ഖാര്‍ത്തൂം: സൈനിക അട്ടിമറിക്കെതിരെ സുദാനില്‍ നടക്കുന്ന പ്രതിഷേധം അടങ്ങുന്നില്ല. രാജ്യത്ത് ജനാധിപത്യം തിരിച്ചുകൊണ്ടുവരണമെന്നാവശ്യപ്പെട്ടാണ് വന്‍ സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങിയ പ്രതിഷേധം നടക്കുന്നത്. ‘മില്യണ്‍ ഓഫ് ഒക്ടോബര്‍ 30’ എന്ന വന്‍ പ്രതിഷേധ പരിപാടിക്ക് ആഹ്വാനം ചെയ്തിരിക്കുകയാണിപ്പോള്‍.
ഈ മാസം 25നാണ് ഇടക്കാല സര്‍ക്കാരിന് നേതൃത്വം നല്‍കിയ ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ബുര്‍ഹാന്‍ അധികാരം പിടിച്ചെടുക്കുകയും രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തത്. തുടര്‍ന്ന് പ്രധാനമന്ത്രി അബ്ദുല്ല ഹംദോക്കിനെയും മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും തടവിലിടുകയായിരുന്നു.
ഇതിനകം 11 പേരാണ് സൈനികരുടെ വെടിയേറ്റ് മരിച്ചത്. നിരവധി പ്രക്ഷോഭകരെ തടവിലാക്കുകയും ചെയ്തിട്ടുണ്ട്. കൂടുതല്‍ രക്തരൂക്ഷിത കലാപത്തിലേക്കാണ് സുദാനിലെ കാര്യങ്ങള്‍ നീങ്ങുന്നതെന്നാണ് വിലയിരുത്തല്‍.
വിമര്‍ശിച്ച രാജ്യങ്ങളുമായി ബന്ധം വിച്ഛേദിച്ചു
സുദാനിലെ പട്ടാള ഭരണകൂട അട്ടിമറിയെ അപലപിച്ചതിന് യു.എസ്, യൂറോപ്യന്‍ യൂനിയന്‍, ചൈന, ഖത്തര്‍, ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവയുടെ അംബാസഡര്‍മാരെ പുറത്താക്കി. ഈ രാജ്യങ്ങളുടെ എംബസികള്‍ പുറത്താക്കപ്പെട്ട അബ്ദുല്ല ഹംദോക്കിനെയും മന്ത്രിസഭയിലെ അംഗങ്ങളെയും അംഗീകരിക്കുമെന്ന് വ്യക്തമാക്കിയ സാഹചര്യത്തിലാണ് നടപടി.
ആഫ്രിക്കന്‍ യൂനിയന്‍ സുദാനെ പുറത്താക്കുകയും യു.എസും ലോകബാങ്കും സുദാനുള്ള സാമ്പത്തിക സഹായങ്ങള്‍ നിര്‍ത്തിവയ്ക്കുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. മുന്‍ ഭരണാധികാരി ഉമറുല്‍ ബഷീറിന്റെ കാലത്ത് സുദാനെ യു.എസ് ഭീകരതയെ സഹായിക്കുന്ന രാജ്യങ്ങളില്‍ പെടുത്തിയതോടെ ലോകബാങ്ക് സുദാനുള്ള സഹായം മരവിപ്പിച്ചിരുന്നു.
ആഫ്രിക്കന്‍ യൂനിയനില്‍നിന്ന് സുദാന്‍ പുറത്ത്
ഇടക്കാല സര്‍ക്കാരിനെ പുറത്താക്കി സൈന്യം അധികാരം പിടിച്ചതോടെ സുദാനെ ആഫ്രിക്കന്‍ യൂനിയനില്‍നിന്ന് പുറത്താക്കി. തെരഞ്ഞെടുപ്പ് വരെ ഭരണം നിയന്ത്രിക്കുന്ന താല്‍ക്കാലിക സര്‍ക്കാരിന് അധികാരം തിരിച്ചേല്‍പിക്കുന്നതു വരെ വിലക്ക് തുടരുമെന്ന് എ.യു അറിയിച്ചു.
Comments are closed for this post.