2023 March 23 Thursday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

‘രാജ്യത്ത് സംഘടിത മുസ്‌ലിം വിദ്വേഷം, കൊല്ലുകയും കൊള്ളയടിക്കുകയും ചെയ്യുന്ന നടപടികളെ ബി.ജെ.പി പ്രോത്സാഹിപ്പിക്കുന്നു: അസദുദ്ദീന്‍ ഉവൈസി

ന്യൂഡല്‍ഹി: രാജസ്ഥാന്‍ സ്വദേശികളായ രണ്ട് മുസ്‌ലിം യുവാക്കളെ ഹരിയാനയില്‍ വെച്ച് പശുക്കടത്ത് ആരോപിച്ച് കൊന്ന സംഭവത്തില്‍ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എ.ഐ.എം.ഐ.എം തലവന്‍ അസദുദ്ദീന്‍ ഒവൈസി. ബി.ജെ.പി പശു സംരക്ഷകരെ സംരക്ഷിക്കുകയാണെന്നും ഹരിയാന സര്‍ക്കാര്‍ അതില്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.ജുനൈദിന്റെയും നസീറിന്റെയും മരണം മനുഷ്യത്വരഹിതമാണെന്നും ഉവൈസി പറഞ്ഞു. യുവാക്കളെ കൊലപ്പെടുത്തിയത് ‘ഗോരക്ഷക്’ എന്ന് വിളിക്കപ്പെടുന്ന സംഘമാണെന്നും ഇവരെ ബി.ജെ.പിയും ആര്‍.എസ.്എസും പിന്തുണയ്ക്കുന്നുവെന്നും ഉവൈസി ആരോപിച്ചു.

‘രാജ്യത്ത് ഒരു സംഘടിത മുസ്‌ലിം വിദ്വേഷം നിലനില്‍ക്കുന്നുണ്ട്. കുറ്റാരോപിതര്‍ക്കെതിരെ എന്തെങ്കിലും നടപടിയെടുക്കുമോ ഇല്ലയോ എന്ന് ബിജെപി സര്‍ക്കാരിനോടും പ്രധാനമന്ത്രി മോദിയോടും ചോദിക്കാന്‍ ആഗ്രഹിക്കുന്നു. ഗോരക്ഷകരുടെ വേഷം ധരിച്ച് ആളുകളെ കൊല്ലുകയും കൊള്ളയടിക്കുകയും ചെയ്യുന്ന ഇത്തരം നടപടികളെ ബി.ജെ.പി പ്രോത്സാഹിപ്പിക്കുന്നു, അത്തരക്കാരെ പ്രോത്സാഹിപ്പിക്കുന്നത് അവര്‍ അവസാനിപ്പിക്കണം, ഒവൈസി ആവശ്യപ്പെട്ടു.

രാജസ്ഥാനിലെ ഭരത്പൂര്‍ ജില്ലയിലെ പഹാരി തഹസില്‍ ഘട്മീക ഗ്രാമ വാസികളായ നസീര്‍ (27), ജുനൈദ് എന്ന ജുന (35) എന്നിവരെയാണ് കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പശുക്കടത്ത് ആരോപിച്ച് ബുധനാഴ്ച രാത്രി ഒരുസംഘം ഇവരെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. രാവിലെ ഭിവാനിയിലെ ലോഹറുവില്‍ കത്തിനശിച്ച വാഹനത്തില്‍ ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തിന് പിന്നില്‍ ബജ്‌റങ്ദള്‍ പ്രവര്‍ത്തകരാണെന്ന് നസീറിന്റെയും ജുനൈദിന്റെയും ബന്ധുക്കള്‍ ആരോപിച്ചു.

ഗുരുഗ്രാമില്‍ നിന്നുള്ള ബജ്‌റങ്ദള്‍ അംഗം മോനു മനേസര്‍, നുഹില്‍ നിന്നുള്ള ശ്രീകാന്ത് മറോറ എന്നിവരെ അറസ്റ്റ് ചെയ്യണമെന്നവര്‍ ആവശ്യപ്പെട്ടു. ബന്ധുക്കളുടെ പരാതിയില്‍ അഞ്ച് ബജ്‌റങ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരേ പൊലിസ് കേസെടുത്തു. അന്വേഷണം നടക്കുകയാണെന്നും പ്രതികള്‍ക്കെതിരേ ഗോപാല്‍ഗഡ് പൊലിസ് സ്‌റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഭരത്പൂര്‍ പൊലിസ് പറഞ്ഞു.

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.