തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷത്തിന് നാളെ തുടക്കമാകും. കൊവിഡ് കാലത്തിനു ശേഷമുള്ള അധ്യയന വര്‍ഷത്തെ വരവേല്‍ക്കാന്‍ സംസ്ഥാനത്തെ സ്‌കൂളുകളെല്ലാം ഒരുങ്ങിക്കഴിഞ്ഞു. പുതിയ അധ്യയന വര്‍ഷം 42,90,000 വിദ്യാര്‍ഥികളാണ് പഠനമുറികളിലേയ്‌ക്കെത്തുക. ഇവര്‍ പഠിപ്പിക്കാനായി 1,85,000 അധ്യാപകരും സ്‌കൂളിലെ അനുബന്ധ സഹായങ്ങള്‍ക്കായി 24,798 അനധ്യാപകരും എത്തും.
സംസ്ഥാനതല സ്‌കൂള്‍ പ്രവേശനോത്സവം നാളെ രാവിലെ 9.30 ന് കഴക്കൂട്ടം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കുടിവെള്ള ടാങ്ക്, കിണറുകള്‍, മറ്റു ജലസ്രോതസുകള്‍ എന്നിവയുടെ ശുചീകരണം സ്‌കൂളുകളില്‍ ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്.
പാഠപുസ്തകങ്ങളുടെ അച്ചടിയും വിതരണവും പൂര്‍ത്തിയായി വരുന്നു. മൂന്നു ഭാഗങ്ങളായി ആകെ നാലുകോടി 88 ലക്ഷം പാഠപുസ്തകങ്ങളാണ് 202223 വേണ്ടത്.
സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി മന്ത്രി വി. ശിവന്‍കുട്ടി ഡി.ജി.പി അനില്‍ കാന്തുമായി ചര്‍ച്ച നടത്തി. മന്ത്രിയുടെ ചേംബറിലായിരുന്നു ചര്‍ച്ച. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. സ്‌കൂള്‍ തുറക്കുന്ന ദിവസം റോഡുകളില്‍ തിരക്ക് ഉണ്ടാകുമെന്നും പൊലിസിന്റെ സഹായം അത്യന്താപേക്ഷിതമാണെന്നും മന്ത്രി പറഞ്ഞു.
കുട്ടികളുമായി രക്ഷിതാക്കള്‍ വാഹനങ്ങളില്‍ വരാനുള്ള സാധ്യതയുണ്ട്. ഇത് മുന്നില്‍ കണ്ടുള്ള നടപടി പൊലിസില്‍ നിന്ന് ഉണ്ടാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. നടപടി സ്വീകരിക്കാമെന്ന് ഡി.ജി.പി ഉറപ്പ് നല്‍കി. തൊട്ടടുത്ത പൊലിസ് സ്റ്റേഷന്‍ അധികൃതരുടെ സഹായം തേടാന്‍ പ്രിന്‍സിപ്പല്‍മാരും ഹെഡ് ടീച്ചര്‍മാരും ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.
Comments are closed for this post.