2022 January 29 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘ഇരുണ്ട നിറമായതിനാല്‍ ഗ്രൂപ്പ് ഡാന്‍സില്‍നിന്ന് ഒഴിവാക്കിയ ടീച്ചറിന്’

സുചിത്ര കെ.പിയുടെ ഫേസ്ബുക്ക്‌പോസ്റ്റ് വൈറലാകുന്നു

ഇരുണ്ട നിറമായതിനാല്‍ ഗ്രൂപ്പ് ഡാന്‍സില്‍ നിന്നും തന്നെ ഒഴിവാക്കിയ ഫസ്റ്റ് സ്റ്റാന്‍ഡേര്‍ഡിലെ ടീച്ചറിനും അടുക്കള സര്‍വിസ് സജസ്റ്റ് ചെയ്ത കണക്കു മാഷിനും തന്റെ പി എച്ച് ഡി സമര്‍പ്പിച്ച മലപ്പുറം സ്വദേശിയും രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സിലെ മുന്‍ അസിസ്റ്റന്‍ഡ് പ്രൊഫസറുമായ സുചിത്ര കെ.പിയുടെ ഫേസ്ബുക്ക്‌പോസ്റ്റ് വൈറലാകുന്നു.

കര്‍ണാടകത്തിലെ കര്‍പ്പക യൂണിവേഴ്‌സിറ്റിയില്‍ നിന്നും കഴിഞ്ഞ ദിവസമാണ് ഇവര്‍ക്ക് ഇംഗ്ലീഷില്‍ പി എച്ച് ഡി ലഭിച്ചത്. ഇത് തന്റെ സുഹൃത്തുക്കളെ അറിയിക്കാന്‍ ഫേസ്ബുക്കില്‍ അവരിട്ട പോസ്റ്റാണ് വൈറലായിരിക്കുന്നത്. ‘തമിഴ്‌നാട്ടിലെ തിരുവള്ളൂരില്‍ സ്ഥലം മാറി പോകുന്ന അധ്യാപകനെ സ്‌കൂളിന് പുറത്തുവിടാതെ വിദ്യാര്‍ഥികള്‍ തടഞ്ഞവെക്കുന്ന ചിത്രത്തിനൊപ്പമാണ് അവര്‍ തന്റെ സ്‌കൂള്‍ അനുഭവം പങ്കുവച്ചത്. എന്നിലെ അദ്ധ്യാപിക ഇന്നും ക്ലാസില്‍ തിരയുന്നത് ഭാഷയെ സ്‌നേഹിക്കുന്ന, കറുപ്പിന്റ അപകര്‍ഷത കണ്ണില്‍ ഒളിച്ചു വെക്കുന്ന കറുത്ത കുതിരകളെ തന്നെയാണെന്നും പറയുന്ന ഇവര്‍ പറയുന്നു. നിറത്തിന്റെ പേരില്‍ കുഞ്ഞുങ്ങള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നത് ഉത്തരേന്ത്യയില്‍ മാത്രമല്ല പ്രബുദ്ധകേരളത്തിലുമുണ്ടെന്ന് പറയാതെ പറയുകയാണ് ഈ അധ്യാപിക.

പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെ.

‘ഒരു അധ്യാപകന്‍ എന്താകണം എന്ന് ചിത്രം പറയുമ്പോള്‍, എന്ത് ആകരുത് എന്ന് ഓര്‍മപ്പെടുത്തുന്ന ചില മുഖങ്ങള്‍ മനസിലേക്കു വരുന്നു. ഇരുണ്ട നിറമായതിനാല്‍ ഗ്രൂപ്പ് ഡാന്‍സില്‍ നിന്നും എന്നെ ഒഴിവാക്കിയ ഫസ്റ്റ് സ്റ്റാന്‍ഡേര്‍ഡിലെ സിസ്റ്ററിനെ, ഓടികളിച്ചു കൈയോ കാലോ പൊട്ടിയാല്‍ വെറും സര്‍ക്കാര്‍ ജോലിക്കാരനായ അച്ഛന്റെ കയ്യില്‍ ഒന്നുമുണ്ടാകില്ല എന്ന് പുച്ഛിച്ച മിസ്സിനെ, ചോദ്യചിഹ്നം ഇടാന്‍ മറന്നതിനു നോട്ട് ബുക്ക് വരാന്തയിലേക് പറപ്പിച്ച സിസ്റ്റര്‍നെ, കണക്കിന് മോശമായതിനാല്‍ ഇനി പ്രതീക്ഷ വേണ്ട എന്ന് അച്ഛനെ ഉപദേശിച്ച ഹൈസ്‌കൂള്‍ മാഷിനെ, ഇംഗ്ലീഷ് സമ്പന്നരുടെ ഭാഷ ആണ് എന്ന് പറയാതെ പറഞ്ഞു തന്ന പ്ലസ് വണ്‍ ക്ലാസ്സ് ടീച്ചറെ, ഒരു നീണ്ട പനി അവധിക്ക് ശേഷം എത്തിയപ്പോള്‍ ഫീസ് അടച്ചില്ല എന്ന കാരണത്താല്‍ പരീക്ഷ സ്റ്റാഫ് റൂമില്‍ ഇരുത്തി എഴുതിച്ച സിസ്റ്റര്‍മാരെ. ഈ ചിത്രം നിങ്ങളെ ഓരോരുത്തരെയും വീണ്ടും ഓര്‍മിപ്പിച്ചു. സ്‌കൂള്‍ ജീവിതം നരകമാക്കിയ നിങ്ങളുടെ സാഡിസത്തെ കുറിച്ചു ഓര്‍ക്കാതെ വയ്യ. എല്‍ കെ ജി മുതല്‍ പി എച്ച് ഡി വരെയുള്ള പഠനകാലത്ത് നമ്മള്‍ പ്രാകാത്ത, ശപിക്കാത്ത വളരെ ചുരുക്കം അധ്യാപകരെ ഉള്ളു. ഡോ ജാനകി, ഡോ ഷരീഫ്, ഡോ പ്രതിഭ, ഡോ നാരായണന്‍ പിന്നെ റിസര്‍ച്ച് ഗൈഡ് ഡോ ഉണ്ണികൃഷ്ണന്‍ തീര്‍ന്നു. ആരുടേയും പേര് വിട്ടു പോയിട്ടില്ല….ഒന്നും മറന്നിട്ടുമില്ല…..
അടുക്കള സര്‍വീസ് സജസ്റ്റ് ചെയ്ത കണക്കു മാഷിന് എന്റെ ഇംഗ്ലീഷ് ഡോക്ടറേറ്റ് സമര്‍പ്പിച്ചു കൊണ്ട് നിര്‍ത്തുന്നു. എന്നിലെ അദ്ധ്യാപിക ഇന്നും ക്ലാസില്‍ തിരയുന്നത് ഭാഷയെ സ്‌നേഹിക്കുന്ന, കറുപ്പിന്റ അപകര്‍ഷത കണ്ണില്‍ ഒളിച്ചു വെക്കുന്ന കറുത്ത കുതിരകളെ തന്നെയാണ്. ആ തിരച്ചിലിനു പ്രേരണ നല്‍കിയ ആ അഞ്ച് അധ്യാപകരെയും കൂടെ ഓര്‍ക്കുന്നു… 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.