ക് നാണയത്തുട്ടുകള്‍ വീഴാന്‍ തുടങ്ങി. മുലയ്ക്കല്‍ ക്ഷേത്രത്തിന് ഉത്സവനാളില്‍ എണ്ണ നല്‍കുന്ന മുസ്‌ലിം കുടുംബത്തിലെ റഹ് മാന്‍ ബുഖാരി എന്ന സമ്പന്നന്‍ കുറേ ഒറ്റരൂപ നോട്ടുകളുടെ മാല റംലയെ അണിയിച്ചു. അക്കാലത്ത് അങ്ങനെയൊരു ‘നോട്ടുമാല’ ഇന്നത്തെ ഒരു ലക്ഷത്തിന്റെ വില ആയിരുന്നു. റംല ആലപ്പുഴയാകെ പ്രശസ്തയായി.
വി. സാംബാശിവന്‍ അന്ന് ടോള്‍സ്‌റ്റോയി, ഷേക്‌സ്പിയര്‍ കഥകള്‍ മനോഹരമായി അവതരിപ്പിക്കുന്ന നാളുകള്‍. കുടുംബസഹിതം റംല കഥാപ്രസംഗം കേള്‍ക്കാന്‍ ഔത്സുക്യം പ്രകടിപ്പിച്ചു. അത് ഒരു വിശ്രുത പാട്ടുകാരിയുടെ തുടക്കമായിരുന്നു.
ഇതിനിടെ മികച്ച തബലിസ്റ്റായിരുന്ന അബ്ദുല്‍ സലാമിനെ പരിചയപ്പെട്ടു. ബാപ്പ ഹുസൈന്‍ യൂസുഫ് മകളുടെ സംഗീതാഭിരുചികളെ നട്ടു നനയ്ക്കുന്നതില്‍ എന്നും ശ്രദ്ധിച്ചു. റംലയുടെ ഉമ്മ കോഴിക്കോട് ഫറോക്കിലെ പേട്ട സ്വദേശിനി. ആലപ്പുഴയും ഫറോക്കും തമ്മിലുണ്ടായിരുന്ന കയര്‍വ്യവസായവുമായി ബന്ധപ്പെട്ടാണ് ആ വിവാഹം. മകളുടെ കല്യാണസദസ് പാട്ടുമേളകളില്‍ തബലിസ്റ്റായിരുന്ന അബ്ദുല്‍ സലാമിന്റെ വിവാഹാഭ്യര്‍ഥന വന്നപ്പോള്‍ റംലയുടെ ഉമ്മ മറിയം ബീവിയ്ക്കാണ് ആ ബന്ധത്തില്‍ കൂടുതല്‍ താല്‍പര്യം ഉണര്‍ന്നത്. വിവാഹജീവിതത്തെകുറിച്ച് ചോദിച്ചപ്പോള്‍ പണ്ടൊരിക്കല്‍ റംല ബീഗം പറഞ്ഞു:

‘സലാം മാഷ് നല്ല വായനക്കാരന്‍ കൂടി ആയിരുന്നു. നികാഹ് കഴിഞ്ഞ ദിവസം എനിക്ക് സമ്മാനമായി തന്നത് ചമ്പക്കുളം എസ്.ഡി ബുക്കുകാരുടെ പത്തു പുസ്തകങ്ങള്‍ ആണ്. അതില്‍ കേശവദേവിന്റെ ‘ഓടയില്‍നിന്ന്’ ഉണ്ടായിരുന്നു. അത് പത്തു പ്രാവശ്യം വായിക്കണമെന്ന് സലാം മാഷ് ആവശ്യപ്പെട്ടു. ഞാന്‍ അത് മനഃപാഠമാക്കി.’

ആലപ്പുഴയില്‍ ആര്‍ സുഗതന്‍, ടി. വി തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് പൊതുയോഗങ്ങളില്‍ കഥാപ്രസംഗം, ഗാനമേളകള്‍ സജീവമായിരുന്നു. ‘കുട്ടിക്കുപ്പായം’ സിനിമയില്‍ എം.എസ് ബാബുരാജിന്റെ ‘ഒരു കൊട്ട പൊന്നുണ്ടല്ലോ മിന്നുണ്ടല്ലോ മേനി നിറയെ….കരയല്ലേ ഖല്‍ബില്‍ കുളിരേ, കല്‍ക്കണ്ട കനിയല്ലേ….’ എന്ന പാട്ടുകള്‍ക്ക് റിക്കാര്‍ഡിങ് സ്റ്റുഡിയോയില്‍ തബല വായിക്കാന്‍ അബ്ദുല്‍ സലാം മാസ്റ്റര്‍ പോകും. റംലയും വിവാഹം കഴിഞ്ഞ നാളുകളില്‍ ചില മദ്രാസ് യാത്രകള്‍ ഉണ്ടായതും ‘കാര്‍ത്തിക്’, ‘ശരവണ’ സംഗീത സ്റ്റുഡിയോകളില്‍ ബാബുക്കയുടെ വിരലുകള്‍ ഹാര്‍മോണിയത്തില്‍ പുത്തന്‍ ഈണങ്ങള്‍ ഇടുന്നതും കണ്ടുനില്‍ക്കും. ..ചില ദിവസങ്ങളില്‍ റംല ബാബുക്ക പറഞ്ഞുകൊടുത്ത ട്യൂണുകള്‍ പാടുവാനും അവിചാരിത സാഹചര്യങ്ങളുണ്ടായി.

അന്ന് എച്ച്.എം.വി(His Masters Voice) പ്രശസ്തമായി വരുന്ന നാളുകള്‍. സലാമിന്റെ പരിശ്രമത്താല്‍ റംലയുടെ ഡിസ്‌ക്കുകള്‍ തയാറാക്കാന്‍ HMV തയാറായി. അവിടെ നിന്ന് ഒരു ‘കയറ്റം’മായിരുന്നു.
‘ഇരുലോകം ജയമണി നബീയുല്ല…’ പോലുള്ള പാട്ടുകളിലൂടെ ശ്രോതാക്കളുടെ ഹരമായി റംല മാറി.

‘ഓടയില്‍ നിന്ന്’ പപ്പുവിന്റെ ത്യാഗത്തേക്കാള്‍ ലക്ഷ്മിയുടെ വേദനാ നിര്‍ഭരമായ ബാല്യവും അവള്‍ പാട്ടുപാടാനുള്ള കഴിവിലൂടെ ഗോപിനാഥന്‍ എന്ന സമ്പന്നന്റെ ഹൃദയസഖി ആവുന്നതും കേന്ദ്രീകരിച്ച് സലാം മാസ്റ്റര്‍ കഥാപ്രസംഗം എഴുതി. ആലപ്പുഴ ഉദയാ സ്റ്റുഡിയോയില്‍ തിരക്കഥാകൃത്ത് ആയിരുന്ന ശാരംഗപാണി ‘ഓടയില്‍ നിന്ന്’ നല്ലൊരു അവതരണരൂപം എഴുതി.

ആലപ്പുഴ ചുടുകാട് മൈതാനിയല്‍ ഒരു ദിവസം സമ്മേളാനന്തരം റംലയുടെ കഥ കേള്‍ക്കാന്‍ ഇ.എം.എസ് നമ്പൂതിരിപ്പാടും ഉണ്ടായിരുന്നു. ‘കുട്ടി, ബംഗാളി നോവലുകള്‍ വായിച്ച് അതിന് കഥാപ്രസംഗരൂപം ഉണ്ടാക്കണം. നല്ല ഭാവി ഉണ്ട്. എല്ലാ ആശീര്‍വാദങ്ങളും….’
പാട്ടില്‍ വേറിട്ട ശൈലിയുമായി വന്ന ആ ഗായികയെ കേരളം തിരിച്ചറിഞ്ഞു. ആയിരത്തിലേറെ വേദികള്‍, ഒരേ വേദിയില്‍ നാലും അഞ്ചും തവണ. 1970ല്‍ കാസര്‍കോട് തെരുവത്ത് രണ്ടു ദിവസത്തേയ്ക്കാണ് ബുക്ക് ചെയ്തത് പക്ഷേ, ജനത്തിരക്ക് മൂലം നാലു ദിവസത്തേക്ക് കഥാപ്രസംഗം നീട്ടിവച്ചു. അവിടെ കഥാപ്രസംഗം കഴിഞ്ഞ് മഹാകവി ടി. ഉബൈദ് നല്‍കിയ പണക്കിഴി മലബാറില്‍ തനിക്കു ലഭിച്ച അപൂര്‍വ നിധിയായി റംല അനുസ്മരിച്ചിട്ടുണ്ട്.
ഓഡിയോ കാസറ്റുകള്‍, രൂപവാണിയുടെ ഡിസ്‌കുകള്‍, അടക്കം സംഗീതാസ്വാദകര്‍ ഉള്ളയിടത്തെല്ലാം റംലയുടെ കഥ, പാട്ട് ഒഴുകിയെത്തി.
കോഴിക്കോട് പാറോപ്പടിയ്ക്കടുത്തുള്ള ഖബര്‍സ്ഥാനില്‍ നിന്ന് പിരിയുന്നവര്‍ ഉറക്കെ കേട്ട ബിസ്മില്ലാഹി എന്ന വിശുദ്ധപ്പൊരുളാലേ…

             ****

1959ല്‍ ഞാന്‍ ചങ്ങനാശ്ശേരിയില്‍ പഠിക്കുന്നു.പുതൂര്‍ പള്ളി മസ്ജിദില്‍ രണ്ട് പ്രശസ്ത ഖബറു
കള്‍…
ഒന്ന്: വെളുത്ത തങ്ങള്‍..
ആ കറാമത്തുകള്‍ പറഞ്ഞാല്‍ തീരില്ല…
രണ്ട്: കറുത്ത തങ്ങള്‍..
രോഗങ്ങള്‍ ആക്രമിച്ചാല്‍ കറുത്ത തങ്ങളുടെ മഖാമിലെത്തി കല്‍വിളക്കില്‍ വെളിച്ചെണ്ണ ഒഴിച്ചാല്‍ മതി…എനിക്ക് നൂറു അനുഭവങ്ങള്‍ ഉണ്ട്.
ആലപ്പുഴ നുസ്രത്ത് വാര്‍ഡില്‍ നിന്ന് പുതൂര്‍ പള്ളിയിലെ ചന്ദനക്കുട മഹോത്സവത്തിന് കഥാപ്രസംഗം അവതരിപ്പിക്കാന്‍ വന്ന ഹാഫ് സാരി ഉടുത്ത കൊച്ചു സുന്ദരി….
പള്ളിയിലും മദ്‌റസയിലും സ്ഥിരസാന്നിധ്യം ആയതിനാല്‍ ആലപ്പുഴ സ്വദേശി ഷരീഫ് ഉസ്താദ് റംലാബീഗത്തിന്റെ ചുമതല എന്നെ ഏല്‍പ്പിച്ചു.
അവരുടെ താമസം, ഭക്ഷണം, നിസ്‌കാരം….എല്ലാം ഞാന്‍ ശ്രദ്ധിക്കണം. ഇപ്പോള്‍ കോട്ടയത്ത് ഹൃദ്രോഗ ചികിത്സാ രംഗത്ത് കേളികേട്ട അബ്ദുല്‍ ഖാദറും എന്റെ തുണയായി ഉണ്ട്. (ഇന്ന് അവന്‍ ഡോ. എസ്. അബ്ദുല്‍ ഖാദര്‍ എം.ഡി)
റംലാ ബീഗം എന്നോട് ആദ്യം ചോദിച്ചത്
‘കുട്ടിയുടെ പേര് എന്നതാ….?
‘മുഹമ്മദ് ഹനീഫ്….’
‘എനിക്ക് പുതൂര്‍ പള്ളിയിലെ രണ്ട് തങ്ങന്മാരുടെ മഖ്ബറയിലും പോവണം. വെളിച്ചെണ്ണ ഒഴിക്കണം.
ഞാന്‍ കൂടെ പോയി.
എനിക്ക് അത്ഭുതമായി. രണ്ട് ഖബറിലും വെളിച്ചെണ്ണ പകര്‍ന്ന് അവര്‍ കരഞ്ഞു.
ചന്ദനക്കുട മഹോത്സവനാളില്‍ രണ്ടു ദിവസവും ‘കര്‍ബല’, ‘ബദറുല്‍ മുനീര്‍ഹുസനുല്‍ ജമാല്‍ പാടി….പറഞ്ഞ് ആലപ്പുഴ റംലാബീഗം ചങ്ങനാശ്ശേരി പള്ളി മൈതാനത്ത് പൂഴി ഇട്ടാല്‍ താഴാത്ത സദസിനോട് ഒരു സാഗരംപോല്‍ ഇടറി, വിതുമ്പി, ഗര്‍ജിച്ചു…
ഇന്ന് കോഴിക്കോട്ടുനിന്ന് ഫൗസിയ ആ വേര്‍പാട് വിളിച്ചു പറയുമ്പോള്‍ ഞാനറിയാതെ എന്റെ ഉള്ളം തേങ്ങി….
ഞാന്‍ പ്രവാസി ആയി…….
197083 കാസര്‍കോട്ടില്‍ തെരുവത്ത് മൂന്നു ദിവസം റംലാ ബീഗത്തിന്റെ കഥാപ്രസംഗം. സംഗീത വിഭാഗം കാസര്‍കോട് സ്‌റ്റേറ്റ് ഹോട്ടലിലും റംലാ ബീഗം കെ.എസ് അബ്ദുല്ലയുടെ വീട്ടിലുമായിരുന്നു താമസം.
എന്നെ കണ്ടതും റംലാബീഗം ആശ്ചര്യം കൂറി….
‘എടാ നീ ഇവിടെ എങ്ങനെ എത്തി….
ചരിത്രങ്ങള്‍ ഞങ്ങള്‍ പങ്കുവച്ചു.
‘എനിക്ക് ഇവിടെ മാലിക് ദീനാര്‍ തങ്ങളുടെ മഖാമില്‍ പോവണം….നീ….കൂടെ വരണം.
ഞാന്‍ പോയി. മടങ്ങുമ്പോള്‍ മഹാകവി ടി. ഉബൈദ് സാഹിബിന്റെ വീട്ടില്‍ കയറി.
മാപ്പിളപ്പാട്ടിലെ പ്രാസം, വിരുത്തം, ചമയല്‍ നിരവധി ആലങ്കാരിക വിഷയങ്ങള്‍ ഉബൈദ് സാഹിബ് അവര്‍ക്ക് വിശദീകരിച്ചു
എന്റെ ഓര്‍മകളില്‍ നനവ് പടരുന്നു.
സത്യത്തില്‍ മാപ്പിളപ്പാട്ട് രംഗത്ത് അവര്‍ ആരായിരുന്നു.
‘ബിസ്മിയും ഹംദും
സ്വലാത്തും….
എന്ന് റംലാബീഗം പാടിത്തുടങ്ങുമ്പോള്‍ സദസ് ഭക്തിപൂര്‍വം ശിരസ് മറയ്ക്കും. ചുണ്ടുകള്‍ അതേറ്റുപാടും…
അറബ് ഉച്ചാരണങ്ങളിലെ അക്ഷരസ്ഫുടത, കുതിരത്താളത്തില്‍ ഒരു സുന്ദര തീവണ്ടിപോലെ ദിശ തെറ്റാതെ പ്രയാണം…. ഹഖ്….
ഒരു സത്യം എഴുതട്ടെ, റംല വാനമ്പാടി ആയിരുന്നു. കോഴിക്കോട് എത്തിയപ്പോഴും ഞാന്‍ വെള്ളിമാട്കുന്നിലെ വീട്ടില്‍ പോയിരുന്നു.
സ്വന്തമായി ഒരു വീട് റംലയുടെ സ്വപ്‌നമായിരുന്നു. ടി.പി ചെറൂപ്പ അടക്കം നിരവധി നല്ല മനുഷ്യര്‍ അതിനു യത്‌നിച്ചു.എം.കെ മുനീര്‍ അമരത്ത് നിന്നു. അത് സാക്ഷാത്കരിച്ചു.
യഥാര്‍ഥ ഭക്തി, ഖുര്‍ആനികാവേശം… മുസ്‌ലിംബോധങ്ങള്‍ ആലപ്പുഴ നുസ്രത്ത് നഗറില്‍ നിന്ന് ആര്‍ജിച്ചത് അവര്‍ കടലിനക്കരെ വരെ വിളമ്പി.
ഒരു സര്‍വകലാശാല റിക്കാര്‍ഡ് പറയട്ടെ, ദുബൈയിലും ഷാര്‍ജയിലും റംലയുടെ കഥാപ്രസംഗത്തിന് ഒഴുകിയെത്തിയ ജനസാഗരം പിന്നൊരു പരിപാടിക്കും സംഭവിച്ചില്ല….
കഥാപ്രസംഗകലയിലൂടെ ഇസ്‌ലാമിക ഊര്‍ജ്ജം പകര്‍ന്ന വാനമ്പാടി പാട്ടു നിര്‍ത്തി പറന്നകന്നു. മുനീറിന്റെ പ്രണയങ്ങള്‍….ദജ്ജാലിന്റെ അട്ടഹാസങ്ങള്‍….കര്‍ബലയുടെ വാളൊച്ചകള്‍….’ഹിറ’യുടെ ആത്മീയ ചൈതന്യങ്ങള്‍….ഇനിയില്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.