നിര്‍മിത ബുദ്ധിയുടെ വികാസം നാള്‍ക്കുനാള്‍ വര്‍ധിച്ച് വരികയാണ്. ഗൂഗിള്‍, മൈക്രോസോഫ്റ്റ് പോലുള്ള വന്‍കിട ടെക് ഭീമന്‍മാരെല്ലാം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ വലിയ നിക്ഷേപങ്ങളാണ് നടത്തിയിരിക്കുന്നത്. ഇതേ നില തുടരുകയാണെങ്കില്‍ സമീപ ഭാവിയില്‍ മനുഷ്യന്റെ തൊഴിലിടങ്ങളിലും എ.ഐ കടന്ന് കയറുമെന്ന ആശങ്കയും ഇതിനോടകം പലരും ഉയര്‍ത്തിക്കഴിഞ്ഞു. അതിനുള്ള ഏറ്റവും വലിയ തെളിവാണ് ലോക സിനിമയുടെ ഈറ്റില്ലമായ ഹോളിവുഡില്‍ നടക്കുന്ന പ്രതിഷേധം. സിനിമ മേഖലയിലെ തൊഴിലിടങ്ങളില്‍ എ.ഐയുടെ കടന്ന് വരവിനെതിരെ താരങ്ങളും ടെക്‌നീഷ്യന്‍മാരുമടങ്ങുന്ന വലിയൊരു സംഘം സമരമുഖത്താണ്.
ഹോളിവുഡില്‍ മാത്രമല്ല മറ്റ് തൊഴിലിടങ്ങളിലും എ.ഐ മനുഷ്യന്റെ തൊഴില്‍ ശക്തിക്ക് ഭീഷണിയാവുമെന്നാണ് കണക്ക് കൂട്ടുന്നത്. 2030-ഓടെ അമേരിക്കയിലെ മൊത്തം തൊഴില്‍ സമയത്തിന്റെ 30 ശതമാനത്തിലധികം നിര്‍മിത ബുദ്ധി കീഴടക്കുമെന്നാണ് മക്കന്‍സി ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ പറയുന്നത്. Generative AI and the Future of Work in America എന്ന പേരിലാണ് പഠനത്തിലാണ് പുതിയ കണ്ടെത്തല്‍.
ഭാവിയില്‍ തൊഴില്‍ നഷ്ടം സംഭവിക്കാവുന്ന മേഖലകള്‍
ഓഫീസ് ക്ലര്‍ക്ക്
എ.ഐയുടെ കടന്നുവരവ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഓഫീസ് അസിസ്റ്റന്റ്, ക്ലര്‍ക്കുമാരെയായിരിക്കും. 1.6 ദശലക്ഷം തൊഴിലുകളാണ് ഈ മേഖലയില്‍ നഷ്ടമാവുകയെന്നാണ് പഠനം സൂചിപ്പിക്കുന്നത്.
കസ്റ്റമര്‍ സര്‍വ്വീസ്/ സെയില്‍സ് മാന്‍
ഓഫീസുകളിലും ഷോപ്പുകളിലുമുള്ള സെയില്‍സ് ജോലിക്കാരെയും കസ്റ്റമര്‍ സര്‍വ്വീസര്‍മാര്‍ക്കും പണി പോകുമെന്നാണ് കണക്ക് കൂട്ടുന്നത്. ഇവരുടെ മേഖലകളില്‍ എ.ഐക്ക് വലിയ സാധ്യതയാണുള്ളത്. ഇപ്പോള്‍ തന്നെ പല കടകളിലും ഷോപ്പിങ് കോംപ്ലക്‌സുകളിലും ഓഫീസുകളിലും ഉപഭോക്താവിനെ സ്വീകരിക്കാനും പര്‍ച്ചേസ് ചെയ്യിപ്പിക്കാനും ആളുകളില്ലാതായിട്ടുണ്ട്. ഇനി ഇത്തരം മേഖലകളില്‍ കൂടി ഓട്ടോമേഷന്‍ കടന്ന് വരുമെന്നാണ് കരുതുന്നത്. 8,30,000 സെയില്‍ ജോലിക്കാര്‍ക്കെങ്കിലും ജോലി നഷ്ടമാകുമെന്നാണ് കണക്ക് കൂട്ടുന്നത്.
കാഷ്യര്‍
വരും നാളുകളില്‍ അമേരിക്കയിലെ കാഷ്യര്‍ തസ്തികയില്‍ പണിയെടുക്കുന്ന 6,30,000 തൊഴിലാളികളാണ് വഴിയാധാരമാവാന്‍ പോവുന്നത്. സ്ഥാപനങ്ങളില്‍ പണം കൈപ്പറ്റുന്ന അവസ്ഥക്ക് മാറ്റം വരികയും ഡിജിറ്റല്‍ പേയ്‌മെന്റുകളും, എ.ഐ പേയ്‌മെന്റുകളും വ്യാപകമാവുകയും ചെയ്യും.
ഇവ കൂടാതെ ഡാറ്റ പ്രോസസര്‍മാര്‍, ഡാറ്റ ശേഖരിക്കുന്നവര്‍, ഫുഡ് സര്‍വ്വീസ് എന്നീ മേഖലകളിലും വലിയ തോതിലുള്ള തൊഴില്‍ നഷ്ടം സംഭവിക്കാന്‍ സാധ്യതയുണ്ട്. ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ചെയ്യുന്നവരേക്കാള്‍ താഴ്ന്ന വരുമാനമുള്ളവരെയാണ് തൊഴില്‍ നഷ്ടം ഏറ്റവും കൂടുതല്‍ ബാധിക്കുകയെന്നും പഠനം കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ തൊഴില്‍ വിട്ട് പോവേണ്ടി വരുന്നത് സ്ത്രീകള്‍ക്കായിരിക്കുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അമേരിക്കയിലടക്കം കസ്റ്റമര്‍ സര്‍വീസിലും ഓഫീസ് അഡ്മിനിസ്‌ട്രേഷനിലും ഏറ്റവും കൂടുതല്‍ ജോലി ചെയ്യുന്നത് സ്ത്രീകളായതാണ് ഇതിന് കാരണം. 2 ദശലക്ഷം മുതല്‍ 3.7 ദശലക്ഷം വരെ തൊഴില്‍ നഷ്ടമാണ് 2030 ഓടെ സ്ത്രീകള്‍ക്കിടയില്‍ സംഭവിക്കുകയെന്നാണ് കണക്ക് കൂട്ടുന്നത്.
Comments are closed for this post.