2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

സുഡാനിൽ നിന്ന് ഇന്ത്യക്കാരെ സഊദി വഴി ഒഴിപ്പിക്കുന്നു, ജിദ്ദയിൽ സജ്ജീകരണങ്ങൾ പൂർത്തിയാക്കി

ജിദ്ദ: ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ നിന്നുള്ള ഇന്ത്യക്കാരെ സഊദി അറേബ്യ വഴി ഒഴിപ്പിക്കുന്നു. ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഇവരെ സുഡാനിൽ നിന്ന് ജിദ്ദയിൽ എത്തിച്ചു അവിടെ നിന്ന് ഇന്ത്യയിലേക്ക് എത്തിക്കുക. ഇതിനായി സേനയുടെ ആദ്യ വിമാനം ദൽഹിയിൽ നിന്ന് ജിദ്ദ ലക്ഷ്യമാക്കി പുറപ്പെട്ടുവെന്നാണ് വിവരം. ജിദ്ദയിൽ ഇറങ്ങുന്ന ഈ വിമാനം സുഡാനിലെ സ്ഥിതിഗതികൾ നിരീക്ഷിച്ച ശേഷമായിരിക്കും സുഡാനിൽ നിന്നുള്ള ഇന്ത്യൻ എംബസി അധികൃതരുടെ നിർദ്ദേശം അനുസരിച്ച് സുഡാനിലേക്ക് തിരിക്കുക.

ഇന്നലെ ഇന്ത്യൻ വിദേശ കാര്യമന്ത്രി എസ് ജയശങ്കറും സഊദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനും സുഡാൻ പ്രതിസന്ധി സംബന്ധിച്ച് ടെലഫോൺ ചർച്ച നടത്തിയിരുന്നു. യു എ ഇ മന്ത്രിയുമായും ജയശങ്കർ ചർച്ച നടത്തിയിരുന്നു. സുഡാനിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി യുഎസ്, യുകെ, സഊദി അറേബ്യ, യു എ ഇ തുടങ്ങി വിവിധ രാജ്യങ്ങളുമായി ഇന്ത്യ സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യക്കാരുടെ സുരക്ഷയ്ക്കായി പ്രായോഗിക പിന്തുണ ഈ രാജ്യങ്ങൾ ഇന്ത്യക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. അതേസമയം, നിലവിൽ സുഡാനിലെ സ്ഥിതി വളരെ സങ്കീർണ്ണമാണെന്നും ഈ ഘട്ടത്തിൽ ആളുകളുടെ സഞ്ചാരം വളരെ അപകടകരമാണെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

നിലവിൽ സുഡാനിൽ മുവായിരത്തോളം ഇന്ത്യക്കാരുണ്ടെന്നാണ് കണക്കുകൾ. ജിദ്ദയിൽ എത്തിക്കുന്ന ഇവരെ പിന്നീട് ചാർട്ടേഡ് വിമാനത്തിൽ ഇന്ത്യയിലേക്ക് കൊണ്ടുപോകും. ജിദ്ദയിൽ എത്തുന്നവർക്ക് ജിദ്ദ ഇന്ത്യൻ എംബസി സ്‌കൂളിലാണ് താമസ സൗകര്യം ഏർപ്പെടുത്തുന്നത്. പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് വേണ്ടി വിവിധ ഗൾഫ് രാജ്യങ്ങളിലെ എംബസികളിലെയും കോൺസുലേറ്റുകളിലെയും ഉദ്യോഗസ്ഥരോട് ജിദ്ദയിലെത്താനും നിർദ്ദേശിച്ചു. ജിദ്ദയിലെ ഹോട്ടലിൽ ഇവർക്കായി 150 മുറികളും ബുക്ക് ചെയ്തതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ ഇന്ത്യക്കാർ അടക്കമുള്ളവർ ഭീഷണിയിലാണ്. സുഡാനിലെ ഇന്ത്യൻ പൗരൻമാരോട് പുറത്തിറങ്ങരുതെന്ന് സുഡാൻ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യ ദിവസം തന്നെ കണ്ണൂർ സ്വദേശി കൊല്ലപ്പെട്ടിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.