2020 October 20 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വേനല്‍ അവധിക്കുശേഷം ഗള്‍ഫില്‍ സ്‌കൂളുകള്‍ നാളെ തുറക്കും; കേരള വിദ്യാര്‍ഥികള്‍ക്ക് രണ്ടാഴ്ചത്തെ ഇളവ്

വിദ്യാര്‍ഥികള്‍ ബന്ധപ്പെട്ട സ്‌കൂളിനെ യഥാസമയം അറിച്ചാല്‍ മാത്രം ഇളവ്

 

 

നിസാര്‍ കലയത്ത്

ജിദ്ദ: രണ്ടു മാസത്തെ വേനല്‍ അവധിക്കുശേഷം ഗള്‍ഫിലെ സ്‌കൂളുകള്‍ ഞായറാഴ്ച തുറക്കും. വിദ്യാര്‍ഥികളെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങളെല്ലാം സ്‌കൂളുകള്‍ പൂര്‍ത്തിയാക്കി. കേരളത്തിലേതില്‍ നിന്നും വ്യത്യസ്തമായി ഏപ്രിലില്‍ അധ്യയനം തുടങ്ങിയ ഗള്‍ഫിലെ സ്‌കൂളുകള്‍ ആദ്യ ടേം പൂര്‍ത്തിയാക്കി പരീക്ഷയും നടത്തിയാണ് ജൂണ്‍ 24ന് അടച്ചത്. ഗള്‍ഫില്‍ കടുത്ത ചൂട് അനുഭവപ്പെടുന്ന ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് മധ്യവേനല്‍ അവധി.

കേരളത്തില്‍ ഓണപ്പരീക്ഷ വേണ്ടെന്നുവച്ചതിനാല്‍ ഗള്‍ഫിലെ വിദ്യാര്‍ഥികള്‍ക്കും സ്‌കൂള്‍ തുറന്ന ഉടനെ പരീക്ഷയുണ്ടാകില്ലെന്നാണ് വിവിധ സ്‌കൂളുകളില്‍ നിന്നുള്ള റിപ്പോര്‍ട്ട്. പകരം ക്ലാസ് ടെസ്റ്റുകളായിരിക്കും നടത്തുക. ഒക്ടോബര്‍ അവസാന വാരമോ നവംബര്‍ ആദ്യ വാരമോ ആയിരിക്കും അര്‍ധവാര്‍ഷിക പരീക്ഷ. അതേ സമയം കേരളത്തിലുണ്ടായ പ്രളയത്തിലകപ്പെട്ട് യാത്രാ രേഖകളും മറ്റും നഷ്ടമായ സ്‌കൂള്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വിവിധ ഗള്‍ഫ് മേഖലയിലെ സ്‌കൂളുകള്‍ ഇളവ് പ്രഖ്യാപിച്ചു.

പ്രളയം മൂലം നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചതും പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍ നഷ്ടപ്പെട്ടതും അനവധി പേരുടെ യാത്രയെ ബാധിച്ചതായും ഇത്തരം കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഇളവിനായി വിവിധ മലയാളി പ്രവാസി സംഘടന ഭാരവാഹികള്‍ സഊദി, കുവൈത്ത്, യു.എ.ഇ, ഖത്തര്‍, ബഹ്‌റൈന്‍ തുടങ്ങിയ വിദ്യാഭ്യാസ മന്ത്രാലയത്തെ സമീപിക്കണമെന്നും നേരത്തെ ഇന്ത്യന്‍ സ്ഥാനപതിമാരോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് കേരളത്തിലെ പ്രളയത്തില്‍പെട്ട് തിരിച്ചെത്താനാവാത്ത വിദ്യാര്‍ഥികള്‍ക്ക് രണ്ടാഴ്ചത്തെ ഇളവു നല്‍കാനും ധാരണയായത്. അതേ സമയം പ്രളയംമൂലം പാസ്‌പോര്‍ട്ട് അടക്കം രേഖകള്‍ നഷ്ടപ്പെടുകയോ മറ്റോ കാരണത്താല്‍ ഗള്‍ഫ് മേഖലയില്‍ എത്താന്‍ സാധിക്കാത്ത വിദ്യാര്‍ഥികള്‍ ഇക്കാര്യം ബന്ധപ്പെട്ട സ്‌കൂളിനെ യഥാസമയം അറിയിക്കണം.

ഇ-മെയില്‍ വഴിയോ ബന്ധുക്കള്‍ മുഖേന സ്‌കൂളില്‍ നേരിട്ടോ അറിയിച്ചാലേ രണ്ടാഴ്ചത്തെ ഇളവ് ലഭിക്കൂ. പ്രശ്‌നബാധിത മേഖലകളിലെ കുട്ടികളുടെ കാര്യങ്ങള്‍ പ്രത്യേകം പരിഗണിച്ച് ഇവരുടെ ഹാജര്‍ നഷ്ടമാകാത്ത വിധം സ്‌കൂളുകള്‍ നടപടി സ്വീകരിക്കും. ഇവര്‍ക്കു നഷ്ടപ്പെട്ട ക്ലാസുകള്‍ വീണ്ടെടുക്കാന്‍ അധ്യാപകരും സഹകരിക്കും. കേരളത്തിലെ വിദ്യാര്‍ഥികളുടെ മാതൃക പിന്തുടര്‍ന്ന് നഷ്ടപ്പെട്ട ക്ലാസുകളിലെ നോട്ട് എഴുതി നല്‍കാനും മറ്റും സഹപാഠികളും തയാറാകുമെന്ന് അധ്യാപകര്‍ സൂചിപ്പിച്ചു. സ്‌കൂളിന്റെ ഭാഗത്തു നിന്നുള്ള ഈ തീരുമാനം പതിനാറായിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളിലെ മലയാളി രക്ഷിതാക്കള്‍ക്കും ആശ്വാസമാണ്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.