2021 March 06 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മലയാളത്തിന്റെ വാനമ്പാടി

ശ്രീധരനുണ്ണി

 

മലയാളത്തില്‍ തികച്ചും വ്യതിരിക്തമായ ഒരു കാവ്യഭാഷയുടെ ഉടമയാണ് സുഗതകുമാരി. അത് ഒരേസമയം വികാരത്തിന്റെയും വിചാരത്തിന്റെയും ഭാവതലങ്ങളെ പ്രദ്യോതിപ്പിക്കുന്നു. ആ ഹൃദയഭാഷ മലയാണ്‍മ എന്നും നെഞ്ചേറ്റുന്നത് അതുകൊണ്ടാണ്. 1958ല്‍ ‘മുത്തുച്ചിപ്പി’ എന്ന മനോഹര കവിതയുമായി കടന്നുവന്ന ഈ കവയത്രിയ്ക്ക് പിന്നീടൊരിക്കലും തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. കാല്‍പനികതയിലും ഭാവാത്മകതയിലും പ്രകൃത്യാരാധനയിലും തത്വവിചാര ധാരയിലും ഒരേപോലെ അഭിരമിക്കുന്ന ആ കാവ്യസിദ്ധിയെ തുലനം ചെയ്യാന്‍ സാധ്യമല്ല. അത് എന്നും അനന്വയമായിത്തന്നെ നിലകൊള്ളുന്നു. കൃഷ്ണ കവിതകളിലൂടെ ആത്മീയതയുടെ മറ്റൊരു പരിവേഷം ഈ കവിക്കുണ്ട്. അത് പ്രകടനപരതയല്ല. ലയാത്മകതയാണെന്ന് സഹൃദയലോകം തിരിച്ചറിഞ്ഞിട്ടുണ്ട് താനും. പൗരസ്ത്യമായ ജീവിത വീക്ഷണമെന്ന് ബാലാമണിയമ്മ ഇതിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. ആദ്യകാല രചനയായ മുത്തുച്ചിപ്പിയില്‍ നമുക്കത് കാണാം. ആഴക്കടലിലെ ചിപ്പിയില്‍ നിന്ന് മുത്ത് ജനിച്ചുവരുന്ന പ്രക്രിയ ചിന്താബന്ധുരമായി ആലോചനാമൃതമായി വിന്യസിച്ച ആ കവിത അതിന്റെ രചനാഭംഗികൊണ്ട് നമ്മുടെ ഹൃദയം കീഴടക്കുന്നു.

‘നിറുത്തിടൊല്ലേ നൃത്തം, നിര്‍വൃതി ലയത്തിലാത്മാവലിയുന്നു. മദാന്ധകാരം മാറീലാമിഴി തുറക്കുന്നു പൂര്‍ണത കണ്ടീല… ‘ എന്നിങ്ങനെ കാളിയ മര്‍ദനത്തിന്റെ ദൃതതാളം വിരിയുന്ന ‘കാളിയ മര്‍ദനം’ എന്ന കവിത മലയാണ്‍മയെ ഉത്തുംഗ ശൃംഗത്തിലെത്തിച്ച ഒരു രചനയത്രെ. പുരാവൃത്ത കഥാപാത്രങ്ങളെ, ഭക്തിയുടെയും മനഃശാസ്ത്ര വിജ്ഞാനീയത്തിന്റെയും ഫിലോസഫിയുടെയും കണ്ണടയിലൂടെ വായിക്കുകയാണ് കവി. ചൈതന്യവും സൗഭാഗ്യവുമുള്ള ശൈലി എന്നതിനെ വിളിക്കാം. സുഗതകുമാരിയുടെ കാവ്യ ഭാവന നിര്‍വചനാതീതമാണ് എന്നത്രെ അന്നേ, മഹാകവി ശങ്കരക്കുറുപ്പ് പ്രവചിച്ചത്. സുഗതയുടെ ബിംബ കല്‍പനകളെ, നിര്‍ദ്ധരിയ്ക്കാന്‍ പ്രയാസമാണ്. മൂര്‍ത്തമായ ഒരു അമൂര്‍ത്തനയായി അത് ആസ്വാദകനെ വലയം ചെയ്യും. ‘തുഞ്ചന്റെ തത്ത’ വായിക്കുമ്പോള്‍ നമുക്കത് ബോധ്യപ്പെടും. ‘ഇന്നോ ഗാന നിലാവകന്നു, വെയിലായ് പിന്നീടിരുട്ടായ്, മനം കണ്ണീരാല്‍ നനയാത്തതായ്, ഒരു തിരക്കായീ ജഗത്തൊക്കെയും’ എന്ന തിരിച്ചറിവിലേക്ക് നയിക്കുന്ന ഈ കവിത കൈരളിയുടെ രത്‌നമാലയാണ്. 1960 മുതല്‍ക്കുള്ള വര്‍ഷങ്ങള്‍ സുഗതകുമാരിക്കവിതയുടെ പുഷ്‌കല കാലഘട്ടം തന്നെ.

സുഗതകുമാരിയുടെ പിതാവ് ബോധേശ്വരന്‍ തികഞ്ഞ ഗാന്ധിയനും ദേശാഭിമാനിയായ കവിയുമായിരുന്നു. ആ തെളിച്ചമാണ് ഈ കവിയെ നയിച്ചത്. പില്‍ക്കാലത്ത് എന്‍.വി കൃഷ്ണവാരിയര്‍ സുഗതയുടെ സിദ്ധികളെ തിരിച്ചറിഞ്ഞു. അങ്ങനെ അദ്ദേഹവും കാവ്യ ഗുരുവായി. ‘പാവം മാനവ ഹൃദയം’ കവിയുടെ ഒരു തിരിച്ചറിവാണ്. ഇവിടെ കവിത എന്നത് ജീവിതത്തെ കുറെക്കൂടി സ്പഷ്ടമായും അഗാധമായും ഭാവ പൂര്‍ത്തിയോടെയും സാക്ഷാല്‍ക്കരിക്കുകയാണ്. മനുഷ്യ ഹൃദയത്തെക്കുറിച്ചുള്ള ഈ തിരിച്ചറിവ് ഇങ്ങനെയാണ് കവി വിശദീകരിക്കുന്നത്. ‘ഒരു താരകയെക്കാണുമ്പോളത് രാവുമറക്കും, പുതുമഴ കാണ്‍കെ വരള്‍ച്ച മറക്കും’ എന്ന വിശ്രുതമായ ഈരടി നോക്കൂ. അത്, മലയാള കവിതയില്‍ പുതിയൊരു ഭാവുകത്വം വേരുറച്ച കാലമായിരുന്നുവല്ലോ. ആ നിരയില്‍, സുഗതകുമാരി, വിഷ്ണു നാരായണന്‍ നമ്പൂതിരി, ചെറിയാന്‍ കെ. ചെറിയാന്‍, യൂസഫലി കേച്ചേരി എന്നിവരെയൊക്കെ നാം തിരിച്ചറിയുന്നത് ആ കാലത്താണ്. ഭാവനയുടെ ആ പുതുമേഖല യുവതലമുറയുടെ ലഹരിയായിരുന്നു. അയ്യപ്പ പണിക്കരും എന്‍.എന്‍ കക്കാടും എം.എന്‍ പാലൂരും മാധവന്‍ അയ്യപ്പത്തും മറ്റും അതേസമയം മറ്റൊരു വഴിവെട്ടിത്തുറന്നു. കടമ്മനിട്ടയുടെ ദ്രാവിഡ പര്‍വവും നാം ആസ്വദിച്ചു. ഇതില്‍ സുഗതകുമാരിയുടെ കവിതകളെ വേറിട്ട് അടയാളപ്പെടുത്തണം. കാരണം അത് അനുഭൂതികളായിട്ടാണ് നമ്മുടെ മനസിലേക്ക് അരിച്ചിറങ്ങുന്നത്. ചിരകാലം വന്‍ നഗരത്തില്‍ കഴിഞ്ഞു കൂടിയിട്ടും, ആ സങ്കീര്‍ണതകളല്ല കവി അനാവരണം ചെയ്യുന്നത്. അത് ഗ്രാമത്തനിമയുടെ ഉണര്‍ത്തുപാട്ടുമല്ല. രണ്ടിന്റെയും സൗന്ദര്യാംശമാണ് കവി ഒപ്പിയെടുക്കുന്നത്. ഇതിനെ ലയ ഭാഷ എന്നും പറയാം. മിഠായി പോലെ അലിഞ്ഞ് നുണയാവുന്ന മധുരമാണ് അത്. സുഗത തന്നെ അത് വ്യക്തമാക്കുന്നുണ്ട്.

‘ഒരു പൂവ് വിരിയുന്നു, ഒരു കവിത ജനിക്കുന്നു, ബോധപൂര്‍വമായ ഒരുദ്ദേശ്യവും പ്രത്യേകിച്ചില്ലാതെ പൂമൊട്ടിന് വിരിഞ്ഞേ കഴിയൂ. പക്ഷിക്ക് പാടിയേ കഴിയൂ…’ എന്നിങ്ങനെയുള്ള കാവ്യ സുന്ദരമായ ഭാഷയില്‍ കവി അത് കുറിച്ചിട്ടിട്ടുണ്ട്. ചങ്ങമ്പുഴയ്ക്കും അത് അങ്ങനെയായിരുന്നുവല്ലോ. ജീവിതത്തെയാണ് സുഗത വായിച്ചത്. അവിടെ കവിയുടെ അയത്തമായ രചനാ രീതിയെ അപഗ്രഥനം ചെയ്യണം. വാക്കുകളുടെ വിന്യാസ ഭംഗിയാണത്. ‘രാത്രിമഴ’ എന്ന കവിതയാണ് നാം ഇവിടെ ഓര്‍ക്കേണ്ടത്. രാത്രി മഴയുടെ അനുക്രമമായ പരിണാമത്തെ മലയാളി ഏറെ ആസ്വദിച്ചു. അത് ജീവിതത്തിന്റെ പരിണാമം തന്നെ. മഴയുടെ സാമാന്യവല്‍ക്കരണം. അത് പലമാതിരി പെയ്യുന്നു. ആ പെയ്ത്ത് പക്ഷേ കാലം എങ്ങനെ, ഏത് മാപിനി ഉപയോഗിച്ചളക്കും. ‘സമാന ഹൃദയ, നിനക്കായ് പാടുമ്പോള്‍’ എന്ന രചനയില്‍ ഈ സാമൂഹ്യ പ്രതിബദ്ധതയുണ്ട്. അവിടുന്നിങ്ങോട്ട്, അതായത് എഴുപതുകള്‍ക്കുശേഷം, സുഗതകുമാരിയുടെ കവിതകള്‍ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി എന്ന് പറയാം. അവിടെ കവി സമൂഹവുമായി ഇണങ്ങിനില്‍ക്കുന്നു. അത് വ്യക്തിനിഷ്ഠമായ രചനകളില്‍ നിന്നുള്ള ഒളിച്ചോട്ടമല്ല. പ്രത്യുത സഹജീവികളുമായുള്ള സാക്ഷാല്‍ക്കാരമാണ്. ഭാവ ഭാഷയില്‍ നിന്ന് സ്‌നേഹ ഭാഷയിലേക്കുള്ള മാറ്റം. ഇതില്‍ത്തന്നെ രണ്ട് കൈവഴികളുണ്ട്. ഒന്ന്, സഹജീവി സ്‌നേഹം, പാവം മാനവ ഹൃദയം മുതല്‍ നാമത് കണ്ടു. രണ്ടാമത്, പ്രകൃതി സ്‌നേഹം സൈലന്റ് വാലിയില്‍ അത് കാണാം. ശൃമയാം നിശബ്ദ കാനനത്തെ ആനന്ദ ബാഷ്പത്തോടെ കാണുന്ന കവിയാണ് അവിടെ സുഗതകുമാരി. ഈ പ്രകൃതി സ്‌നേഹം പില്‍ക്കാലത്ത് വളര്‍ന്ന് ജീവിതത്തിന്റെ തന്നെ ഭാഗമായി മാറിയതും നാം കാണുന്നു. ഇതൊരു വിശാലമായ കാഴ്ചപ്പാടാണ്. അത് ഭാരതീയ ദാര്‍ശനികതയുടെ ഭാഗമായ പ്രകൃതി പുരുഷബന്ധം തന്നെ. രണ്ടും രണ്ടല്ല എന്ന അവസ്ഥ. ആ തന്മയീഭാവം കവിയെ, മനുഷ്യത്വം മാത്രമായി ബാധിക്കുന്നു. അഥവാ ബോധിക്കുന്നു.
‘ഇനിയീ മനസില്‍ കവിതയില്ല മണമില്ല മധുവില്ല മധുരമില്ല’ എന്ന പ്രഖ്യാപനം കവിതയോട് വിടപറഞ്ഞതല്ല. പ്രത്യുത ഒരു മഹാസങ്കടത്തിന്റെ വെളിപ്പെടുത്തലാണ്. കിളികളായ കിളികളൊക്കെയും പാട്ടുനിര്‍ത്തിയാല്‍ പിന്നെയെന്ത് ലോകം.

‘ഒരു പാട്ടു പിന്നെയും പാടി നോക്കുന്നിതാ ചിറകൊടിഞ്ഞുള്ളൊരീ കാട്ടുപക്ഷി’. അതെ. ആ പക്ഷിക്ക് പാടാതിരിക്കാന്‍ പറ്റുകയില്ല. അതാണ് സുഗതകുമാരിയുടെ ചേതോവികാരം. ഇവിടം മുതല്‍ ആ കവിതകളില്‍ വിചാരാംശം കൂടി സ്ഥാനമുറപ്പിച്ചു എന്നു പറയാം. പ്രകൃതിയുമായുള്ള വിലയനം തുലാവര്‍ഷപ്പച്ചയില്‍ കാണാം. അത് പിന്നെ യാഥാര്‍ഥ്യത്തിലേക്ക് പടരുന്നതും നാം അറിയുന്നു. തുലാവര്‍ഷപ്പച്ചയിലെ അട്ടപ്പാടി അത്തരത്തില്‍ ഒരു ബിംബമാണ്.

പ്രകൃതിയിലേക്കുള്ള ഈ തിരിഞ്ഞുനോട്ടം സുഗതക്കവിതകളിലെ ഒരു വഴിത്തിരിവത്രെ. മരങ്ങള്‍ അവിടെ അമരത്വമായി. കാട് ഹൃദയം തന്നെയായി. മനുഷ്യന്റെ അസ്തിത്വം എന്നത് ഒറ്റപ്പെട്ടുനില്‍ക്കുന്നതല്ല. പ്രപഞ്ചത്തിലെ സര്‍വ ചരാചരങ്ങളെയും അതി പ്രതിനിധീകരിക്കുന്നു. സാമൂഹ്യ നിരീക്ഷണത്തില്‍ വന്ന ഈ വ്യതിയാനം അഥവാ പുരോയാനം മനുഷ്യ ദുഃഖങ്ങളെക്കുറിച്ചുള്ള ബോധ്യമാണ്. അവഗണിക്കപ്പെടുന്ന സ്ത്രീത്വത്തിന്റെ വക്താവായി ടീച്ചര്‍ മാറിയത് അങ്ങനെയാണ്. ‘പെണ്‍കുഞ്ഞ്’ എന്ന കവിതയില്‍ കവിയുടെ ചോദ്യം മനസ്സാക്ഷിയോടാണ്. കവി കാണുന്നത് കണ്ണുകൊണ്ടല്ല എന്ന് പറയാറുണ്ട്. ബാഹ്യ ചക്ഷുസുകള്‍ക്കപ്പുറത്തുള്ള ഒരു ആന്തരിക ചക്ഷുസിലൂടെയാണ്. പ്രകൃതി ചൂഷണത്തിനെതിരേ പട നയിക്കുമ്പോഴും സ്ത്രീ പീഡനത്തിനെതിരേ ശബ്ദമുയര്‍ത്തുമ്പോഴും കവി കണ്ടത് ആ കണ്ണുകളിലൂടെയാണ്. അത് പണയം വെച്ചില്ല എന്നതാണ് സുഗതകുമാരി എന്ന കവിയുടെയും മനുഷ്യ സ്‌നേഹിയുടെയും മേന്മ.

സുവ്യക്തവും സുചിന്തിതവുമായ ആദര്‍ശ ബോധമാണ് ഈ കവിയെ മഹത്വത്തിലേക്കാനയിക്കുന്ന ഒരു ഘടകം. മഹാത്മാ ഗാന്ധിയുടെ ദര്‍ശനങ്ങളെക്കുറിച്ച് കവിതയെഴുതാന്‍ പ്രേരക ഘടകം അതാണ്. വാക്യാര്‍ഥത്തില്‍, സുഗതകുമാരി ഭക്തകവിയല്ല. ഭക്തിയുടെ അപ്പുറത്തുള്ള ഒരു സാക്ഷാല്‍ക്കാരമുണ്ട്. അതാണ് അവരെ നയിക്കുന്നത്. കൃഷ്ണ കവിതകളെ നാം ആ രീതിയില്‍ വായിക്കണം. എം.ടി വാസുദേവന്‍ നായര്‍, സുഗതകുമാരിയുടെ ‘കൃഷ്ണ നീയെന്നെയറിയില്ല’ എന്ന കവിതയെക്കുറിച്ച് എഴുതിയത് ഞാനിവിടെ ഉദ്ധരിക്കട്ടെ. ‘വികാരം ചിന്തയാവുന്നു. ചിന്ത വാക്കുകളെ കണ്ടെത്തുന്നു. വാക്കുകള്‍ അനുഭവമാകുന്നു’. അതുകൊണ്ടാണ് രാധയെയും കൃഷ്ണനെയും കുറിച്ചുള്ള കവിതകള്‍, ദാര്‍ശനികമായ തലത്തില്‍ വായിക്കണമെന്ന് പറയുന്നത്. എം.ടിയുടെ ഈ നിര്‍വചനം സത്യത്തില്‍ ഒരു കവിതയ്ക്കുമാത്രം ബാധകമാക്കാവുന്ന ഒന്നല്ല. ഓരോ രചനയിലും അത് കാണാം. നടേ സൂചിപ്പിച്ച അനുഭൂതി ഭാഷ. പില്‍ക്കാല തലമുറയ്ക്ക് ഈ രചനാഭാഷ സ്വായത്തമാക്കാന്‍ കഴിയുമെങ്കില്‍ നന്ന്. പക്ഷേ അത് അത്രമേല്‍ അനുകരണീയമാണ്. പില്‍ക്കാലത്ത് കാവ്യ രചനാ രീതി മലയാളത്തില്‍ ഏറെ മാറ്റം കുറിച്ചു. പക്ഷേ സുഗതകുമാരിയുടെ അസ്തിത്വത്തിന് ഇടിവില്ല. കാരണം കവിത മാത്രം എഴുതാനുള്ള ഭാഷയായി അത് കവി സ്വീകരിച്ചു. അന്തര്‍മുഖ ഭാഷയല്ലത്, ആന്തരിക ചോദനയുടെ ആവിഷ്‌കാര പ്രകാരമാണ്. ആദര്‍ശ ശുദ്ധിയാല്‍ ജീവിതം കവിതയാക്കിയ കവിയാണ് സുഗതകുമാരി. ഭാവ ഭാഷയുടെ തെളിമയിലൂടെ അവരത് വ്യക്തമാക്കി ആഹ്വാനം ചെയ്ത് വിപ്ലവമുണ്ടാക്കുന്ന രീതിയല്ല അത്. മനസിന്റെ അടരുകളെ മാറ്റിപ്പണിയുന്ന യോഗിനിയുടെ വിപ്ലവമാണ്. മന്ത്ര സമാനമായ രചനകളിലൂടെ ബോധന പ്രക്രിയ സാധിക്കുന്ന സിദ്ധിയാണത്. വാനമ്പാടികള്‍ സ്‌നേഹത്തിന്റെ ഗാനവുമായി പാറിപ്പറക്കുന്നു. ആ വാനമ്പാടികളുടെ ഇടയില്‍ സുഗതകുമാരിയും അവരുടെ കവിതയും എന്നുമുണ്ടാകും. മലയാണ്‍മയുടെ കരുത്തായി.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.