
കേരളത്തിലെ വിദ്യാലയങ്ങള്‍ വേനല്‍ചൂടിനു മുന്‍പ് പരീക്ഷാച്ചൂടിനെ വരവേല്‍ക്കാനൊരുങ്ങുകയാണ്. എസ്.എസ്.എല്‍.സി പോലുള്ള പൊതുപരീക്ഷകളും മറ്റു വാര്ഷികപരീക്ഷകളും കലാലയങ്ങളിലും വീടുകളിലും ഒരു പോലെ കടുത്ത പഠനാന്തരീക്ഷം സൃഷ്ടിക്കാനൊരുങ്ങുകയാണ്. ഉന്നതപഠനത്തിനും ഉയര്ന്നപ്രൊഫഷനുമുള്ള ആദ്യപടിയെന്ന നിലയില്‍ സ്കൂള്പരീക്ഷ കുട്ടികള്‍ക്കു വഴിത്തിരിവാണ്.
എന്നാല്‍, ഇതിനിടയില്‍ സംഘടനാശക്തിയും ‘ജനസേവന’പ്രവര്‍ത്തികളും ധര്‍മബോധന ക്ലാസുകളും മുഖ്യ അജന്‍ഡയാക്കി നടക്കുന്ന ചില സാമൂഹ്യപ്രവര്‍ത്തകര്‍ പൊതുപരിപാടികളുമായി രംഗത്തെത്തുകയും ചെയ്യുന്നു. വര്‍ണാഭമായ പ്രകാശാലങ്കാരവും ആയിരക്കണക്കിനു വാട്സുകളുടെ ശബ്ദഘോഷങ്ങളും അകമ്പടി നല്കുന്ന ഇത്തരം പരിപാടികള്‍ പഠിതാക്കള്‍ക്ക് അസ്വസ്ഥത സൃഷ്ടിക്കുകയല്ലേ സത്യത്തില്‍ ചെയ്യുന്നത്.
‘നീ ഒരു പണ്ഡിതനോ അല്ലെങ്കില്‍ ഒരു പഠിതാവോ അല്ലെങ്കില്‍ ഒരു വിജ്ഞാന സ്നേഹിയോ അതുമല്ലെങ്കില്‍ ഒരു കേള്‍വിക്കാരനോ ആവുക’ എന്ന മതദര്‍ശനം നമ്മുടെ വിചാരങ്ങളെ ഉണര്‍ത്തേണ്ടതുണ്ട്. നാടിന്റെ നാല്ക്കവലകളിലും ഗ്രാമാന്തരങ്ങളിലും ഗംഭീരഭാഷണങ്ങള്കൊണ്ടു നന്മവിതയ്ക്കുന്നവരെ കുറ്റപ്പെടുത്താനല്ല ഈ കുറിപ്പ് മറിച്ച്, പഠനം ശീലമാക്കിയെടുക്കേണ്ട മാര്‍ച്ചു മാസത്തിന്റെ മുഖത്തുപോലും പൊതുപരിപാടികളുടെ ഫഌക്സ് ബോര്‍ഡുകളും പരസ്യ ബാനറുകളും ഉയരുന്നതിന്റെ അനൗചിത്യം ചൂണ്ടിക്കാണിക്കല്‍ മാത്രമാണു ലക്ഷ്യം.
കഷ്ടപ്പെട്ടു പഠിക്കാനല്ല, മക്കള്‍ക്ക് ഇഷ്ടപ്പെട്ടു പഠിക്കാനുള്ള സൗകര്യമൊരുക്കാനാണു മാതാപിതാക്കള്‍ക്കൊപ്പം ചുറ്റുപാടും സജ്ജമാകേണ്ടത്. ഉയര്‍ന്ന സമൂഹത്തിന്റെ നിര്‍മിതിയുടെ അടിത്തറ പാകേണ്ടതു കലാലയ മുറ്റങ്ങള്‍ തന്നെയാണെന്നു നാഴികയ്ക്കു നാല്പതുവട്ടം പറയുന്നവരെങ്കിലും വിദ്യാര്ഥിമനസ്സുകള്ക്കൊപ്പം ഈ വേളയില്‍ നില്‍ക്കണം.
നന്മയുള്ള സംഘാടകരും ഈ വിഷയത്തില്‍ നീതിപൂര്‍വം പെരുമാറണം. പരിപാടികള്‍ കഴിവതും കുറയ്ക്കുകയോ ഇന്‍ഡോര്‍ വേദികളിലേയ്ക്കു മാറ്റുകയോ ചെയ്യുന്നതു നല്ല പരിഹാരമാര്‍ഗമാണ്. മക്കള്‍ പഠിക്കട്ടെ, അവര്‍ക്കു വേണ്ടി, നമുക്കുവേണ്ടി, നല്ല നാളേയ്ക്കു വേണ്ടി.