നിലമ്പൂര്‍: സംസ്ഥാന സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് കോളജ് വിദ്യാര്‍ഥിനികള്‍ക്ക് വിതരണം ചെയ്തുവന്നിരുന്ന സി.എച്ച് മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ് മുടങ്ങും.
മുന്‍വര്‍ഷങ്ങളില്‍ തടസമില്ലാതെ വിതരണം ചെയ്തിരുന്ന സ്‌കോളര്‍ഷിപ്പാണ് 2022 വര്‍ഷത്തില്‍ സര്‍ക്കാരിന്റെ പക്കല്‍ ഫണ്ടില്ലെന്ന കാരണത്താല്‍ വിതരണം ചെയ്യാതിരിക്കുന്നത്. ആയിരക്കണക്കിന് വിദ്യാര്‍ഥിനികളാണ് സ്‌കോളര്‍ഷിപ്പിന്റെ ഗുണഭോക്താക്കള്‍.
ബിരുദം മുതല്‍ ഉന്നത പഠനം നടത്തുന്ന മുസ് ലിം, ക്രിസ്ത്യന്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്കാണ് സി.എച്ച് സ്‌കോളര്‍ഷിപ്പ് നല്‍കി വന്നിരുന്നത്. 2022 ല്‍ 11000ത്തിലധികം പെണ്‍കുട്ടികളാണ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിച്ചത്. 7500 പേരെ സ്‌കോളര്‍ഷിപ്പിന് തിരഞ്ഞെടുത്തു. എന്നാല്‍ ആകെ 2681 പേര്‍ക്ക് മാത്രമാണ് ഇതുവരെ തുക വിതരണം ചെയ്തിട്ടുള്ളു. തിരഞ്ഞെടുക്കപ്പെട്ട 4819 വിദ്യാര്‍ഥിനികള്‍ക്ക് ഇനി തുക ലഭിക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. ലഭിക്കാന്‍ സാധ്യതയില്ലെന്ന സൂചനയാണ് അധികൃതര്‍ നല്‍കുന്നത്. ഓഡിറ്റിന്റെ ഭാഗമായി വെബ്‌സൈറ്റ് തടസമായതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം വൈകിയാണ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചത്. ഫെബ്രുവരിയില്‍ തന്നെ മുഴുവന്‍ ബില്ലുകളും ന്യൂനപക്ഷ ക്ഷേമ വകുപ്പ് ട്രഷറിയില്‍ സമര്‍പ്പിച്ചെങ്കിലും 15 ശതമാനം തുകയാണ് പാസാക്കിയത്.
ഇതു പ്രകാരം ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 2681 പേര്‍ക്കാണ് തുക വിതരണം ചെയ്തത്. ബാക്കി ബില്ലുകള്‍ ട്രഷറിയില്‍ സമര്‍പ്പിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധിയായതിനാല്‍ ഫണ്ടില്ലെന്ന് പറഞ്ഞ് ട്രഷറി കൈമലര്‍ത്തുകയായിരുന്നു.
അര്‍ഹരായ പെണ്‍കുട്ടികള്‍ക്കുള്ള രണ്ടുകോടിയോളം രൂപയാണ് വിതരണം ചെയ്യാതെ കിടക്കുന്നത്. ബിരുദ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്ക് വര്‍ഷം 5000 രൂപയും, ബിരുദാനന്തര കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്ക് 6000 രൂപയും, മറ്റു പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്ക് 7000 രൂപയും, ഹോസ്റ്റലുകളില്‍ താമസിച്ച് പഠിക്കുന്നവര്‍ക്ക് പ്രതിവര്‍ഷം 13,000 രൂപയുമാണ് സ്‌കോളര്‍ഷിപ്പ് തുക.
ഒരു സ്‌കോളര്‍ഷിപ്പ് ലഭിച്ചവര്‍ മറ്റു സ്‌കോളര്‍ഷിപ്പ് വാങ്ങാന്‍ പാടില്ലെന്ന വ്യവസ്ഥയുണ്ടായതിനാല്‍ മറ്റു സ്‌കോളര്‍ഷിപ്പുകള്‍ക്കായി കുട്ടികള്‍ക്ക് അപേക്ഷിച്ചിരുന്നുമില്ല.
ഇതോടെ ആയിരക്കണക്കിന് വിദ്യാര്‍ഥിനികള്‍ക്കാണ് സര്‍ക്കാരിന്റെ പിടിപ്പുകേടിനാല്‍ അര്‍ഹമായ സ്‌കോളര്‍ഷിപ്പ് നഷ്ടമാകുന്നത്.
Comments are closed for this post.