
കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി ആവര്‍ത്തിച്ചുള്ള ഭൂകമ്പങ്ങളില്‍ നിന്നുള്ള ഭൂകമ്പ തരംഗങ്ങളെ വിശകലനം ചെയ്ത് തയ്യാറാക്കിയ ഗവേഷണ റിപ്പോര്‍ട്ട് നേച്ചര്‍ ജിയോസയന്‍സ് ജേണലില്‍ പ്രസിദ്ധപ്പെടുത്തി
ഭൂമിയുടെ ദൃഢമായ ആന്തരിക കാമ്പ്, ചൂടുള്ള ഇരുമ്പ് പന്ത് അതിന്റെ ഭ്രമണം 2009ഓടെ ഏതാണ്ട് നിലച്ചുവെന്നും വിപരീത ദിശയിലേക്ക് കറങ്ങാന്‍ തുടങ്ങിയതായും ഗവേഷണ റിപ്പോര്‍ട്ട്. നേച്ചര്‍ ജിയോസയന്‍സ് ജേണലില്‍ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തി. കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി ആവര്‍ത്തിച്ചുള്ള ഭൂകമ്പങ്ങളില്‍ നിന്നുള്ള ഭൂകമ്പ തരംഗങ്ങളെ വിശകലനം ചെയ്താണ് ശാസ്ത്രജ്ഞര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ഭൂമിയുടെ കാമ്പ് നാം ജീവിക്കുന്ന ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് ഏകദേശം 5,000 കിലോമീറ്റര്‍ (3,100 മൈല്‍) താഴെയാണ്. ഈ ‘ഗ്രഹത്തിനുള്ളിലെ ഗ്രഹത്തിന്’ സ്വതന്ത്രമായി കറങ്ങാന്‍ കഴിയും. കാരണം അത് ദ്രാവക ലോഹത്തിന്റെ പുറം കാമ്പില്‍ പൊങ്ങിക്കിടക്കുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
ആന്തരിക കാമ്പ് എങ്ങനെ കറങ്ങുന്നു എന്നത് ശാസ്ത്രജ്ഞര്‍ക്കിടയിലെ ചര്‍ച്ചാ വിഷയമാണ്. എതിര്‍ദിശയില്‍ കറങ്ങാന്‍ തുടങ്ങിയിട്ടുണ്ടാകാമെന്ന പുതിയ ഗവേഷണം അതുകൊണ്ട് വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയേക്കും. ഭൂകമ്പങ്ങള്‍ അല്ലെങ്കില്‍ ചിലപ്പോള്‍ ആണവ സ്ഫോടനങ്ങള്‍ സൃഷ്ടിച്ച ഭൂകമ്പ തരംഗങ്ങള്‍ ഭൂമിയുടെ മധ്യത്തിലൂടെ കടന്നുപോകുമ്പോള്‍ ഉണ്ടാകുന്ന ചെറിയ വ്യത്യാസങ്ങള്‍ അളന്ന് വിശകലനം ചെയ്താണ് ആന്തരിക കാമ്പിനെക്കുറിച്ചുള്ള നിഗമനങ്ങളില്‍ എത്തിച്ചേരുന്നത്.
ഭൂമിയുടെ ഉപരിതലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആന്തരിക കാമ്പ് ഒരു സ്വിംഗ് പോലെ അങ്ങോട്ടും ഇങ്ങോട്ടും കറങ്ങുന്നുവെന്ന് പുതിയ പഠനത്തിന്റെ രചയിതാക്കളായ ചൈനയിലെ പെക്കിങ് യൂണിവേഴ്സിറ്റിയിലെ സിയാഡോംഗ് സോംഗ്, യി യാങ് എന്നിവര്‍ പറഞ്ഞു. ഏഴു പതിറ്റാണ്ടുകളോളം നീളുന്ന ഊഞ്ഞാലാട്ടത്തിന്റെ ഒരു ചക്രം, അതായത് ഏകദേശം 35 വര്‍ഷത്തിലൊരിക്കല്‍ അത് ദിശ മാറ്റുന്നു- അവര്‍ കൂട്ടിച്ചേര്‍ത്തു. 70ന് പകരം 20 മുതല്‍ 30 വര്‍ഷം കൂടുമ്പോള്‍ ദിശ മാറുന്നുണ്ടെന്ന് നിരീക്ഷിച്ച ശാസ്ത്ര റിപ്പോര്‍ട്ടുകളുമുണ്ട്.
1970കളുടെ തുടക്കത്തില്‍ അതിന്റെ ദിശ മാറിയെന്നും അടുത്ത പ്രകടമായ മാറ്റം 2040കളുടെ മധ്യത്തിലായിരിക്കുമെന്നും ഇവര്‍ പ്രവചിക്കുന്നു. ആന്തരിക കാമ്പിന്റെ ഭ്രമണത്തില്‍ മാറ്റമുണ്ടാവുന്നത് ഭൂമിയില്‍ ജീവിക്കുന്നവരില്‍ എന്തെങ്കിലും മാറ്റമുണ്ടാക്കുന്നതായി ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നാല്‍ ഭൂമിയുടെ അകക്കാമ്പ് മുതല്‍ ഉപരിതലം വരെയുള്ള എല്ലാ പാളികളും തമ്മില്‍ ബന്ധങ്ങളുണ്ട്.
Comments are closed for this post.