ന്യൂഡല്‍ഹി: ഇന്ത്യയില്‍ ക്രിസ്ത്യന്‍, ഹിന്ദു വിഭാഗങ്ങളെ അപേക്ഷിച്ച് മുസ്‌ലിംകള്‍ക്കിടയില്‍ ആത്മഹത്യാ നിരക്ക് കുറവെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍.സി.ആര്‍.ബി) റിപ്പോര്‍ട്ട്. ദലിതുകള്‍ക്കും ആദിവാസികള്‍ക്കുമിടയിലാണ് ആത്മഹത്യാ നിരക്ക് കൂടുതലുള്ളത്.
മതവിശ്വാസികളില്‍ ക്രിസ്ത്യാനികള്‍ക്കിടയിലാണ് ആത്മഹത്യാ നിരക്ക് കൂടുതല്‍. ഇത് 17.4 ശതമാനമാണ്. ഹിന്ദുക്കള്‍ക്കിടയില്‍ 11.3 ശതമാനവും മുസ്‌ലിംകള്‍ക്കിടയില്‍ ഏഴ് ശതമാനവുമാണ് ആത്മഹത്യാ നിരക്ക്. സിഖുകാര്‍ക്കിടയില്‍ 4.1 ശതമാനമാണിത്. 10.6 ആണ് ദേശീയ ശരാശരി. ജാതി അടിസ്ഥാനത്തിലുള്ള സെന്‍സസിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ജാതി- മത അടിസ്ഥാനത്തിലുള്ള ആത്മഹത്യാ നിരക്കും തയാറാക്കിയത്.
2014ലെ കണക്കുപ്രകാരം തയാറാക്കിയ രേഖ ഇതുവരെ പുറത്തുവിട്ടിരുന്നില്ല. ജാതി വിഭാഗത്തില്‍ ആദിവാസികളിലാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യാ നിരക്കുള്ളത്- 10.4 ശതമാനം, 9.4 ശതമാനവുമായി ദലിതുകളാണ് തൊട്ടുപിന്നില്‍. ഒ.ബി.സി വിഭാഗത്തിലും 9.2 ശതമാനം ആത്മഹത്യാ നിരക്കുണ്ട്. 2011ലെ സെന്‍സസ് പ്രകാരം 2.3 ശതമാനമാണ് രാജ്യത്തെ ക്രിസ്ത്യന്‍ ജനസംഖ്യ. എന്നാല്‍ അവരുടെ ആത്മഹത്യാ നിരക്ക് 3.7 ശതമാനമാണ്. 79.8 ശതമാനം ജനസംഖ്യയുള്ള ഹിന്ദുക്കളില്‍ നിരക്ക് 83 ശതമാനമാണ്. 14.2 ശതമാനം ജനസംഖ്യയുള്ള മുസ്‌ലിംകളില്‍ 9.2 ശതമാനവും.
ആദിവാസി, ദലിത് വിഭാഗങ്ങള്‍ക്കിടയില്‍ ആത്മഹത്യാനിരക്ക് വര്‍ധിക്കാന്‍ കാരണം സാമൂഹികവും സാമ്പത്തികവുമായ കാരണങ്ങളാണെന്ന് സാമൂഹികക്ഷേമമന്ത്രാലയം മുന്‍ സെക്രട്ടറി പി.എസ് കൃഷ്ണന്‍ പറഞ്ഞു.
Comments are closed for this post.