2023 October 02 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഐ.എസ്.ആര്‍.ഒയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവരാണോ? ഈ കോഴ്‌സുകള്‍ പഠിച്ചാല്‍ മതി

ഐ.എസ്.ആര്‍.ഒയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവരാണോ? ഈ കോഴ്‌സുകള്‍ പഠിച്ചാല്‍ മതി

ചന്ദ്രയാന്‍ 3യുടെ സോഫ്റ്റ് ലാന്‍ഡിങ് വിജയകരമായി പൂര്‍ത്തിയാക്കിയതോടെ ലോകത്തിന്റെ മുന്നില്‍ ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയിരിക്കുകയാണ് ഐ.എസ്.ആര്‍.ഒ. ബഹിരാകാശ സാങ്കേതിക മേഖലയില്‍ അമേരിക്കക്കോ, ചൈനക്കോ, റഷ്യക്കോ സാധിക്കാത്ത നേട്ടമാണ് ദക്ഷിണ ധ്രുവത്തില്‍ പേടകം ഇറക്കിയതിലൂടെ ഇന്ത്യ നേടിയെടുത്തത്. ഇരുപതാം നൂറ്റാണ്ടില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ച നേടിയ ശാസ്ത്ര മേഖലയാണ് ബഹിരാകാശ സാങ്കേതിക വിദ്യ. ചന്ദ്രയാന്‍ ഒന്നും മൂന്നും വിക്ഷേപണ വിജയങ്ങളും, വരാനിരിക്കുന്ന ആദിത്യ ദൗത്യവുമൊക്കെ ഈ മേഖലയില്‍ ഇന്ത്യയുടെ നേട്ടങ്ങളുടെ പട്ടികയില്‍ എണ്ണാവുന്നതാണ്.

കേവലം റോക്കറ്റ് വിക്ഷേപണങ്ങളിലും ഉപഗ്രഹങ്ങളിലും മാത്രം ഒതുങ്ങുന്നതല്ല സ്‌പേസ് സയന്‍സെന്ന ശാസ്ത്ര ശാഖ. അതിനപ്പുറം അസ്‌ട്രോണമി, അസ്‌ട്രോഫിസിക്‌സ്, ക്ലൈമറ്റ് സയന്‍സ്, എയ്‌റോണമി, എര്‍ത്ത് സയന്‍സ്, സ്‌പേസ് ലോ, സ്‌പേസ് മെഡിസിന്‍ തുടങ്ങിയ ഒട്ടേറെ ശാഖകളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഇലോണ്‍ മസ്‌കിനെ പോലുള്ള ശതകോടീശ്വരന്‍മാര്‍ ബഹിരാകാശ ടൂറിസം പോലുള്ള വന്‍കിട പദ്ധതികളുമായി രംഗത്ത് വന്നത് വരും നാളുകളില്‍ സ്‌പേസ് സയന്‍സിന്റെ വാണിജ്യ താല്‍പര്യങ്ങളും വര്‍ധിപ്പിക്കുമെന്നതില്‍ തര്‍ക്കമില്ല. അതുകൊണ്ട് തന്നെ ഇന്ത്യക്കകത്തും പുറത്തുമായി നിരവധി സാധ്യതകള്‍ മുന്നോട്ട് വെക്കുന്ന പഠന ശാഖയായി സ്‌പേസ് ടെക്‌നോളജി മാറിയിരിക്കുന്നു. ഇന്ത്യന്‍ സ്‌പേയ്‌സ് റിസര്‍ച്ച് ഒാര്‍ഗനൈസേഷന്‍ (കടഞഛ) എന്ന സാധ്യത ഉപയോഗപ്പെടുത്തി നിങ്ങള്‍ക്കും ബഹിരാകാശ ഗവേഷണ രംഗത്തേക്ക് ചുവടുറപ്പിക്കാവുന്നതാണ്.

യുഎസ് ബഹിരാകാശ ഗവേഷണ സ്ഥാപനമായ ‘നാസ’യിലും ധാരാളം ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നുണ്ട്. ‘നാസ’യിലെ അവസരങ്ങളും ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിക്കാറുണ്ട്. എന്നാല്‍ അവിടെ ജോലി ചെയ്യുന്നവര്‍ യുഎസ് പൗരത്വം നേടണമെന്ന നിബന്ധനയുണ്ട്. സ്പേസ്എക്സ്, ബ്ലൂഒറിജിന്‍ തുടങ്ങി ബഹിരാകാശ മേഖലയില്‍ ശ്രദ്ധേയ സാന്നിധ്യമായ സ്വകാര്യ കമ്പനികളും തങ്ങളുടെ വെബ്സൈറ്റുകളില്‍ കരിയര്‍ നോട്ടിഫിക്കേഷനുകളും വിജ്ഞാപനങ്ങളും പ്രസിദ്ധീകരിക്കാറുണ്ട്.

ഐ.എസ്.ആര്‍.ഒയില്‍ ജോലി നേടാം

എന്‍ജിനീയറിങ്, സയന്‍സ് ബിരുദധാരികള്‍ക്ക് ഐഎസ്ആര്‍ഒ നടത്തുന്ന സെന്‍ട്രലൈസ്ഡ് റിക്രൂട്മെന്റ് ബോര്‍ഡ് എക്സാം വഴി ജോലിക്ക് കയറാവുന്നതാണ്. പഠന നിലവാരത്തിന്റെയും അക്കാദമിക് മാര്‍ക്കിന്റെയും അടിസ്ഥാത്തിലാണ് പ്രവേശനം. നിശ്ചിത ഇടവേളകളില്‍ ഇത്തരം പരീക്ഷകള്‍ക്കായി ഐഎസ്ആര്‍ഒ വിജ്ഞാപനം പുറത്തിറക്കും. പരീക്ഷയ്ക്കുശേഷം ഷോര്‍ട്ലിസ്റ്റ് ചെയ്യപ്പെടുന്നവരെ അഭിമുഖം നടത്തിയാണ് തെരഞ്ഞെടുക്കുന്നത്.

ഐ.ഐ.എസ്.ടി നല്‍കുന്ന സാധ്യതകള്‍

ഐ.എസ്.ആര്‍.ഒയില്‍ ഒരു കരിയറാണു ലക്ഷ്യമെങ്കില്‍ അതിന് ഏറ്റവും പറ്റിയ വിക്ഷേപണത്തറയാണ് തിരുവനനന്തപുരം വലിയമലയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സസ് ആന്‍ഡ് ടെക്നോളജി (ഐ.ഐ.എസ്.ടി). ഇന്ത്യയില്‍ ബഹിരാകാശ മേഖലയുമായി നേരിട്ട് അക്കാദമിക് ബന്ധമുള്ള ഇവിടെ എയ്റോസ്പേസ് എന്‍ജിനീയറിങ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്നീ ബ്രാഞ്ചുകളില്‍ ബി.ടെക്കുണ്ട്. ഇരു പ്രോഗ്രാമുകളിലും 75 വീതം സീറ്റുകളാണ് ഒഴിവുള്ളത്.

എന്‍ജിനീയറിങ് ഫിസിക്സില്‍ 5 വര്‍ഷത്തെ ബിടെക്-എംഎസ് / എംടെക് ഡ്യുവല്‍ പ്രോഗ്രാമുമുണ്ട് (24 സീറ്റ്). ഐ.ഐ.ടികളിലേക്കുള്ള പ്രവേശനപരീക്ഷയായ ജെ.ഇ.ഇ അഡ്വാന്‍സ്ഡ് വഴിയാണ് ഐ.ഐ.എസ്ടിയിലേക്കുള്ള പ്രവേശനവും. പഠനവും താമസവും സൗജന്യം. ആദ്യം ഫീസ് വാങ്ങിയാലും തിരികെത്തരും. നിശ്ചിത സിജിപിഎ സ്‌കോര്‍ നിലനിര്‍ത്തണമെന്നു മാത്രം. 7.5 സിജിപിഎ സ്‌കോര്‍ ഉള്ളവര്‍ക്കേ ഐഎസ്ആര്‍ഒയുടെ ഓഫര്‍ ലെറ്റര്‍ ലഭിക്കുകയുമുള്ളൂ. എയ്റോഡൈനമിക്സ് ആന്‍ഡ് ഫ്‌ലൈറ്റ് മെക്കാനിക്സ്, തെര്‍മല്‍ ആന്‍ഡ് പ്രൊപ്പല്‍ഷന്‍, കണ്‍ട്രോള്‍ സിസ്റ്റംസ്, ജിയോഇന്‍ഫര്‍മാറ്റിക്സ്, മെഷീന്‍ ലേണിങ് ആന്‍ഡ് കംപ്യൂട്ടിങ്, ഒപ്റ്റിക്കല്‍ എന്‍ജിനീയറിങ് തുടങ്ങി 15 എംടെക് പ്രോഗ്രാമുകളും ഐഐഎസ്ടിയിലുണ്ട്. ഗേറ്റ്, ജെസ്റ്റ് (ജോയിന്റ് എന്‍ട്രന്‍സ് സ്‌ക്രീനിങ് ടെസ്റ്റ്) സ്‌കോറുകളാകും അഡ്മിഷനു പരിഗണിക്കുക. ഇതില്‍ നിശ്ചിത സീറ്റുകള്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ക്കു മാറ്റിവച്ചിട്ടുണ്ട്.

യങ് സയന്റിസ്റ്റ് പ്രോഗ്രാം

മിടുക്കരായ സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ ശാസ്ത്ര അഭിരുചി വളര്‍ത്താനായി ഐഎസ്ആര്‍ഒ നടത്തുന്ന പദ്ധതിയാണ് യങ് സയന്റിസ്റ്റ് പ്രോഗ്രാം. ‘യുവിക’ എന്ന ഈ പ്രോഗ്രാമില്‍ ഒരു സംസ്ഥാനത്തുനിന്നു 3 പേര്‍ക്കാണ് അവസരം. വിവിധ ഐഎസ്ആര്‍ഒ കേന്ദ്രങ്ങളില്‍ നടക്കുന്ന പരിശീലന പരിപാടികളില്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ അവസരം ലഭിക്കും. എട്ടാം ക്ലാസിലെ മാര്‍ക്കും പാഠ്യേതര മികവും പരിഗണിച്ചാണ് തെരഞ്ഞെടുപ്പ്. തിരഞ്ഞെടുക്കപ്പെടുന്നവരുടെ താമസയാത്രച്ചെലവുകള്‍ ഐഎസ്ആര്‍ഒ വഹിക്കും. ഐഎസ്ആര്‍ഒയില്‍ ഒരു കരിയര്‍ ഇതുവഴി ലഭിക്കില്ലെങ്കിലും ബഹിരാകാശമേഖലയെക്കുറിച്ച് കൂടുതല്‍ അറിയാനും ഉന്നത ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെ പരിചയപ്പെടാനുമൊക്കെ ഈ പ്രോഗ്രാം മികച്ച അവസരമാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.