2024 February 24 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വിദേശത്ത് പഠനം പൂര്‍ത്തിയാക്കി ജോലി നേടാം; വിവിധ രാജ്യങ്ങളിലെ വര്‍ക്ക് വിസ പദ്ധതികള്‍ ഇങ്ങനെ

വിദേശത്ത് പഠനം പൂര്‍ത്തിയാക്കി ജോലി നേടാം; വിവിധ രാജ്യങ്ങളിലെ വര്‍ക്ക് വിസ പദ്ധതികള്‍ ഇങ്ങനെ

കഴിഞ്ഞ കുറച്ച് നാളുകളായി വിദേശ രാജ്യങ്ങളിലേക്ക് വിമാനം കയറുന്ന മലയാളികളുടെ എണ്ണത്തില്‍ വമ്പിച്ച വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. സ്റ്റുഡന്റ് വിസയില്‍ വിദേശത്തെത്തുന്ന പലരും പിന്നീട് അവിടെ തന്നെ ജോലി നോക്കി സ്ഥിരതാമസമാക്കുകയാണ് പതിവ്. ഉയര്‍ന്ന ശമ്പളവും, മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങളുമാണ് പലരെയും രാജ്യം വിടാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം.

പല രാജ്യങ്ങളും ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതിന് ശേഷം സ്റ്റുഡന്റ് വിസയില്‍ നിന്ന് വര്‍ക്ക് വിസയിലേക്ക് മാറാനുള്ള അവസരവും നല്‍കുന്നുണ്ട്. ഇത്തരത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് വര്‍ക്ക് വിസ അനുവദിക്കുന്ന ഏതാനും രാജ്യങ്ങളെ പരിചയപ്പെടാം…

   

യു.എസ്.എ
ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ ചേക്കേറുന്ന രാജ്യങ്ങളിലൊന്നാണ് അമേരിക്ക. അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കായി മൂന്ന് വിസകളാണ് അമേരിക്ക നല്‍കുന്നത്. ജെ-1, എം-1, എഫ്-1 എന്നിവയാണവ. എക്‌സ്‌ചേഞ്ച് പ്രോഗ്രാമുകളില്‍ പങ്കെടുക്കുന്നവര്‍ ഉള്‍പ്പെടെ പഠിക്കാനോ, ഇന്റേണ്‍ ചെയ്യാനോ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് ജെ-1 വിസ നല്‍കുന്നത്.

തൊഴില്‍ അധിഷ്ഠിത വിദ്യാഭ്യാസമോ, പരിശീലനമോ പിന്തുടരുന്ന വിദ്യാര്‍ഥികള്‍ക്കായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് എം-1 വിസ. അതേസമയം യു.എസില്‍ മുഴുവന്‍ സമയ പഠനത്തിന് അനുവദിക്കുകയും, ബിരുദാനന്തര ബിരുദത്തിന് ശേഷം ഒരു വര്‍ഷത്തേക്ക് ജോലി ചെയ്യാന്‍ അവസരം നല്‍കുകയും ചെയ്യുന്ന വിസയാണ് എഫ്-2. അതുകൊണ്ട് തന്നെ ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ അപേക്ഷിക്കുന്ന യു.എസ് വിസയും എഫ്-2 ആണ്.

യു.കെ
ഇന്ത്യയുമായുള്ള ചരിത്രപരമായ ബന്ധം യു.കെയിലേക്കുള്ള ഇന്ത്യക്കാരുടെ കുടിയേറ്റത്തില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. പഠനത്തിനും, ജോലിക്കുമായി ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ഇതുവരെ യു.കെ യിലേക്ക് കുടിയേറിയിട്ടുള്ളത്. ബിരുദാനന്തര ബിരുദം നേടിയവര്‍ക്ക് രണ്ട് വര്‍ഷത്തേക്കുള്ള പോസ്റ്റ്-സ്റ്റഡി വര്‍ക്ക് വിസയാണ് ലഭിക്കുക. വിദ്യാര്‍ഥികള്‍ക്ക് പഠനം പൂര്‍ത്തിയാക്കി രണ്ട് വര്‍ഷത്തേക്ക് കൂടി ജോലി ആവശ്യത്തിനായി യു.കെയില്‍ താമസിക്കാനുള്ള അനുമതിയാണുള്ളത്.

ഫ്രാന്‍സ്
ബിസിനസ്, ഫാഷന്‍, എഞ്ചിനീയറിങ് കോഴ്‌സുകള്‍ക്ക് പേരുകേട്ട നാടാണ് ഫ്രാന്‍സ്. 2030 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സ്റ്റഡി വിസകളില്‍ വമ്പിച്ച വര്‍ധന വരുത്തുമെന്നാണ് ഫ്രാന്‍സ് ഇപ്പോള്‍ പ്രഖ്യാരപിച്ചിരിക്കുന്നത്.
ബിരുദ പ്രോഗ്രാമുകളെ അപേക്ഷിച്ച് ബിരുദാനന്തര കോഴ്സുകളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് ഫ്രാന്‍സില്‍ കൂടുതലാണ്. മുമ്പ്, പിജി കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഫ്രഞ്ച് സര്‍ക്കാര്‍ രണ്ട് വര്‍ഷത്തെ ബിരുദാനന്തര വര്‍ക്ക് വിസ അനുവദിച്ചിരുന്നു. അതിന്റെ കാലാവധി ഇപ്പോള്‍ അഞ്ച് വര്‍ഷമായി നീട്ടി. ഈ നിര്‍ദ്ദിഷ്ട വിസയെ ടാലന്റ് പാസ്പോര്‍ട്ട് എന്നാണ് വിളിക്കുന്നത്.

കാനഡ
ഇന്ത്യയുമായി നയതന്ത്ര പ്രതിസന്ധി നിലനില്‍ക്കുന്നുണ്ടെങ്കിലും ഇന്നും ഇന്ത്യക്കാര്‍ക്കിടയില്‍ ഏറ്റവും ഡിമാന്റുള്ള വിദേശ രാജ്യമാണ് കാനഡ. ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്കായി പോസ്റ്റ് ഗ്രാജ്വേറ്റ് വര്‍ക്ക് പെര്‍മിറ്റാണ് കാനഡ മുന്നോട്ട് വെക്കുന്നത്. ഈ പ്രാഗ്രാം വഴി, കുറഞ്ഞത് എട്ട് മാസത്തെ കോഴ്സ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മൂന്ന് വര്‍ഷം വരെ രാജ്യത്ത് ജോലി ചെയ്യാന്‍ കഴിയും. അതേസമയം, മേല്‍പ്പറഞ്ഞത് പോലെ പാര്‍പ്പിടം, ജോലി സാധ്യത എന്നീ കാര്യങ്ങളില്‍ കാനഡ സമീപ കാലത്ത് വലിയ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്.

ഓസ്‌ട്രേലിയ
അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക്, പ്രത്യേകിച്ച് ഇന്ത്യന്‍ യുവാക്കള്‍ക്കിടയില്‍ പ്രിയപ്പെട്ട പഠനകേന്ദ്രമെന്ന നിലയില്‍ ഓസ്ട്രേലിയയ്ക്കും ഒരു പ്രമുഖ സ്ഥാനമുണ്ട്. സമഗ്രമായ വിദ്യാഭ്യാസ സമ്പ്രദായം, സാങ്കേതിക പുരോഗതി, ആരോഗ്യ സംരക്ഷണം, അടിസ്ഥാന സൗകര്യങ്ങള്‍, ശക്തമായ സര്‍ക്കാര്‍ സേവനങ്ങള്‍ എന്നിവയാണ് ഓസ്‌ട്രേലിയയുടെ ആകര്‍ഷണം. ഓസ്ട്രേലിയ വിദ്യാര്‍ത്ഥികള്‍ക്ക് താല്‍ക്കാലിക വിസകള്‍ നല്‍കുന്നുണ്ട്. അവര്‍ക്ക് ആറ് വര്‍ഷം വരെ പഠനം തുടരാനും തുടര്‍ന്ന് പാര്‍ട്ട് ടൈം അല്ലെങ്കില്‍ ഫുള്‍ ടൈം ജോലിയില്‍ ഏര്‍പ്പെടാനും ഇതിലൂടെ അനുവദിക്കുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.