2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വിദേശ പഠനം; യൂറോപ്പിലെ പുത്തന്‍ താരോദയമായി ‘ലാത്വിയ’; അഞ്ച് മേഖലകളില്‍ വരാനിരിക്കുന്നത് വമ്പന്‍ അവസരങ്ങള്‍

വിദേശ പഠനം; യൂറോപ്പിലെ പുത്തന്‍ താരോദയമായി ‘ലാത്വിയ’; അഞ്ച് മേഖലകളില്‍ വരാനിരിക്കുന്നത് വമ്പന്‍ അവസരങ്ങള്‍

വിദേശ പഠനം സ്വപ്‌നം കാണുന്ന മലയാളികളുടെ പ്രിയപ്പെട്ട ഇടമാണ് യൂറോപ്പ്. കാലാകാലങ്ങളായി വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ഉപരി പഠനം തേടി ലക്ഷക്കണക്കിന് മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ കുടിയേറിയിട്ടുണ്ട്. മെച്ചപ്പെട്ട ജോലി, ഉയര്‍ന്ന ശമ്പളം, ജീവിത നിലവാരം, ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സമ്പ്രദായം എന്നീ ഘടകങ്ങളാണ് പലരെയും യൂറോപ്പിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകം.

എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി യു.കെ, ജര്‍മ്മനി എന്നീ പോപ്പുലര്‍ ഡെസ്റ്റിനേഷനുകളില്‍ നിന്ന് മാറി മറ്റ് മേച്ചില്‍ പുറങ്ങള്‍ തേടാന്‍ വിദ്യാര്‍ഥികള്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ഇക്കൂട്ടത്തിലെ പുതിയ എന്‍ട്രിയാണ് ലാത്വിയ. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഉന്നത വിദ്യാഭ്യാസം തേടുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന സ്ഥലങ്ങളിലൊന്നായി ലാത്വിയ മാറിയിരിക്കുന്നു.

ലാത്വിയ
എസ്‌തോണിയക്കും ലിത്വാനിയക്കും ഇടയില്‍ ബാള്‍ട്ടിക് കടലിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന സമ്പന്ന രാജ്യമാണ് ലാത്വിയ. പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളെയും അമേരിക്കയെയും അപേക്ഷിച്ച് താരതമ്യേന കുറഞ്ഞ വിദ്യാഭ്യാസ ചെലവും ജീവിത ചെലവുമാണ് ലാത്വിയയെ വിദ്യാര്‍ഥികളുടെ സ്വപ്‌ന ഭൂമിയാക്കി മാറ്റുന്നത്. കൂടാതെ യൂറോപ്പിന്റെ മറ്റ് ഭാഗങ്ങളില്‍ കൂടി തൊഴിലവസരം നേടാന്‍ സാധിക്കുന്ന ഷെങ്കന്‍ വിസകളും ലാത്വിയ മുന്നോട്ട് വെക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വലിയ രീതിയിലുള്ള തൊഴിലവസരമാണ് ഇവിടെ പഠനത്തിനായി ചെല്ലുന്ന വിദേശ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുക.

   

മാത്രമല്ല ലാത്വിയയിലെ പല സര്‍വ്വകലാശാലകളും ഇംഗ്ലീഷില്‍ ഭാഷയില്‍ പഠന പ്രോഗ്രാമുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് ഇന്ത്യയില്‍ നിന്നടക്കമുള്ള അന്തര്‍ദേശീയ വിദ്യാര്‍ഥികള്‍ക്ക് ഫലപ്രദമായ രീതിയില്‍ പഠനം മുന്നോട്ട് കൊണ്ട് പോകാനും അവസരമൊരുക്കുന്നു.

കൂടാതെ താരതമ്യേന മെച്ചപ്പെട്ട സാമ്പത്തിക വളര്‍ച്ച കൈവരിച്ച രാജ്യമായത് കൊണ്ടുതന്നെ വമ്പിച്ച തൊഴില്‍ സാധ്യതയാണ് ലാത്വിയ മുന്നോട്ട് വെക്കുന്നത്. വരും നാളുകളില്‍ താഴെ പറയുന്ന അഞ്ച് മേഖലകളില്‍ വമ്പിച്ച തൊഴില്‍ നിയമനത്തിനാണ് ലാത്വിയ ഒരുങ്ങുന്നത്.

  1. ഐ.ടി
    എല്ലാ വികസിത രാജ്യങ്ങളെയും പോലെ ലാത്വിയയിലെ പ്രധാനപ്പെട്ട തൊഴില്‍ മേഖലകളാണ് ഐ.ടി. രാജ്യത്ത് ദ്രുതഗതിയില്‍ വികസിച്ച് വരുന്ന ടെക് സ്റ്റാര്‍ട്ടപ്പുകളുടെ ആവിര്‍ഭാവം കാരണം സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍മാര്‍, ഐ.ടി സ്‌പെഷ്യലിസ്റ്റുകള്‍, പ്രോഗ്രാമര്‍മാര്‍ എന്നീ മേഖലകൡ വമ്പിച്ച സാധ്യതയാണ് ഉയര്‍ന്നുവരുന്നത്. അതുകൊണ്ട് തന്നെ ഐ.ടി മേഖലകളില്‍ പഠനത്തിന് ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വലിയ തോതിലുള്ള ഡിമാന്റാണ് ലാത്വിയയിലുള്ളത്.
  2. നിര്‍മ്മാണ മേഖലയും എഞ്ചിനീയര്‍മാരും

ലാത്വിയ തിരയുന്ന മറ്റൊരു തൊഴില്‍ മേഖലയാണ് നിര്‍മ്മാണ മേഖല. രാജ്യത്തെ കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ വരും നാളുകളില്‍ വമ്പിച്ച തൊഴിലവസരമാണ് വരാനിരിക്കുന്നത്. അതുകൊണ്ട് തന്നെ പ്രൊഫഷണല്‍ എഞ്ചിനീയറിങ് കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികളെയും ലാത്വിയ കാത്തിരിക്കുന്നു. നിര്‍മ്മാണ മേഖലയിലും, എഞ്ചിനീയറിങ് മേഖലയിലും സാങ്കേതിക വൈദഗ്ദ്യമുള്ള തൊഴിലാളികള്‍ക്ക് വമ്പിച്ച അവസരമാണ് വരാനിരിക്കുന്നത്.

  1. ടൂറിസം& ഹോസ്പിറ്റാലിറ്റി
    ലാത്വിയയുടെ സമ്പന്നമായ സംസ്‌കാരവും, പ്രകൃതി സൗന്ദര്യവും, പൈതൃകവുമൊക്കെ ലോക വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. ഇത് രാജ്യത്തെ ടൂറിസം മേഖലയില്‍ വലിയ തോതിലുള്ള ജോലി സാധ്യതകള്‍ തുറന്നിടുന്നു. അതുകൊണ്ട് തന്നെ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സുകള്‍ക്കും, ജോലികള്‍ക്കും വലിയ സാധ്യതകളാണ് ലാത്വിയയിലുള്ളത്.
  2. ആരോഗ്യ മേഖല
    എല്ലാ യൂറോപ്യന്‍ രാജ്യങ്ങളിലും ഏറ്റവുെ കൂടുതല്‍ തൊഴിലവസരങ്ങള്‍ മുന്നോട്ട് വെക്കുന്ന മേഖലയാണ് മെഡിക്കല്‍ രംഗം. പല വികസിത രാജ്യങ്ങളെയും പോലെ യോഗ്യരായ മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് വമ്പിച്ച സാധ്യതകള്‍ തുറന്നിടുന്ന രാജ്യമാണ് ലാത്വിയ. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, അറ്റന്‍ഡര്‍മാര്‍ എന്നീ തസ്തികകളിലേക്ക് ഉദ്യോഗാര്‍ഥികളെ തേടുകയാണ് രാജ്യം. അതുകൊണ്ട് തന്നെ വരും നാളുകളില്‍ ലാത്വിയയില്‍ മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വലിയ സാധ്യതകള്‍ ഉണ്ടെന്ന് സാരം.
  3. ഫിനാന്‍സ് & ബാങ്കിങ്
    ബാള്‍ട്ടിക് മേഖലയിലെ സുശക്തമായ സാമ്പത്തിക കേന്ദ്രമെന്ന നിലയില്‍ ലാത്വിയയില്‍ ഏറ്റവും കൂടുതല്‍ അവസരങ്ങളുള്ള മറ്റൊരു മേഖലയാണ് ഫിനാന്‍സ്. അന്താരാഷ്ട്ര ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും കേന്ദ്രങ്ങള്‍ ഇവിടെയുണ്ട്. അതുകൊണ്ട് തന്നെ ബിസിനസ്, ഫിനാന്‍സ് മേഖലകളില്‍ പഠനം നടത്തുന്ന പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ക്ക് വമ്പിച്ച അവസരമാണ് ലാത്വിയ മുന്നോട്ട് വെക്കുന്നത്.

യൂണിവേഴ്‌സിറ്റികള്‍
ലാത്വിയയില്‍ പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി അന്താരാഷ്ട്ര നിലവാരത്തിലുള്ള നിരവധി യൂണിവേഴ്‌സിറ്റികള്‍ ഇവിടെയുണ്ട്.
റിഗ ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി, ലാത്വിയ യൂണിവേഴ്‌സിറ്റി, ലീപാജ യൂണിവേഴ്‌സിറ്റി, ലാത്വിയ യൂണിവേഴ്‌സിറ്റി ഓഫ് ലൈഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, വിഡ്‌സെം യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് എന്നിവ അതില്‍ ചിലതാണ്. വിദേശ വിദ്യാര്‍ഥികള്‍ക്കായി പല സ്‌കോളര്‍ഷിപ്പ് പദ്ധതികളും ഇവിടങ്ങളില്‍ നിലവിലുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.