അദബില്‍ പെയ്തിറങ്ങിയ അനുഗ്രഹങ്ങള്‍
സാദിഖ് ഫൈസി താനൂര്‍
മുസ്‌ലിം ഉമ്മത്തിന്റെ ഏഴു നൂറ്റാണ്ടുകാലത്തെ മഹാ സ്വപ്നം സാക്ഷാത്കരിച്ച നിര്‍വൃതിയില്‍ ഇരിക്കുകയാണ് സുല്‍ത്വാന്‍ മുഹമ്മദുല്‍ ഫാതിഹ്. ആ സമയത്ത് ഫാതിഹിന്റെ മനസില്‍ ഓടിയെത്തിയത്ത് അബൂ അയ്യൂബില്‍ അന്‍സ്വാരി (റ)യുടെ ഓര്‍മകളാണ്. കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കുക എന്ന സ്വപ്നത്തിന്റെ സാക്ഷാത്കാരത്തിനു വലിയ തിടുക്കം കാണിച്ചത് ആ സ്വഹാബി വര്യനാണ്.
മുആവിയ (റ)യുടെ ഭരണകാലത്ത് മുസ്‌ലിംകള്‍ ആദ്യമായി കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കാന്‍ ഇറങ്ങിയപ്പോള്‍, പ്രായം വകവയ്ക്കാതെ ഒരുങ്ങിയിറങ്ങിയ സ്വഹാബിയാണ് അബൂ അയ്യൂബ് (റ). പ്രവാചക ശിഷ്യന്മാരില്‍ പ്രമുഖനായ ആ സ്വഹാബി കോണ്‍സ്റ്റാന്റിനോപ്പിളിന്റെ അതിര്‍ത്തിയില്‍വച്ചു സി.ഇ 674ല്‍ രക്തസാക്ഷ്യം വരിച്ചു. മുസ്‌ലിംകള്‍ ആ സ്വഹാബിയെ വസ്വിയത്ത് പ്രകാരം കോണ്‍സ്റ്റാന്റിനോപ്പിളിന്റെ ഓരത്ത് മറവുചെയ്തു. അബൂ അയ്യൂബിന്റെ ഉത്സാഹം പില്‍ക്കാല മുസ്‌ലിം സംഘങ്ങള്‍ക്കെല്ലാം പ്രചോദനമായി. അതിന്റെ ആവേശത്തിലാണ് മുഹമ്മദുല്‍ ഫാതിഹും വന്നത്.
നഗരം കീഴടക്കിയ സ്വുല്‍ത്വാന്‍ ആദ്യം അന്വേഷിച്ചത് അബൂ അയ്യൂബിന്റെ ഖബറിടമാണ്. അടയാളങ്ങളെല്ലാം തേഞ്ഞു മാഞ്ഞുപോയ ആ ഖബറിടം സുല്‍ത്വാന്റെ ആത്മീയഗുരുവും പഞ്ചേന്ദ്രിയങ്ങള്‍ക്കപ്പുറം ജ്ഞാനമുണ്ടായിരുന്ന സൂഫിയുമായ ആഖ് ശംസുദ്ദീന്‍ പറഞ്ഞുകൊടുത്തു. അവിടെ പരിശോധിച്ചപ്പോള്‍ ഖബര്‍ കണ്ടെത്തി. ആ സമയത്തെ സുല്‍ത്വാന്റെ സന്തോഷം പറഞ്ഞറിയിക്കാനാകാത്ത അത്രയുമായിരുന്നു. അബൂ അയ്യൂബിന്റെ ഖബറിടത്തിനു സേവനം ചെയ്യാന്‍ കിട്ടിയ അവസരം അദ്ദേഹം പാഴാക്കിയില്ല. ആ മഖ്ബറ വിശ്വാസികളുടെ ആത്മീയ കേന്ദ്രമാക്കാനുള്ള നടപടികള്‍ ഉടനെടുത്തു. മുഹമ്മദ് നബി (സ)ക്ക് മദീനയില്‍ ആദ്യമായി വീടൊരുക്കിയ സ്വഹാബിക്കു റോമിന്റെ മണ്ണില്‍ നല്ലൊരു കൂടൊരുക്കാന്‍ തന്നെ ഫാതിഹ് മുന്നോട്ടുവന്നു. മഖ്ബറയോടനുബന്ധിച്ചു ഒരു മസ്ജിദിനും ശിലയിട്ടു. കോണ്‍സ്റ്റാന്റിനോപ്പിളില്‍ മുസ്‌ലിംകള്‍ നിര്‍മിക്കുന്ന ആദ്യത്തെ പള്ളിയായിരുന്നു അത്.
ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ സ്ഥാപകന്‍ ഉസ്മാനുല്‍ ഗാസിക്ക് അദ്ദേഹത്തിന്റെ ആത്മീയ ഗുരു ശൈഖ് ഇദേ ബാലി (1206 1326) ബറകത്തിനായി അനുഗ്രഹിച്ചുനല്‍കിയ ഒരു വാളുണ്ടായിരുന്നു. ഉസ്മാനു ശേഷം അധികാരമേറ്റ പിന്മുറക്കാരെല്ലാം സ്ഥാനാരോഹണം നടത്തുമ്പോള്‍ ആ വാള്‍ ഏതെങ്കിലും ഒരു സൂഫീ ശൈഖില്‍നിന്ന് ഏറ്റുവാങ്ങുന്ന പതിവുണ്ടായിരുന്നു. അതാണ് അവരുടെ അധികാര മാറ്റത്തിന്റെയും ബൈഅത്തിന്റെയും ഔദ്യോ ഗിക അടയാളം. സുല്‍ത്വാന്‍ മുഹമ്മദുല്‍ ഫാതിഹ് ആ വാള്‍ അബൂ അയ്യൂബില്‍ അന്‍സ്വാരി (റ)യുടെ മഖ്ബറയില്‍ കൊണ്ടുവന്നു, ആ അനുഗൃഹീത സ്ഥലത്തുനിന്ന് അതേറ്റുവാങ്ങി മുസ്‌ലിം ലോകത്തിന്റെ സുല്‍ത്വാനും റോമിന്റെ സീസറുമായി സ്ഥാനമേറ്റു. അതിന്റെ അനുഗ്രഹം ഫാതിഹിന്റെ ജീവിതത്തിലുടനീളം ജനംകണ്ടു.
പിന്നീടുവന്ന ഉസ്മാനീ സുല്‍ത്വാന്മാരെല്ലാം മുഹമ്മദുല്‍ ഫാതിഹിനെ പിന്തുടര്‍ന്നു. അബൂ അയ്യൂബിന്റെ മഖ്ബറയില്‍ വന്നു ‘ഉസ്മാനീ വാള്‍’ ഏറ്റുവാങ്ങി. സ്ഥാനമേറ്റു രണ്ടാഴ്ചയ്ക്കകം മഖ്ബറയില്‍നിന്ന്, അതതു കാലത്തെ സൂഫീ ശൈഖുമാരില്‍ നിന്നോ ശൈഖുല്‍ ഇസ്‌ലാം പദവിയുള്ള പണ്ഡിതന്മാരില്‍ നിന്നോ വാള്‍ ഏറ്റുവാങ്ങുന്ന ഈ ചടങ്ങായിരുന്നു ഖിലാഫത്തിന്റെ അന്ത്യംവരെ അധികാര കൈമാറ്റത്തിന്റെ ഔദ്യോഗിക അടയാളം. ഉസ്മാനികളെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതവഴിയില്‍ അത്രയും പ്രിയപ്പെട്ടതായിരുന്നു അബൂഅയ്യൂബി (റ)ന്റെ മഖ്ബറ. അതിന്റെ ബറകത്തിലാണ് നൂറ്റാണ്ടുകളോളം മുസ്‌ലിം ലോകത്തെ നയിച്ചതെന്നു പറയാം. ആ പാരമ്പര്യത്തിന്റെ അനുകരണമാകാം, നിലവിലെ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ തെരഞ്ഞെടുപ്പ് ജയിച്ച ഉടനെയും പട്ടാള അട്ടിമറിയില്‍നിന്ന് അതിജീവിച്ച ഉടനെയും അയ്യൂബിയുടെ മസാറില്‍ വന്നു നിര്‍വഹിച്ചത്.
(മുഹമ്മദ് ഫരീദ് ബക്: താരീഖു ദൗലത്തില്‍ അലിയ്യ 1/162, സ്വല്ലാബി: ഫാതിഹുല്‍ ഖുസ്ത്വിന്‍ത്വീനിയ്യ അസ്സുല്‍ത്വാന്‍ മുഹമ്മദുല്‍ ഫാതിഹ്. പേജ് 117, ഇബ്‌നുല്‍ അസീര്‍: ഉസ്ദുല്‍ ഗാബ 3/142, Quataert, Donald: The Ottoman Empire, 1700–1922. page 93, Hasluck, Frederick William: Christiantiy and Islam Under the Sultans. Vol. II. pp. 604–622.)
Comments are closed for this post.