2022 July 05 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

ചെറുപ്പക്കാര്‍ക്കിടയില്‍ ഹൃദ്രോഗം ക്രമാതീതമായി വര്‍ദ്ധിക്കുന്നുവെന്ന് പഠനം

 

കോഴിക്കോട്: സംസ്ഥാനത്തു ചെറുപ്പക്കാര്‍ക്കിടയില്‍ ഹൃദ്രോഗം ക്രമാതീതമായി വര്‍ദ്ധിക്കുന്നുവെന്ന് പഠനം. പുതുതായി ഹൃദ്രോഗം കണ്ടെത്തുന്നവരില്‍ 25 ശതമാനത്തോളം പേര്‍ 40 വയസ്സില്‍ താഴെയുള്ളവരെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 1970കളില്‍ 40 വയസ്സില്‍ താഴെ ഹൃദ്രോഗം കണ്ടെത്തുന്നത് വളരെ അപൂര്‍വമായിരുന്നു. പുതിയ ഹൃദ്രോഗികളില്‍ 50 ശതമാനം പേരും 50 വയസില്‍ താഴെയുള്ളവരാണ്. ഹൃദ്രോഗം സംബന്ധിച്ച് ഗവേഷണത്തിലേര്‍പ്പെട്ട സന്നദ്ധ സംഘടനയായ കൊറോണറി ആര്‍ട്ടെറി ഡിസീസ് എമംങ് ഏഷ്യന്‍ ഇന്ത്യന്‍സ് (കഡായ്) നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്.

മലയാളിയുടെ ശരാശരി പ്രതീക്ഷിത ആയുസ് 75 വയസാണ്. ദേശീയ ശരാശരിയായ 64നേക്കാള്‍ 11 വര്‍ഷം കൂടുതലാണിത്. സമ്പന്ന രാജ്യമായ അമേരിക്കയുടെ ശരാശരി ആയുസ്സ് 78 ആണ് എന്നതുമായി താരതമ്യം ചെയ്യുമ്പോഴാണ് മലയാളിയുടെ പ്രതീക്ഷിത ആയുസ്സിന്റെ വലുപ്പം വ്യക്തമാവുക. ജീവിത നിലവാരം, ആരോഗ്യ സംരക്ഷണം, സുരക്ഷ, രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവക്ക് മാനദണ്ഡമാക്കുന്നത് പ്രതീക്ഷിത ആയുസാണ്. കേരളത്തിന്റെ വികസന മാതൃകയും ജീവിത നിലവാരവും ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടതും ഇതിന്റെ അടിസ്ഥാനത്തിലാണ്.

എന്നാല്‍, ഹൃദ്രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നത് ഈ നേട്ടങ്ങളെയൊക്കെ തകിടം മറിക്കുകയാണ്. ഉയര്‍ന്ന രക്തസമ്മര്‍ദം, കൊഴുപ്പ്, അമിതവണ്ണം, മദ്യപാനം, പുകവലി, വ്യായാമമില്ലായ്ക, അന്തരീക്ഷ മലിനീകരണം തുടങ്ങിയവയാണ് ചെറുപ്പക്കാരെ ഹൃദ്രോഗികളാക്കുന്നത്. ജോലി സമ്മര്‍ദം രക്ത സമ്മര്‍ദത്തിനും ഇരുന്ന് മാത്രമുള്ള ജോലിയും ഫാസ്റ്റ് ഫുഡും അമിതവണ്ണത്തിനും കാരണമാകുന്നു. സംസ്ഥാനത്ത് ഹൃദ്രോഗം മൂലം മരിക്കുന്ന പുരുഷന്‍മാരില്‍ 60 ശതമാനവും സ്ത്രീകളില്‍ 40 ശതമാനവും 65 വയസിനു താഴെയുള്ളവരാണ്.

അമേരിക്കയില്‍ ഇത് 18 ശതമാനമാണ്. മൂന്ന് പതിറ്റാണ്ടിനിടെ ഇന്ത്യയില്‍ ഹൃദ്രോഗ ബാധിതരുടെ എണ്ണം മൂന്നിരട്ടി വര്‍ധിച്ചതായാണ് കണക്ക്. ഇതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം കേരളമാണ്. മലയാളികളുടെ കൊളസ്‌ട്രോള്‍ നിലവാരം അപകടകരമാംവിധം വര്‍ധിക്കുന്നതായും കെണ്ടത്തിയിരുന്നു. 30 വയസ്സ് എത്തും മുമ്പുതന്നെ കൊളസ്‌ട്രോള്‍ രോഗികളാകുന്നവരുടെ എണ്ണവും 14 വയസ്സ് എത്തും മുമ്പേ അമിത വണ്ണത്തിന് അടിപ്പെടുന്ന കുട്ടികളുടെ എണ്ണവും വര്‍ധിക്കുകയാണ്.

ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ് എന്നിവക്ക് പുറമേ മാംസ ഭക്ഷണത്തെ അമിതമായി ആശ്രയിക്കുന്നതും കൊഴുപ്പ് അടിഞ്ഞുകൂടാന്‍ കാരണമാകുന്നുണ്ട്.

ഇന്ത്യയില്‍ ഏറ്റവുമധികം മാംസാഹാരം ഉപയോഗിക്കുന്ന സംസ്ഥാനം കേരളമാണെന്ന് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടത്തിയ പഠനത്തിലും വ്യക്തമായിരുന്നു. മരുന്നു കഴിക്കുക എന്നല്ല, ജീവിത ശൈലിയില്‍ മാറ്റങ്ങള്‍ വരുത്തുകയും നല്ല വ്യായാമങ്ങള്‍ ചെയ്യുകയുമാണ് ഹൃദ്രോഗത്തെ പ്രതിരോധിക്കാനുള്ള മുഖ്യ മാര്‍ഗമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.