2020 September 21 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പ്രസിഡന്റിനെ സൈന്യം ഒഴിപ്പിച്ചു, ആഭ്യന്തര മന്ത്രിയും രാജിവച്ചു: സിവിലിയന്‍ സര്‍ക്കാരിനു വേണ്ടി മുറവിളി കൂട്ടി സുദാന്‍

 

ഖുര്‍ത്തൂം: മൂന്നു പതിറ്റാണ്ടു കാലത്തെ ഭരണത്തിനെതിരെ മാസങ്ങളായി നടന്നുവരുന്ന പ്രക്ഷോഭത്തിനൊടുവില്‍ പ്രസിഡന്റ് ഒമര്‍ അല്‍ ബാഷിറിനെ സൈന്യം നീക്കിയെങ്കിലും സുദാനില്‍ സംഘര്‍ഷത്തിന് അയവില്ല. പകരക്കാരനായി മിലിട്ടറി കൗണ്‍സില്‍ മേധാവി ജനറല്‍ അവാദ് ഇബിന്‍ ഔഫ് സ്ഥാനമേല്‍ക്കുകയും അദ്ദേഹം മൂന്നു മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. അടുത്ത രണ്ടു വര്‍ഷത്തേക്ക് പരമ്പരാഗത ബോഡി രാജ്യം ഭരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

 

എന്നാല്‍, ഇബിന്‍ ഔഫ് സ്ഥാനമൊഴിയണമെന്നും ആവശ്യം അംഗീകരിക്കപ്പെട്ടില്ലെന്നും പറഞ്ഞ് പ്രക്ഷോഭകാരികള്‍ ഇപ്പോഴും തെരുവിലാണ്. ഇബിന്‍ ഔഫിനു പകരം ലഫ്റ്റനന്റ് ജനറല്‍ അബ്ദുല്‍ ഫത്താഹ് ബുര്‍ഹാനെ സ്ഥാനമേല്‍പ്പിക്കണമെന്നാണ് പ്രധാന ആവശ്യം. ജനാധിപത്യരീതിയിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന സിവിലിയന്‍ സര്‍ക്കാരിന് അധികാരം കൈമാറണമെന്നാണ് തങ്ങള്‍ ആവശ്യപ്പെട്ടിരുന്നതെന്നും ഇത് നിറവേറ്റപ്പെട്ടില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

 

രാജ്യത്തെ ഒഴിവുദിനമായ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി ആയിരക്കണക്കിനാളുകളാണ് തലസ്ഥാനനഗരിയായ ഖുര്‍ത്തൂമില്‍ ഉള്‍പ്പെടെ തെരുവിലിറങ്ങിയത്. പലസ്ഥലങ്ങളിലും സുരക്ഷാ ഉദ്യോഗസ്ഥരും പ്രക്ഷോഭകരും തമ്മില്‍ ഏറ്റുമുട്ടലുകളുണ്ടായി. ഖുര്‍ത്തൂമിലെ സൈനിക ആസ്ഥാനം സ്ഥിതിചെയ്യുന്ന കെട്ടിടത്തിനു പുറത്ത് കര്‍ഫ്യൂ ലംഘിച്ച് നൂറുകണക്കിനാളുകളാണ് സിവിലിയന്‍ സര്‍ക്കാര്‍ രൂപീകരണ ആവശ്യവുമായി മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളുമായി തടിച്ചുകൂടിയത്.

 

അതേസമയം, വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായുണ്ടായ സംഘര്‍ഷങ്ങളില്‍ 16 പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്കു ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തതായി സുദാന്‍ പൊലിസ് അറിയിച്ചു. നിരവധി സര്‍ക്കാര്‍ കെട്ടിടങ്ങളും സ്വകാര്യസ്വത്തുക്കളും ആക്രമിക്കപ്പെട്ടതായും സുദാന്‍ പൊലിസ് വക്താവ് ഹാഷിം അലി ഇന്നലെ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

പ്രക്ഷോഭം ശക്തിമായതോടെയാണ് 30 വര്‍ഷത്തെ ഏകാധിപത്യ ഭരണം അവസാനിപ്പിച്ച് ഉമറുല്‍ ബഷീര്‍ വ്യാഴാഴ്ച രാജിവച്ചത്. പ്രതിരോധമന്ത്രിയായിരുന്ന അവാദിനായിരുന്നു പിന്നീട് ഭരണച്ചുമതല. എന്നാല്‍, അവാദിനെതിരെയും ജനരോഷം ശക്തമായതോടെ 24 മണിക്കൂറിനുള്ളില്‍ അദ്ദേഹവും പടിയിറങ്ങാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു.


 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.