തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ വേനലവധി ആരംഭിക്കുന്നത് ഏപ്രില്‍ ഒന്നിന് പകരം ഏപ്രില്‍ ആറിന് ആയിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ജൂണ്‍ 1 ന് തന്നെ സ്‌കൂള്‍ തുറക്കുമെന്നും മന്ത്രി പറഞ്ഞു. കുട്ടികളുടെ അക്കാദമിക നിലവാരത്തിന് സഹായിക്കുന്ന 210 പ്രവൃത്തിദിനങ്ങള്‍ ഉറപ്പാക്കാനാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ ഏപ്രില്‍ ഒന്നിനാണ് മധ്യവേനലവധി തുടങ്ങുന്നത്.
പ്ലസ് വണ്‍ ക്ലാസുകള്‍ ജൂലൈ അഞ്ചിന് ആരംഭിക്കാനാണ് നിലവില്‍ തീരുമാനമെന്നും മന്ത്രി അറിയിച്ചു. ചിറയിന്‍കീഴ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പ്രവേശനോത്സവ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് 38.33 ലക്ഷം കുട്ടികളാണ് എല്‍ പി, യു പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായി ഇന്ന് പ്രവേശനോത്സവത്തില്‍ പങ്കെടുത്തത്. അഞ്ച് ലക്ഷത്തോളം വരുന്ന ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളും സ്‌കൂളിലെത്തുമെന്നും ശിവന്‍കുട്ടി പറഞ്ഞു.
അതേസമയം അധ്യാപകരുടെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് ഈയാഴ്ച വകുപ്പുതല സ്ഥാനക്കയറ്റ കമ്മിറ്റി കൂടുമെന്നും അധ്യാപകരുടെ കുറവ് ഉണ്ടെങ്കില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Comments are closed for this post.